നോര്‍ത്ത് കരോലിന: ക്ലബ്ബ് ലോകകപ്പില്‍ വമ്പന്‍ ടീമുകളുടെ വീഴ്ച തുടരുന്നു. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് റണ്ണറപ്പുകളായ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനെ തകര്‍ത്ത് ബ്രസീല്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീല്‍ ടീമിന്റെ ജയം.
ജെര്‍മന്‍ കാനോ, ഹെര്‍കുലീസ് എന്നിവരാണ് ഫ്‌ളുമിനെന്‍സിനായി സ്‌കോര്‍ ചെയ്തത്. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ കീഴടക്കിയ സൗദി ക്ലബ്ബ് അല്‍ ഹിലാലാണ് ക്വാര്‍ട്ടറില്‍ ഫ്‌ളുമിനെന്‍സിന്റെ എതിരാളികള്‍.
കളിയാരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ഇന്ററിനെ ഞെട്ടിച്ച് ഫ്‌ളുമിനെന്‍സ് ലീഡെടുത്തു. ജോണ്‍ ഏരിയാസ് പോസ്റ്റിന്റെ വലതുശത്തു നിന്ന് നല്‍കിയ ക്രോസ് ഇന്റര്‍ താരത്തിന്റെ കാലില്‍ തട്ടി എത്തിയത് ജെര്‍മന്‍ കാനോയുടെ തലപ്പാകത്തിനായിരുന്നു. ഹെഡറിലൂടെ താരം പന്ത് വലയിലാക്കി.
തിരിച്ചടിക്കാന്‍ ഇന്റര്‍ ശ്രമിച്ചെങ്കിലും ഫ്‌ളുമിനെന്‍സ് ഗോള്‍കീപ്പര്‍ ഫാബിയോയുടെ സേവുകള്‍ അവര്‍ക്ക് തിരിച്ചടിയായി. ലൗറ്റാരോ മാര്‍ട്ടിനെസിന്റെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തതോടെ ഇന്ററിന് ഭാഗ്യത്തിന്റെ അകമ്പടിയില്ലെന്ന് വ്യക്തമായി.
ഇതിനിടെ 40-ാം മിനിറ്റില്‍ ഇഗ്നാഷ്യോ ഒളിവറോ ഫ്‌ളുമിനെന്‍സിനായി സ്‌കോര്‍ ചെയ്‌തെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഇന്റര്‍ ഗോള്‍പോസ്റ്റിന് ഇടതുഭാഗത്ത് രൂപപ്പെട്ട അധിക സ്ഥലം ഉപയോഗപ്പെടുത്തി ഹെര്‍ക്കുലീസ് ഫ്‌ളുമിനെന്‍സിന്റെ ജയമുറപ്പിച്ച ഗോള്‍ നേടി.
നേരത്തേ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ കീഴടക്കി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. 120 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു അല്‍ ഹിലാലിന്റെ ജയം.
Content Highlights: Fluiminese defeats Champions League runner-up Inter Milan successful the Club World Cup








English (US) ·