
ഗോൾ നേട്ടം ആഘോഷിക്കുന്ന സുവാരസും മെസ്സിയും
അറ്റ്‌ലാന്റ്: ഫിഫ ക്ലബ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നാടകീയമായി വഴിത്തിരിവിലേക്ക്. ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്‍മാരായ ബൊട്ടാഫോഗോയ്ക്കെതിരേ വിജയം നേടിയിട്ടും ടൂര്‍ണമെന്റില്‍ നിന്ന് അത്ലറ്റിക്കോ മാഡ്രിഡിന് ഹൃദയഭേദകമായ മടക്കം. മറ്റൊരു മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മിയാമിയെ 2-2ന് സമനിലയില്‍ തളയ്ക്കാന്‍ പാല്‍മിറസിനായി. നാല് പോയിന്റുകള്‍ വീതമുണ്ടായിരുന്ന ഇരുടീമുകളും സമനിലയോടെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ടാഡിയോ അലന്‍ഡെയുടെ ആദ്യ ഗോളിലൂടെയും 65-ാം മിനിറ്റില്‍ പരിചയസമ്പന്നനായ ലൂയിസ് സുവാരസിന്റെ മികച്ച ഫിനിഷിലൂടെയും മയാമി 2-0ന് മുന്നിലെത്തി. എന്നാല്‍, ബ്രസീലിയന്‍ വമ്പന്‍മാരായ പാല്‍മിറസ് 80-ാം മിനിറ്റില്‍ പൗളിഞ്ഞോയുടെ ഗോളിലൂടെ മത്സരത്തിന്റെ ചിത്രംമാറ്റി. കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കേ മൗറിസിയോ സമനില ഗോള്‍ നേടുകയും ചെയ്തു. 39-ാം പിറന്നാള്‍ ആഘോഷിക്കുന്ന ലയണല്‍ മെസ്സിക്ക് പക്ഷേ ഗോള്‍ നേടാനായില്ല.
ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തിയ പാല്‍മിറസ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബോട്ടഫോഗോയെ നേരിടും, ഇന്റര്‍ മിയാമി ഗ്രൂപ്പ് ബി ജേതാക്കളായ പിഎസ്ജിയെയും നേരിടേണ്ടി വരും. പിഎസ്ജി 2-0 ന് സിയാറ്റില്‍ സൗണ്ടേഴ്‌സിനെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടിയത്.
വമ്പന്‍ വിജയങ്ങളോടെ മാഞ്ചെസ്റ്റര്‍ സിറ്റിയും യുവന്റസും നേരത്തെ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു. ആദ്യജയത്തോടെ സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡ് നോക്കൗട്ട് റൗണ്ടിനരികെയെത്തി.
ഗ്രൂപ്പ് ജി പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചെസ്റ്റര്‍ സിറ്റി യുഎഇ ക്ലബ് അല്‍ ഐന്‍ എഫ്സിയെയാണ് തകര്‍ത്തത് (60). ഇല്‍കേ ഗുണ്ടോഗന്‍ ഇരട്ടഗോള്‍ (8, 73) നേടി. ക്ലോഡിയോ എച്ചെവെറി (27), എര്‍ലിങ് ഹാളണ്ട് (പെനാല്‍ട്ടി 45), ഒസ്‌കാര്‍ ബോബ് (84), റയാന്‍ ചെര്‍കി (89) എന്നിവരും സ്‌കോര്‍ ചെയ്തു. കളിയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ സിറ്റി 21 ഷോട്ടുകളുതിര്‍ത്തു.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് മൊറോക്കോ ക്ലബ് വെഡാഡ് എഫ്സിയെ തോല്‍പ്പിച്ചു (4-1). കെനെന്‍ യില്‍ഡിസ് യുവന്റസിനായി ഇരട്ടഗോള്‍ (16, 69) നേടി. ദുസാന്‍ വ്‌ലാഹോവിച്ചും (പെനാല്‍ട്ടി 90) സ്‌കോര്‍ ചെയ്തു. അബ്ദെല്‍മൗനെയം ബൗട്ടൗലിന്റെ സെല്‍ഫ് ഗോളും ടീമിന് ലഭിച്ചു. വെഡാഡിനായി തെംബിന്‍കോസി ലോര്‍ച്ച് (25) സ്‌കോര്‍ചെയ്തു. രണ്ടു കളിയില്‍നിന്ന് ആറുപോയിന്റുമായാണ് സിറ്റിയും യുവന്റസും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഒരുറൗണ്ട് ബാക്കിനില്‍ക്കെ അല്‍ ഐനും വെഡാഡിനും പോയിന്റ് നേടാനായിട്ടില്ല. റയലിന്റെ തിരിച്ചുവരവ്
ആദ്യകളിയില്‍ സൗദി ക്ലബ് അല്‍ ഹിലാലിനോട് സമനിലയില്‍ കുരുങ്ങിയ റയല്‍ മഡ്രിഡ് മികച്ച ജയത്തോടെ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. മെക്‌സിക്കന്‍ ക്ലബ് പച്ചുക്കയെയാണ് തോല്‍പ്പിച്ചത് (3-1). റയലിനായി ജൂഡ് ബെല്ലിങ്ങാം (35), അര്‍ദെ ഗുലെര്‍ (43), ഫെഡറിക്കോ വാല്‍വെര്‍ദെ (70) എന്നിവര്‍ ഗോള്‍ നേടി. പച്ചുക്കയ്ക്കായി എല്യാസ് മോണ്ട്യല്‍ (80) ലക്ഷ്യംകണ്ടു.
Content Highlights: FIFA Club World Cup 2025: Miami, PSG done to past 16; Atletico clang out








English (US) ·