ക്ലാസിക് ഷോട്ടുകൾക്ക് അമ്പരപ്പിക്കും ടൈമിങ്ങിന്റെ പൂർണത, സച്ചിന്റെ വിരമിക്കലിനിടെ ടെസ്റ്റ് അരങ്ങേറ്റം; മഹാവിജയങ്ങളിൽ അമരക്കാരൻ !

8 months ago 10

പരിശീലനത്തിനു വരുമ്പോൾ ബാറ്റ് എടുക്കാൻ മറക്കുന്ന അലസതയുടെ ആൾരൂപമെന്നോ ക്രിക്കറ്റിൽ എഴുതപ്പെട്ട എല്ലാ ഷോട്ടുകളും അതിന്റെ സാങ്കേതികത്തികവോടെയും ആവിഷ്കാര പ്രൗഢിയോടെയും കളിക്കാൻ സാധിക്കുന്ന ബാറ്ററെന്നോ, ഒരു ബൗണ്ടറി നേടുന്ന ലാഘവത്തോടെ ഒന്നിനു പിറകേ ഒന്നായി ഇരട്ട സെഞ്ചറികൾ നേടുന്ന അമാനുഷികൻ എന്നോ രോഹിത് ഗുരുനാഥ് ശർമയെ നിങ്ങൾക്കു വിശേഷിപ്പിക്കാം. മുംബൈയിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച് ലോക ക്രിക്കറ്റിലെ ഹിറ്റ്മാനായി മാറിയ രോഹിത്തിന്റ അധ്യായം എഴുതിച്ചേർക്കാതെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം പൂർണമാകില്ല. ക്ലാസിക് ഷോട്ടുകൾക്ക് അമ്പരപ്പിക്കുന്ന ടൈമിങ് നൽകുന്ന പൂർണതയാണ് രോഹിത്തിന്റെ ഇന്നിങ്സുകളെന്നു പൊതുവേ പറയാറുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിനു പക്ഷേ രോഹിത് അത്തരമൊരു ‘ടൈമിങ്’ വേണ്ടെന്നു വച്ചു; ആരും പ്രതീക്ഷിക്കാത്തൊരു സമയത്ത്, ഐപിഎലിന്റെ നല്ലനേരത്തായി ഇന്ത്യൻ ക്യാപ്റ്റന്റെ വിരമിക്കൽ.

∙ ഓഫ് സ്പിന്നറായി തുടക്കം

രോഹിത് ശർമയെ ക്രിക്കറ്ററായി കാണാൻ ഏറ്റവുമധികം ആഗ്രിച്ചത് അച്ഛൻ ഗുരുനാഥ് ശർമയും കുടുംബവുമായിരുന്നു. വീടിനടുത്തു പരിശീലനത്തിനു സൗകര്യമില്ലാത്തതിനാൽ 12–ാം വയസ്സുമുതൽ ബോറിവ്‌ലിയിലെ മുത്തച്ഛനൊപ്പമാണ് രോഹിത് വളർന്നത്. ബോറിവ്‌ലിയിൽ ക്രിക്കറ്റ് ക്യാംപ് നടത്തിയിരുന്ന ദിനേശ് ലാഡായിരുന്നു രോഹിത്തിന്റെ ആദ്യ പരിശീലകൻ.  ഓഫ് സ്പിന്നിൽ രോഹിത്തിനുള്ള വൈഭവം തുടക്കത്തിലേ ശ്രദ്ധിച്ച ദിനേശ്, നെറ്റ്സിൽ രോഹിത്തിന് ബാറ്റിങ്ങിന് കാര്യമായ അവസരം നൽകിയില്ല. പകരം ബോളിങ്ങിലായിരുന്നു ശ്രദ്ധ മുഴുവൻ. വളരെ പെട്ടെന്നു തന്നെ ജൂനിയർ ക്രിക്കറ്റിലെ സൂപ്പർ സ്പിന്നറായി രോഹിത് പേരെടുത്തു. 4 വർഷം കഴിഞ്ഞപ്പോൾ, മുംബൈ അണ്ടർ 17 ക്രിക്കറ്റ് ടൂർണമെന്റിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ, മുംബൈയ്ക്കു പുറത്തേക്കും രോഹിത് അറിയപ്പെട്ടു തുടങ്ങി.

 INDRANILMUKHERJEE/AFP

രവീന്ദ്ര ജഡേജയും രോഹിത് ശർമയും. Photo: INDRANILMUKHERJEE/AFP

∙ ബാറ്റിങ്ങിലേക്കുള്ള വരവ്

ഒരു ദിവസം ബോളിങ് പരിശീലനത്തിനു ശേഷം നെറ്റ്സിൽ ബാറ്റിങ് ഷാഡോ പ്രാക്ടീസ് ചെയ്യുന്ന രോഹിത്തിനെ ദിനേശ് ശ്രദ്ധിച്ചു. രോഹിത്തിനുള്ളിൽ ഒരു ബാറ്റർ കൂടിയുണ്ടെന്ന് അന്നാണ് ദിനേശ് തിരിച്ചറിഞ്ഞത്. അതോടെ രോഹിത്തിനു ബാറ്റിങ് പരിശീലനംകൂടി ഉറപ്പാക്കാൻ ദിനേശ് തീരുമാനിച്ചു. ഒരു വർഷത്തിനുള്ളിൽ അണ്ടർ 17 ടൂർണമെന്റിലെ മികച്ച ബാറ്ററായി രോഹിത് മാറി.   2007ൽ അയർലൻഡിനെതിരായ മത്സരത്തിലൂടെയായിരുന്നു രോഹിത്തിന്റെ രാജ്യാന്തര അരങ്ങേറ്റം. പിന്നാലെ 2007ലെ ട്വന്റി20 ലോകകപ്പ് ടീമിലും രോഹിത് ഇടംപിടിച്ചു. എന്നാൽ ലോകകപ്പിലെ തുടക്കത്തിൽ രോഹിത്തിന് അവസരം ലഭിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ, യുവരാജ് സിങ് പരുക്കുമൂലം പുറത്തായപ്പോൾ പകരക്കാരനായാണ് രോഹിത് ലോകകപ്പിൽ അരങ്ങേറിയത്.  

2013ൽ ഇംഗ്ലണ്ടിനെതിരെ മൊഹാലിയിൽ നടന്ന മത്സരത്തിലൂടെയാണ് ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ ഓപ്പണറായി അരങ്ങേറുന്നത്. രോഹിത്തിന്റെ കരിയറിന്റെ രണ്ടാം അധ്യായത്തിന്റെ തുടക്കം അവിടെവച്ചു തന്നെ. പിന്നാലെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലും രോഹിത് ഓപ്പണറായി അരങ്ങേറി. ടൂർണമെന്റ് ഇന്ത്യ ജയിച്ചതോടെ ടീമിന്റെ ഭാഗ്യ ഓപ്പണറായി രോഹിത് മാറി. വീരേന്ദർ സേവാഗിന് പകരക്കാരൻ എന്നരീതിയിൽ ബ്രാൻഡ് ചെയ്യപ്പെട്ടതും രോഹിത്തിന് അനുഗ്രഹമായി. പിന്നാലെ 2015 ഏകദിന ലോകകപ്പിലും 2019, 2023 ഏകദിന ലോകകപ്പുകളിലും ഓപ്പണർ റോളിൽ രോഹിത് തിളങ്ങി. 2019ൽ ഓപ്പണറായി 5 സെഞ്ചറികൾ നേടിയ രോഹിത്തിന്റെ പ്രകടനം ഇപ്പോഴും തകർക്കപ്പെടാത്ത റെക്കോർഡാണ്.

CRICKET-IND-NZL-TEST

രോഹിത് ശർമ

∙ ദ് ഹിറ്റ്മാൻ

2013 നവംബർ 2ന് ബെംഗളൂരുവിൽ വച്ച് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ചറി നേടിയതോടെയാണ് രോഹിത് ശർമയെ ഹിറ്റ്മാൻ എന്നു ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചു തുടങ്ങിയത്. സച്ചിൻ തെൻഡുൽക്കർക്കും വീരേന്ദർ സേവാഗിനും ശേഷം ഏകദിനത്തിൽ ഇരട്ട സെഞ്ചറി നേടുന്ന താരമായി രോഹിത് മാറി. പിന്നാലെ പിന്നാലെ 2014ലും 2017ലും ശ്രീലങ്കയ്ക്കെതിരെ ഇരട്ട സെഞ്ചറി നേടിയ രോഹിത്, ഏകദിന ക്രിക്കറ്റിൽ ഒന്നിലധികം ഇരട്ട സെഞ്ചറിയുള്ള ഏക താരമായി മാറി. ഇതിൽ 2014ൽ ശ്രീലങ്കയ്ക്കെതിരെ 173 പന്തിൽ നേടിയ 264 റൺസ് സർവകാല റെക്കോർഡാണ്.

2013 നവംബറിൽ സച്ചിൻ തെൻഡുൽക്കറുടെ വിടവാങ്ങൽ പരമ്പരയിലാണു രോഹിത് ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നേടിയത് 177 റൺസ്. അരങ്ങേറ്റ ടെസ്റ്റിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവുമുയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറായി ഇത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ 111 റൺസ് നേടി പുറത്താകാതെ നിന്നതോടെ രോഹിത് ശർമയുടെ ‘സ്വാഭാവികമായ കളി’ അംഗീകരിക്കപ്പെട്ടു. എന്നാൽ, 2017–18 കാലത്തു ടെസ്റ്റ് ക്രിക്കറ്റിൽനിന്നു മാറ്റിനിർത്തപ്പെട്ട രോഹിത്തിനെ തിരികെ ടീമിലേക്കു വിളിച്ച അന്നത്തെ ചീഫ് സിലക്ടർ എംഎസ്കെ പ്രസാദ് പറഞ്ഞു: ‘‘രോഹിത് ശർമയുടെ കല‍ർപ്പില്ലാത്ത ബാറ്റിങ് ഇന്ത്യൻ ടീമിനു നേട്ടമുണ്ടാക്കും. സ്വാഭാവികമായ ശൈലിയാണത്’’.

വിരാട് കോലിയും രോഹിത് ശർമയും ന്യൂസീലൻഡിന് എതിരായ മത്സരത്തിനിടെ. (Photo by Punit PARANJPE / AFP) --

വിരാട് കോലിയും രോഹിത് ശർമയും ന്യൂസീലൻഡിന് എതിരായ മത്സരത്തിനിടെ. (Photo by Punit PARANJPE / AFP) --

പിന്നീട് ടെസ്റ്റിലും ഇരട്ടസെ‍ഞ്ചറി കുറിച്ച രോഹിത് ഇന്ത്യൻ ടീമിന്റെ നിത്യസാന്നിധ്യമായി; ക്യാപ്റ്റനായി; മഹാവിജയങ്ങളുടെ അമരക്കാരനുമായി. ടെസ്റ്റ് ടീമിൽനിന്നു വിരമിക്കൽ പ്രഖ്യാപിക്കുമ്പോഴും ആരാധകർക്കു ഹിറ്റ്മാനെ പൂർണമായി മിസ് ചെയ്യുന്നില്ല എന്നാശ്വസിക്കാം! ഇന്ത്യയുടെ ഏകദിന ജഴ്സിയിൽ ഇനിയുമൊരങ്കത്തിനുള്ള ബാല്യം രോഹിത് ശർമയ്ക്കുണ്ടല്ലോ!

English Summary:

Rohit Sharma announces status from trial cricket

Read Entire Article