ക്ലാസിക്കൽ ചെസ്സിന് കാൾസന്റെ ചെക്ക്; അത്ര ഫ്രീയല്ല ഫ്രീസ്‌റ്റൈല്‍ ചെസ്സ്

9 months ago 6

രമ്പരാഗത ചെസ് നിയമങ്ങളെ അട്ടിമറിക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കരുനീക്കങ്ങളിലാണ് മാഗ്നസ് കാള്‍സന്‍. ചെസ് ലോകത്തെ പിളര്‍പ്പിലേക്ക് നയിക്കുന്നതാണ് കാള്‍സന്റെ നീക്കങ്ങളെന്ന് ആശങ്കയും ഉയരുകയാണ്.

ലോക ചെസ് ഫെഡറേഷനുമായി (ഫിഡെ) വേര്‍പിരിഞ്ഞ് വിഖ്യാത റഷ്യന്‍ ഗ്രാന്റ്മാസ്റ്റര്‍ ഗാരി കാസ്പറോവ് പ്രൊഫഷണല്‍ ചെസ് അസോസിയേഷന്‍ (പി.സി.എ.) രൂപവത്കരിച്ചത് 1993-ലാണ്. ലോക ചാമ്പ്യനായിരുന്ന കാസ്പറോവും ചാലഞ്ചര്‍ നിഗല്‍ ഷോട്ടും തമ്മില്‍ നടക്കേണ്ടിയിരുന്ന ലോക ചാമ്പ്യന്‍ഷിപ്പ് വേദിയെക്കുറിച്ചുള്ള തര്‍ക്കമാണ് ചെസ് ലോകത്തെ പിളര്‍പ്പിലേക്ക് നയിച്ചത്. ഫിഡെയും നിലവിലെ ചാമ്പ്യനും കാന്‍ഡിഡേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച എതിരാളിയും ചേര്‍ന്നാണ് ലോക ചാമ്പ്യന്‍ഷിപ്പ് വേദി നിശ്ചയിക്കേണ്ടത്. എന്നാല്‍, ഫിഡെ പ്രസിഡന്റായിരുന്ന ഫ്‌ളോറന്‍സിയൊ കൊംപൊമാനസ് നിയമം ലംഘിച്ചെന്നാരോപിച്ച് കാസ്പറോവും ഷോട്ടും രംഗത്തെത്തി. ഇരുവരും ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറി. പി.സി.എ. രൂപവത്കരിച്ച് ചാമ്പ്യന്‍ഷിപ്പ് നടത്തി. അതോടെ ലോക ചെസ് രംഗം രണ്ടായി പിളര്‍ന്നു. ഇരുവിഭാഗത്തിനും വ്യത്യസ്ത ലോക ചാമ്പ്യന്‍ഷിപ്പുകളും ലോക ചാമ്പ്യന്മാരുമുണ്ടായി. പിന്നീട് 2006-ലാണ് ഫിഡെയും പി.സി.എ.യും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒരുമിക്കുന്നത്.

ഗാരി കാസ്പറോവ്

സമാനമായ സ്ഥിതിവിശേഷമാണ് ലോക ചെസ്സില്‍ വീണ്ടും സംജാതമായിരിക്കുന്നത്. ഇത്തവണ നോര്‍വേയുടെ ചെസ് ഇതിഹാസവും ലോക ഒന്നാം നമ്പറുമായ മാഗ്നസ് കാള്‍സനാണ് ഫിഡെയെ വെല്ലുവിളിക്കുന്ന നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ക്ലാസിക്കല്‍ ചെസിന് വെല്ലുവിളിയായി ഫ്രീസ്‌റ്റൈല്‍ ചെസ്സിനെ (ചെസ് 960) ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിനാണ് കാള്‍സന്‍ തുടക്കം കുറിച്ചിരിക്കുന്നത്.

ചെസ് താരങ്ങളുടെ ശക്തി വെളിവാക്കുന്ന എലോ റേറ്റിങ്ങ് അനുസരിച്ച് ലോകം ഇതുവരെ കണ്ട ഏറ്റവും കരുത്തനായ താരമാണ് കാള്‍സന്‍. 2882 ആയിരുന്നു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന എലോ പോയിന്റ്. ഇതിനടുത്തെത്താന്‍പോലും മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടില്ല. നോര്‍വ്വെ താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ കരുത്തുള്ള താരങ്ങള്‍ ഇന്ന് നിലവിലില്ലെന്നതാണ് വാസ്തവം. അതിന്റേതായ താന്‍പോരിമയും കാള്‍സന്‍ പുറത്തെടുക്കുന്നുണ്ട്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച് 2013-ലാണ് കാള്‍സന്‍ ലോകചാമ്പ്യനായത്. തുടര്‍ന്ന് 2014-ല്‍ ആനന്ദിനെയും 2016-ല്‍ റഷ്യയുടെ സെര്‍ജി കര്‍ജാകിനെയും 2018-ല്‍ അമേരിക്കയുടെ ഫാബിയൊ കരുവാനയേയും 2021-ല്‍ റഷ്യയുടെ ഇയാന്‍ നെപൊംനിയാംഷിയേയും കീഴടക്കി കിരീടം നിലനിര്‍ത്തി.

എന്നാല്‍ 2023-ലെ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് കാള്‍സന്‍ പിന്‍മാറി. കാന്‍ഡിഡേറ്റ് മത്സരങ്ങളില്‍ ജയിച്ചുവന്ന താരം ലോകചാമ്പ്യനെ ഫൈനലില്‍ നേരിടുന്ന ചാമ്പ്യന്‍ഷിപ്പ് ഫോര്‍മാറ്റിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കാള്‍സന്‍ കാരണമായി ചൂണ്ടിക്കാട്ടിയത്. ക്ലാസിക്കല്‍ ചെസ് കളിക്കാനുള്ള പ്രചോദനം തനിക്ക് നഷ്ടമായെന്ന് കാള്‍സന്‍ സൂചിപ്പിച്ചിരുന്നു. പ്രാരംഭനീക്കങ്ങളിലെ പ്രവചനീയത മടുപ്പുളവാക്കുന്നതായി കാള്‍സന്‍ പറയുന്നു. ഇത്തവണ ഫിഡെയുടെ ലോക റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിനിടേയും കാള്‍സന്‍ ഫിഡെയുമായി ഇടഞ്ഞിരുന്നു. റാപ്പിഡ് മത്സരം കളിക്കാന്‍ ഡ്രസ് കോഡ് പാലിക്കാതെ ജീന്‍സ് ധരിച്ചെത്തിയ കാള്‍സനെ സംഘാടകര്‍ പുറത്താക്കി. തുടര്‍ന്ന് കാള്‍സന്‍ റാപ്പിഡ് മത്സരത്തില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ഭാവിയില്‍ ഫിഡെയുടെ മത്സരങ്ങള്‍ക്കില്ലെന്നും കാള്‍സന്‍ വ്യക്തമാക്കി. ഡിസംബറില്‍ ദോഹയില്‍ നടക്കുന്ന ഫിഡെ റാപ്പിഡ് ആന്റ് ബ്ലീറ്റ്‌സ് ലോകചാമ്പ്യന്ഷിലും മത്സരിക്കില്ല. ഫ്രീസ്‌റ്റൈല്‍ ചെസിലേക്കുള്ള കാള്‍സന്റെ ചുവടുമാറ്റത്തിന്റെ സൂചനയായിരുന്നു ഇതെല്ലാമെന്ന് കണാവുന്നതാണ്.

കളം പിടിക്കാന്‍ ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്‍സ്ലാം ടൂര്‍

ജര്‍മന്‍ വ്യവസായി ഹെന്റ്‌റിക് ബ്യൂട്ടന്റുമായി ചേര്‍ന്ന് കാള്‍സന്‍ തുടക്കമിട്ട വന്‍സമ്മാനത്തുകയുള്ള 'ഫ്രീസ്‌റ്റൈല്‍ ചെസ് ഗ്രാന്‍സ്ലാം ടൂര്‍' ഭാവിയില്‍ ക്ലാസിക്കല്‍ ചെസ്സിന് വലിയ ഭീഷണിയാവുമെന്നാണ് സൂചന. ഒരുവര്‍ഷം അഞ്ചു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളാണ് ടൂറില്‍ നടക്കുക. എല്ലാ ലഗ്ഗിലുമായി ഏറ്റവുമധികം പോയിന്റ് നേടുന്ന താരം ഫ്രീസ്‌റ്റൈല്‍ ചെസ് ചാമ്പ്യനാവും. ആകെ ഏഴരലക്ഷം ഡോളര്‍ ഓരോ ടൂര്‍ണമെന്റിലേയും സമ്മാനത്തുക. ഒന്നാം സ്ഥാനക്കാരന് രണ്ടുലക്ഷം ഡോളര്‍ ലഭിക്കും.

ഫിഡെയുമായി സഹകരിച്ച് ഗ്രാന്‍സ്ലാം ടൂര്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ഫിഡെയുമായി ധാരണയിലെത്താന്‍ സംഘാടകരായ ഫ്രീസ്‌റ്റൈല്‍ ചെസ് ഓപ്പറേഷന്‍സിന് കഴിഞ്ഞില്ല. ടൂര്‍ ജേതാവിനെ ലോക ഫ്രീസ്‌റ്റൈല്‍ ചാമ്പ്യനായി പ്രഖ്യാപിക്കാനുള്ള തീരുമാനമാനമാണ് ഫിഡെയുടെ കടുത്ത എതിര്‍പ്പിനിടയാക്കിയത്. ഗ്രാന്‍സ്ലാം ടൂറില്‍ പങ്കെടുക്കുന്നവരെ വിലക്കുമെന്നുവരെ ഫിഡെയുടെ ഭീഷണിയുണ്ടായി. ഒടുവില്‍ ടൂര്‍ ജേതാവിനെ ഫ്രീസ്‌റ്റൈല്‍ ചാമ്പ്യന്‍ എന്ന് വിശേഷിപ്പിക്കാന്‍ സംഘാടകര്‍ക്ക് സമ്മതിക്കേണ്ടിവന്നു. ഇതോടെ ഇരുകൂട്ടരും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കയാണ്.

ടൂറിലെ ആദ്യപാദം ഫെബ്രുവരി 7 മുതല്‍ 12 വരെ ജര്‍മ്മനിയിലെ വാങ്കല്‍സിലാണ് നടന്നത്. ജര്‍മ്മനിയുടെ വിന്‍സെറ്റ് കെയ്മര്‍ ജേതാവായപ്പോള്‍ അമേരിക്കയുടെ ഫാബിയോ കരുവാന രണ്ടാം സ്ഥാനവും കാള്‍സന്‍ മൂന്നാം സ്ഥാനവും നേടി.രണ്ടാം ടൂര്‍ ഏപ്രില്‍ എട്ടു മുതല്‍ 15 വരെ പാരീസിലാണ് നടക്കുന്നത്. മൂന്നാമത്തേത് ജൂലായില്‍ ന്യൂയോര്‍ക്കിലും നാലാമത്തേത് സെപ്റ്റംബറില്‍ ഡല്‍ഹിയിലും അഞ്ചാമത്തേത് ഡിസംബറില്‍ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണിലുമാണ്. ഇന്ത്യയില്‍നിന്ന് ലോക ചാമ്പ്യന്‍ ഡി. ഗുകേഷ്, ലോക നാലാം നമ്പര്‍ അര്‍ജുന്‍ എരിഗാസി, ആര്‍.പ്രഗ്‌നാനന്ദ, വിദിത് ഗുജറാത്തി എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ആനന്ദും കളിക്കാരുടെ പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറി. ഫിഡെയുടെ ചെസ് 960 ചാമ്പ്യന് ഹികാരു നകാമുറയും ടൂറിന്റെ ഭാഗമാവില്ല.

ബോബി ഫിഷറിന്റെ ചെസ് 960

അരക്കിറുക്കനായി അറിയപ്പെട്ടിരുന്ന അമേരിക്കന്‍ ചെസ് ജീനിയസ് ബോബി ഫിഷറാണ് ചെസ് 960 ഗെയ്മുമായി (ഫിഷര്‍ റാന്‍ഡം ചെസ്) 1996-ല്‍ രംഗത്തെത്തിയത്. ലോക ചെസില്‍ സോവിയറ്റ് യൂണിയന്റെ ആധിപത്യം തകര്‍ത്ത താരമാണ് ഫിഷര്‍. 1972-ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ ബോറിസ് സ്പാസ്‌കിയെ തോല്‍പ്പിച്ച് ഫിഷര്‍ ജേതാവായി. എന്നാല്‍, കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍നിന്ന് ഫിഷര്‍ പിന്മാറി. കളിക്കളത്തില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും അമേരിക്കന്‍ താരം ഏറെക്കുറേ അപ്രത്യക്ഷനായി. പിന്നീട് 1992-ല്‍ സ്പാസ്‌കിയുമായി യൂഗോസ്ലാവിയയില്‍ ലോകചാമ്പ്യന്‍ഷിപ്പ് റീ മാച്ചുമായി ഫിഷര്‍ തിരിച്ചെത്തി. ഏറെ വിവാദം സൃഷ്ടിച്ച മത്സരത്തില്‍ ഫിഷര്‍ വിജയം നേടി. ഇതിനുശേഷമാണ് ചെസില്‍ പുതിയൊരു വകഭേദത്തിന് ഫിഷര്‍ രൂപംകൊടുത്തത്. പ്രാരംഭനീക്കങ്ങളില്‍ മുന്നൊരുക്കത്തിന്റെ പ്രാധാന്യം കുറക്കുകയായിരുന്നു ലക്ഷ്യം. ചെസ് 960 ഗെയ്മിനായി നിയമങ്ങള്‍ ആവിഷ്‌കരിച്ചതും ഫിഷറാണ്. ഫിഡെ 2008-ല്‍ ചെസ് നിയമങ്ങളുടെ അനുബന്ധത്തില്‍ ചെസ് 960 ഉള്‍പ്പെടുത്തി. 2019-ല്‍ ലോക ഫിഷര്‍ റാന്‍ഡം ചെസ് ചാമ്പ്യന്‍ഷിപ്പ് നടത്തുകയും ചെയ്തു. വെസ് ലി സോ ചാമ്പ്യനായി. 2022-ല്‍ ഹികാരു നകാമുറ ജേതാവായി. ഇതിനിടയിലാണ് ഗ്രാന്‍സ്ലാം ടൂറുമായി കാള്‍സന്‍ കടന്നുവരുന്നത്.

ബോബി ഫിഷര്‍

അത്ര ഫ്രീയല്ല, ഫ്രീസ്‌റ്റൈല്‍

ക്ലാസിക്കല്‍ ചെസ്സില്‍നിന്ന് പാടെ വ്യത്യസ്തമായിരിക്കും ഫ്രീസ്‌റ്റൈല്‍ ചെസിലെ പ്രാരംഭനീക്കങ്ങള്‍. സാധാരണ ചെസില്‍ കളി തുടങ്ങുമ്പോള്‍ കരുക്കളുടെ സ്ഥാനം സ്ഥിരമായിരിക്കും. എന്നാല്‍, ഫ്രീസ്‌റ്റൈലില്‍ ഓരോ ഗെയ്മിലും കാലാള്‍ ഒഴികെ മറ്റ് കരുക്കളെല്ലാം വ്യത്യസ്ത സ്ഥാനങ്ങളിലാവും. ആകെ 960 രീതിയില്‍ കളിയുടെ പ്രാരംഭ കരുനില ക്രമീകരിക്കാന്‍ കഴിയും. ഇതുകൊണ്ടാണ് 'ചെസ് 960' എന്ന് ഈ വകഭേദം അറിയപ്പെടുന്നത്. വെള്ളക്കരുക്കളും കറുത്ത കരുക്കളും പ്രാരംഭത്തില്‍ ഒരുപോലെത്തന്നെയായിരിക്കും അണിനിരന്നിട്ടുണ്ടാവുക. രണ്ടു ബിഷപ്പുകളില്‍ ഒന്ന് കറുപ്പ് കളത്തിലും ഒന്ന് വെളുത്ത കളത്തിലുമായിരിക്കണം. രണ്ടു തേരുകളില്‍ ഒന്ന് രാജാവിന്റെ ഇടതുഭാഗത്തും ഒന്ന് വലതുഭാഗത്തുമായിരിക്കണം. ഇരുഭാഗത്തേക്കും കാസ്ലിങ്ങിന് ഇതുവഴി സാധ്യത തെളിയും.

960 പൊസിഷനുകളില്‍ ഓരോ പൊസിഷനിനും കോഡ് ഉണ്ട്. മത്സരം തുടങ്ങുന്നതിന് മുമ്പ് നറുക്കെടുപ്പിലൂടേയും മറ്റും ഒരു പൊസിഷന്‍ തിരഞ്ഞെടുക്കും. അതുകൊണ്ട് ഗെയ്മിന്റെ പ്രാരംഭ കരുനില എങ്ങനെയെന്ന് കളിക്കാര്‍ക്ക് മുന്‍കൂട്ടി അറിയാനാവില്ല.

ക്ലാസിക്കല്‍ ഗെയ്മില്‍ പ്രാരംഭ കരുനില ഒരേ പോലെയായതുകൊണ്ട് ഓപ്പണിങ്ങുകള്‍ മനഃപാഠമാക്കിയാണ് താരങ്ങള്‍ കളിക്കാനെത്തുക. അതുകൊണ്ട് തുടക്കത്തില്‍ കൂടുതല്‍ ചിന്തിക്കാതെ വേഗത്തില്‍ കരുനീക്കങ്ങള്‍ നടത്താന്‍ കളിക്കാര്‍ക്ക് കഴിയുന്നു. എന്നാല്‍, ഫ്രീസ്‌റ്റൈലില്‍ ഇതിന് സാധ്യതയില്ല. 960 പ്രാരംഭനിലകളിലെ ഓപ്പണിങ്ങുകള്‍ മനഃപാഠമാക്കി തയ്യാറെടുക്കുക അസാധ്യമാണ്. കളിയില്‍ നൂതനമായ ആശയങ്ങള്‍ക്കും നീക്കങ്ങള്‍ക്കും സാധ്യത തെളിയും. സ്വാഭാവിക പ്രതിഭയുള്ള താരങ്ങള്‍ക്കേ ഫ്രീസ്‌റ്റൈലില്‍ തിളങ്ങാനാവൂ.

Content Highlights: Chess fable Magnus Carlsen challenges FIDE with Freestyle Chess

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article