Published: July 08 , 2025 09:58 AM IST
2 minute Read
ഒരു ദിവസത്തേക്ക് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാവാൻ അവസരം ലഭിച്ച നായകന്റെ കഥയാണ് തമിഴ് സിനിമയായ ‘മുതൽവൻ’ പറയുന്നത്. ഭരണപരമോ രാഷ്ട്രീയപരമോ ആയ ഒരു പരിചയവും ഇല്ലാത്ത നായകൻ ഈ ചുമതല എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. 5 മത്സര ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്കു വിമാനം കയറുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഏറക്കുറെ ഇതേ അവസ്ഥയിലായിരുന്നു.
രാജ്യാന്തര മത്സരങ്ങളിൽ ടീമിനെ നയിച്ചു ശീലമില്ലാത്ത, ഐപിഎൽ ഒഴിച്ചുനിർത്തിയാൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും സ്ഥിരമായി ഒരു ടീമിന്റെ നായകനായിട്ടില്ലാത്ത ഇരുപത്തിയഞ്ചുകാരൻ ഗില്ലിനെ ഇന്ത്യൻ ടീമിന്റെ നേതൃസ്ഥാനത്തു പ്രതിഷ്ഠിക്കുമ്പോൾ ടീം മാനേജ്മെന്റിനുള്ളിൽ പോലും രണ്ടഭിപ്രായം ഉണ്ടായിരുന്നു. ആദ്യ ടെസ്റ്റിൽ ഗംഭീരതുടക്കം ലഭിച്ചിട്ടും ടീം തോൽവി നേരിട്ടതോടെ ഗില്ലിന്റെ ക്യാപ്റ്റൻസി രൂക്ഷ വിമർശനത്തിന് ഇരയായി. എന്നാൽ അവർക്കെല്ലാമുള്ള മറുപടി രണ്ടാം ടെസ്റ്റിൽ ഗിൽ നൽകി, ബാറ്റ് കൊണ്ടും ക്യാപ്റ്റൻസി കൊണ്ടും. വിലയിരുത്തലിനും വിധിനിർണയത്തിനും സമയമായിട്ടില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റിലെ ‘ഗിൽ യുഗത്തിനാണ്’ എജ്ബാസ്റ്റനിൽ തുടക്കമായതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.
വീഴ്ചയും വാഴ്ചയും
ഇന്ത്യൻ യുവതാരങ്ങളിൽ ഏറ്റവും ടാലന്റ് ഉള്ള കളിക്കാരൻ ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്നു ചിന്തിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നൽകിയ ഉത്തരം ശുഭ്മൻ ഗിൽ എന്നായിരുന്നു. വിരാട് കോലിക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ എന്ന വാഴ്ത്തുപാട്ടുകൾക്കിടയിലും വിദേശ പിച്ചുകളിൽ മികവു തെളിയിക്കാൻ സാധിക്കാതിരുന്നത് ഗില്ലിനെ അലട്ടിയിരുന്നു.
ഈ പരമ്പരയ്ക്കു മുൻപ് ഇംഗ്ലണ്ടിൽ ഗില്ലിന്റെ ടെസ്റ്റ് ശരാശരി 25ൽ താഴെയായിരുന്നു. പേസ് ബോളറായ ഭുവനേശ്വർ കുമാറിനു പോലും ഇംഗ്ലണ്ടിൽ 25നു മുകളിൽ ബാറ്റിങ് ശരാശരി ഉണ്ടെന്നിരിക്കെ, ഇന്ത്യൻ നായകന്റെ ബാറ്റിങ് പ്രകടനത്തെ പലരും പരിഹസിച്ചു. എന്നാൽ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ടു സെഞ്ചറിയും ഒരു ഇരട്ട സെഞ്ചറിയുമടക്കം 146.25 ശരാശരിയിൽ ഗിൽ നേടിയത് 585 റൺസ്. പരമ്പരയിൽ 3 മത്സരങ്ങൾ കൂടി ശേഷിക്കെ, ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ 1000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ റെക്കോർഡാണ് ഗില്ലിനെ കാത്തിരിക്കുന്നത്.
ക്ലാസ് & മാസ്ക്ലാസിക്കൽ ഷോട്ടുകളെ മാത്രം ആശ്രയിച്ച് മാസ് പരിവേഷമുള്ള ഇന്നിങ്സുകൾ കളിക്കാൻ സാധിക്കുന്നു എന്നതാണ് ഗില്ലിന്റെ ഏറ്റവും വലിയ പ്രത്യേകത. കോപ്പി ബുക്ക് ഷോട്ടുകൾ അനായാസം ഒഴുകുന്ന ഗില്ലിന്റെ ബാറ്റിൽ നിന്ന് അപൂർവമായി മാത്രമാണ് ഫാൻസി ഷോട്ടുകൾ കാണാൻ കഴിയുക. പിച്ചിനും ബോളർമാർക്കും അനുസരിച്ച് ബാറ്റിങ് ശൈലി ക്രമീകരിക്കുന്നതാണ് ഗില്ലിന്റെ മറ്റൊരു പ്രത്യേകത. രണ്ടാം ടെസ്റ്റിൽ ഇംഗ്ലിഷ് പേസർമാരായ ക്രിസ് വോക്സിനെയും ബ്രൈഡൻ കാഴ്സിനെയും നേരിടാൻ ഗിൽ തിരഞ്ഞെടുത്ത രീതികൾ തന്നെ ഉദാഹരണം.
സ്വിങ് ബോളറായ വോക്സിനെ നേരിടാൻ ക്രീസിനു പുറത്തിറങ്ങിയാണ് ഗിൽ സ്റ്റാന്റ്സ് എടുത്തത്. പരമാവധി പന്തുകൾ ഫ്രണ്ട് ഫൂട്ടിൽ തന്നെ കളിച്ച് വോക്സിന്റെ സ്വിങ്ങിനെ ഗിൽ വിദഗ്ധമായി നേരിട്ടു. സീം ബോളറായ കാഴ്സിനെതിരെ ബാക്ക് ഫൂട്ടിൽ ഊന്നിയാണ് ഗിൽ തന്റെ ബാറ്റിങ് ക്രമീകരിച്ചത്. കാഴ്സിന്റെ എക്സ്ട്രാ പേസും ബൗൺസും ഇതുവഴി ഗിൽ അനായാസം കൈകാര്യം ചെയ്തു. ഇത്തരത്തിൽ ഓരോ ബോളർക്കെതിരെയും വ്യക്തമായ പ്ലാനോടു കൂടി ബാറ്റ് ചെയ്ത ഗിൽ, ഇനിയും ഒട്ടേറെ റെക്കോർഡുകൾക്ക് ഈ ‘എംആർഎഫ്’ ബാറ്റ് സാക്ഷിയാകും!
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരേ മത്സരത്തിൽ ഇരട്ട സെഞ്ചറിയും സെഞ്ചറിയും നേടുന്ന 9–ാമത്തെ താരമാണ് ശുഭ്മൻ ഗിൽ. ഡഗ് വാൾട്ടേഴ്സ് (ഓസ്ട്രേലിയ, 1969ൽ വെസ്റ്റിൻഡീസിനെതിരെ), സുനിൽ ഗാവസ്കർ (ഇന്ത്യ, 1971ൽ വെസ്റ്റിൻഡീസിനെതിരെ), ലോറൻസ് റോവ് (വെസ്റ്റിൻഡീസ്, 1972ൽ ന്യൂസീലൻഡിനെതിരെ), ഗ്രെഗ് ചാപ്പൽ (ഓസ്ട്രേലിയ, 1974ൽ ന്യൂസീലൻഡിനെതിരെ), ഗ്രഹാം ഗൂച്ച് (ഇംഗ്ലണ്ട്, 1990ൽ ഇന്ത്യയ്ക്കെതിരെ), ബ്രയാൻ ലാറ (വെസ്റ്റിൻഡീസ്, 2001ൽ ശ്രീലങ്കയ്ക്കെതിരെ), കുമാർ സംഗക്കാര (ശ്രീലങ്ക, 2014ൽ ബംഗ്ലദേശിനെതിരെ), മാർനസ് ലബുഷെയ്ൻ (ഓസ്ട്രേലിയ, 2022ൽ വെസ്റ്റിൻഡീസിനെതിരെ) എന്നിവരാണ് ഗില്ലിനു മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ. ഇതിൽ ഗ്രഹാം ഗൂച്ചും കുമാർ സംഗക്കാരയും ട്രിപ്പിൾ സെഞ്ചറിക്കൊപ്പമാണ് സെഞ്ചറി കൂടി നേടിയത്.
English Summary:









English (US) ·