ക്വാളിഫയറിലെ 2 മണിക്കൂർ മഴ ഒരു മുന്നറിയിപ്പോ? റിസർവ് ദിനത്തിലും ഫൈനൽ മഴമൂലം മുടങ്ങിയാൽ ക്ഷീണം കോലിക്കും സംഘത്തിനും!

7 months ago 7

ഓൺലൈൻ ഡെസ്ക്

Published: June 02 , 2025 05:01 PM IST Updated: June 02, 2025 05:15 PM IST

1 minute Read

ശ്രേയസ് അയ്യരും വിരാട് കോലിയും (ഫയൽ ചിത്രം)
ശ്രേയസ് അയ്യരും വിരാട് കോലിയും (ഫയൽ ചിത്രം)

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) കലാശപ്പോരാട്ടത്തിൽ നാളെ വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സും ഏറ്റുമുട്ടാനിരിക്കെ, ചർച്ചകളിൽ നിറഞ്ഞ് മത്സരവേദിയിലെ മഴ സാധ്യത. ഐപിഎൽ കലാശപ്പോരിനു വേദിയാകുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടിയത്. ഈ മത്സരം മഴമൂലം രണ്ടേകാൽ മണിക്കൂർ വൈകിയ സാഹചര്യത്തിലാണ് ഫൈനൽ ദിനത്തിൽ മഴ പെയ്താൽ എന്തു സംഭവിക്കുമെന്ന ചോദ്യം വ്യാപകമായി ഉയരുന്നത്.

രണ്ടാം ക്വാളിഫയർ മഴമൂലം നടക്കാതെ വന്നാൽ പഞ്ചാബ് കിങ്സിന് നേരിട്ട് ഫൈനലിൽ കടക്കാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിൽ, ഫൈനലിൽ ഇതിൽ അൽപം വ്യത്യാസമുണ്ട്. ഫൈനൽ ദിനത്തിൽ മഴ മൂലം കളി നടക്കാതെ വന്നാലും, തൊട്ടടുത്ത ദിവസം റിസർവ് ദിനമുണ്ട്. അതുകൊണ്ടുതന്നെ ഫൈനൽ മഴയിൽ ഒലിച്ചുപോവുക അത്ര എളുപ്പമല്ലെന്ന് സാരം.

അതേസമയം, റിസർവ് ദിനത്തിലും മഴ പെയ്ത് മത്സരം നടക്കാത്ത സാഹചര്യം വന്നാൽ വിരാട് കോലിയും സംഘവും കിരീടമോഹങ്ങൾ മറക്കേണ്ടി വരും. ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്സായിരിക്കും അങ്ങനെ വന്നാൽ ചാംപ്യൻമാർ.

14 മത്സരങ്ങളിൽനിന്ന് ഒൻപതു ജയവും നാലു തോൽവിയും മഴമൂലം ഉപേക്ഷിച്ചതിനെ തുടർന്ന് പങ്കുവച്ചപ്പോൾ ലഭിച്ച ഒരു പോയിന്റും സഹിതം 19 പോയിന്റോടെയാണ് പഞ്ചാബ് കിങ്സ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ആർസിബിക്കും 14 മത്സരങ്ങളിൽനിന്ന് ഒൻപതു ജയവും നാലു തോൽവിയും ഉപേക്ഷിക്കപ്പെട്ട മത്സരത്തിലെ ഒരു പോയിന്റും സഹിതം 19 പോയിന്റാണെങ്കിലും റൺശരാശരിയിൽ വന്ന നേരിയ വ്യത്യാസമാണ് അവരെ രണ്ടാം സ്ഥാനക്കാരാക്കിയത്.

ഫലത്തിൽ മഴമൂലം ഫൈനൽ നടക്കാതെ വന്നാൽ ഈ നേരിയ വ്യത്യാസമാകും വിജയികളെ നിർണയിക്കുക. അതുപക്ഷേ ആർസിബിക്ക് അനുകൂലമാവുകയുമില്ല.

English Summary:

What happens if IPL 2025 Final gets washed out? Does RCB vs PBKS person a reserve day?

Read Entire Article