ക്വിന്റന്റെ അടി കൊണ്ടു വിറച്ച് രാജസ്ഥാൻ, അതുപോലൊരു ‘ടോപ് ഓർഡർ’ വിദേശ ബാറ്റർ റോയൽസിൽ ഇല്ല

9 months ago 6

മനോരമ ലേഖകൻ

Published: March 27 , 2025 12:47 PM IST

2 minute Read

  • രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് ജയം

  • ക്വിന്റൻ ഡികോക്ക് (61 പന്തിൽ 97 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്


ക്വിന്റൻ ഡികോക്ക് അർധ സെഞ്ചറി തികച്ചപ്പോൾ
ക്വിന്റൻ ഡികോക്ക് അർധ സെഞ്ചറി തികച്ചപ്പോൾ

ഗുവാഹത്തി ∙ ക്വിന്റൻ ഡികോക്കിന്റെ തകർപ്പൻ ബാറ്റിങ് കണ്ടപ്പോൾ രാജസ്ഥാൻ ആരാധകരെ വലിയൊരു നഷ്ടബോധം വേട്ടയാടിയിട്ടുണ്ടാകും; ക്രീസിൽനിന്ന് കളിക്കാനും തകർത്തടിക്കാനും മികവുള്ള ഒരു വിദേശ ബാറ്റർ ടോപ്ഓർഡറിൽ തങ്ങൾക്കില്ലാതെ പോയല്ലോയെന്ന്..! ആദ്യം ബാറ്റു ചെയ്ത് 151 റൺസിൽ ഒതുങ്ങിയ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 8 വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയപ്പോൾ അതിനു വഴിയൊരുക്കിയത് ഓപ്പണറായെത്തി ക്രീസിലുറച്ചുനിന്ന വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്കിന്റെ ഉജ്വല ഇന്നിങ്സാണ് (61 പന്തിൽ 97*). മുൻ സീസണുകളിൽ ടീമിന്റെ കരുത്തായിരുന്ന ഇംഗ്ലണ്ട് താരം ജോസ് ‌‍ബട്‌ലറെ ഇത്തവണ ലേലത്തിനു മുൻപ് കൈവിട്ട രാജസ്ഥാൻ ആ ഒഴിവു നികത്താത്തതിന് ഇന്നലെ വലിയ വില കൊടുക്കേണ്ടിവന്നു. 

സ്കോർ: രാജസ്ഥാൻ– 20 ഓവറിൽ 9ന് 151. കൊൽക്കത്ത–17.3 ഓവറിൽ 2ന് 153. ഡികോക്കാണ് പ്ലെയർ ഓഫ് ദ് മാച്ച്. സുനിൽ നരെയ്നു പരുക്കേറ്റതോടെ ഓപ്പണിങ്ങിൽ ഡികോക്ക്–മൊയീൻ അലി സഖ്യത്തെ പരീക്ഷിച്ച കൊൽക്കത്തയുടെ ചേസിങ്ങിന്റെ തുടക്കം സാവധാനത്തിലായിരുന്നു. മൊയീൻ താളം കണ്ടെത്താൻ പാടുപെട്ടതോടെ (12 പന്തിൽ 5) പവർപ്ലേയിൽ 40 റൺസ് മാത്രമാണ് അവർക്കു നേടാനായത്. ആദ്യ6 ഓവറിനിടെ 20 ഡോട്‌ബോൾ നേരിടേണ്ടി വന്ന കൊൽക്കത്ത ഈ സീസണിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറാണ് നേടിയത്. എന്നാൽ ഏഴാം ഓവറിൽ ക്യാപ്റ്റൻ അജിൻക്യ രഹാനെയെത്തിയതോടെ (15 പന്തിൽ 18) ഡികോക്കിന്റെയും കൊൽക്കത്തയുടെയും സ്കോറിങ്ങിന്റെ വേഗം കൂടി. 11–ാം ഓവറിൽ രഹാനെ പുറത്താകുമ്പോൾ 59 പന്തിൽ 82 റൺസിലേക്ക് കൊൽക്കത്തയുടെ ലക്ഷ്യം ചുരുങ്ങി. മൂന്നാം വിക്കറ്റിൽ ആംഗ്ക്രിഷ് രഘുവംശിയെ കൂട്ടുപിടിച്ച് (17 പന്തിൽ 22) രാജസ്ഥാൻ ബോളർമാരെ അടിച്ചുപരത്തിയ ഡികോക്ക് 15 പന്തുകൾ ബാക്കിനിൽക്കെ ടീമിന്റെ ജയമുറപ്പിച്ചു. 

15 റൺസ്, 4 വിക്കറ്റ്നേരത്തേ അലക്ഷ്യമായ ബാറ്റിങ്ങിലൂടെ മുൻനിര ബാറ്റർമാർ വിക്കറ്റ് നഷ്ടപ്പെടുത്തിയതാണ് രാജസ്ഥാന്റെ പ്രതീക്ഷകൾ തകർത്തത്. ഓപ്പണിങ് വിക്കറ്റിൽ 33 റൺസ് നേടിയാണ് യശസ്വി ജയ്സ്വാളും സഞ്ജു സാംസണും തുടങ്ങിയത്. എന്നാൽ നാലാം ഓവറിൽ വൈഭവ് അറോറയുടെ പന്തിൽ സഞ്ജു സാംസന്റെ (11 പന്തിൽ 13) ലെഗ് സ്റ്റംപ് തെറിച്ചു. തുടരെ സിക്സുകൾ നേടി പ്രതീക്ഷയുണർത്തിയ റിയാൻ പരാഗിനും അമിതാവേശം വിനയായി (15 പന്ത‍ിൽ 25). വരുൺ ചക്രവർത്തിയെ സിക്സർ പറത്താനുള്ള പരാഗിന്റെ ശ്രമം വിക്കറ്റ് കീപ്പർ ഡികോക്കിന്റെ കയ്യിലൊതുങ്ങി. തൊട്ടടുത്ത ഓവറിൽ മൊയീൻ അലിയുടെ പന്തിൽ ലോങ് ഓണിൽ ക്യാച്ച് നൽകി ജയ്സ്വാളും (24 പന്തിൽ 29) മടങ്ങിയതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ മങ്ങി. ഒരു വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിൽ നിന്ന രാജസ്ഥാന് 15 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത 4 വിക്കറ്റുകൾ നഷ്ടമായി. വിക്കറ്റ് വീഴ്ചയ്ക്കിടയിലും  ധ്രുവ് ജുറേലിന്റെ ചെറുത്തുനിൽപ്പാണ് (28 പന്തിൽ 33) ടീം സ്കോർ 150 കടത്തിയത്.

സ്പിൻ ടു വിൻ സുനിൽ നരെയ്ൻ കളിച്ചില്ലെങ്കിലും സ്പിൻ മികവിലൂടെ കളി ജയിക്കുകയെന്ന കൊൽക്കത്തയുടെ ശീലത്തിന് മാറ്റമുണ്ടായില്ല. ഗുവാഹത്തിയിലെ ബാറ്റിങ് വിക്കറ്റിൽ പവർപ്ലേയിൽ മികച്ച തുടക്കം നേടിയ രാജസ്ഥാൻ ബാറ്റിങ് നിരയെ കൊൽക്കത്ത പിടിച്ചുകെട്ടിയത് സ്പിന്നർമാരായ വരുൺ ചക്രവർത്തിയുടെയും മൊയീൻ അലിയുടെയും ബോളിങ് മികവിലാണ്. ഇരുവരും ചേർന്നെറിഞ്ഞ 8 ഓവറിൽ രാജസ്ഥാന് നേടാനായത് വെറും 40 റൺസ് മാത്രം. റിയാൻ പരാഗ്, ജയ്സ്വാൾ എന്നിവരുടേത് അടക്കം 4 വിക്കറ്റുകൾ ഇരുവരും ചേർന്ന് വീഴ്ത്തുകയും ചെയ്തു.

English Summary:

Quinton de Kock's superb 97* leads Kolkata Knight Riders to an 8-wicket triumph implicit Rajasthan Royals successful a thrilling IPL 2024 match. De Kock was named Player of the Match for his exceptional innings.

Read Entire Article