Published: May 27 , 2025 08:58 PM IST
1 minute Read
മുംബൈ∙ ക്രിക്കറ്റ് പരിശീലകനാകാൻ ആവശ്യമായ ക്ഷമ എം.എസ്. ധോണിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം അതുൽ വാസൻ. ഐപിഎൽ കരിയർ അവസാനിപ്പിച്ചു കഴിഞ്ഞാൽ സ്വകാര്യ ജീവിതമാണു ധോണിക്കു നല്ലതെന്നും ഏതെങ്കിലും ടീമിന്റെ മെന്റര്‍ സ്ഥാനം ഏറ്റെടുത്താലും കുഴപ്പമില്ലെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും, അടുത്ത സീസണിൽ കളിക്കുമോ, ഇല്ലയോ എന്നു ധോണി മനസ്സു തുറന്നിട്ടില്ല.
‘‘ധോണി മെന്റർ റോളിനു പറ്റിയ ആളാണ്. പക്ഷേ പരിശീലകനാകാൻ സാധിക്കില്ല. കാരണം അദ്ദേഹത്തിനു ക്ഷമയില്ല. കോച്ചിങ് എന്നത് ഗൗതം ഗംഭീറിനെപ്പോലുള്ള ആളുകൾക്കു പറഞ്ഞിട്ടുള്ള പണിയാണ്. മെന്ററിങ് എന്നത് താരങ്ങൾക്കൊപ്പം വരിക, ഇരിക്കുക, ഒരുമിച്ചു ഭക്ഷണം കഴിക്കുക എന്നതൊക്കെയാണ്. ചില താരങ്ങൾ നമ്മളെ ഇങ്ങോട്ടു സമീപിക്കും. നിങ്ങളോടു താൽപര്യമുള്ള ആളുകൾ ഇങ്ങോട്ടുവന്ന് ഉപദേശങ്ങൾ സ്വീകരിക്കും. അത് മെന്റർ ആണെങ്കിലും അല്ലെങ്കിലും സംഭവിക്കും.’’– അതുൽ വാസൻ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
ഐപിഎൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ചെന്നൈ സൂപ്പർ കിങ്സ്. ഋതുരാജ് ഗെയ്ക്‌വാദിനു പരുക്കേറ്റതോടെ ധോണി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഏറ്റെടുത്തിരുന്നു. 14 മത്സരങ്ങളിൽനിന്ന് 196 റൺസ് നേടാൻ മാത്രമാണ് 43 വയസ്സുകാരനായ ധോണിക്കു സാധിച്ചത്. അടുത്ത സീസണിലും വെറ്ററൻ താരത്തിന്റെ ബാറ്റിങ് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
English Summary:








English (US) ·