കൺവിൻസ് ആവുന്ന 'കുത്തും കോമയും', പൊട്ടിച്ചിരിയില്‍ 'ലോജിക്കടിക്കുന്ന' 'ഓടും കുതിര ചാടും കുതിര'

4 months ago 5

odum kuthira chdum kuthira

പ്രതീകാത്മക ചിത്രം | Photo: Facebook/ Fahadh Faasil

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ നോക്കിക്കാണുന്ന നടനും ആദ്യചിത്രത്തില്‍ തന്നെ കൈയൊപ്പ് പതിപ്പിച്ച സംവിധായകനും ഒന്നിച്ച ചിത്രം. പ്രതീക്ഷകളോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്നതാണ് ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനംചെയ്ത 'ഓടും കുതിര ചാടും കുതിര'. അടിമുടി പൊട്ടിച്ചിരിയും ചിരിയെ സാധൂകരിക്കുന്ന ലോജിക്കുകളും മാത്രമുള്ളൊരു ചിത്രം. ചിരിക്കിടയില്‍ പറഞ്ഞുപോകുന്ന കാര്യങ്ങള്‍ ചിന്തിപ്പിക്കുകയും ചെയ്യുമ്പോള്‍ ഓണത്തിന് മലയാളികള്‍ക്ക് തീയേറ്ററില്‍ ആഘോഷിക്കാന്‍ ഒരുമികച്ച ചിത്രം കൂടി ലഭിക്കുന്നു.

കംപ്ലീറ്റ് റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ് ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച 'ഓടും കുതിര ചാടും കുതിര'. സ്വപ്‌നത്തിനും യാഥാര്‍ഥ്യത്തിനുമിടയില്‍പ്പെട്ടുപോകുന്ന ജീവിതങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. പ്രണയത്തിന്റെ പല ഭേദങ്ങള്‍ ചിത്രം കാണിക്കുന്നു. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളും ഹാസ്യത്തിന്റെ മാത്രം മേമ്പൊടിയില്‍ അവതരിപ്പിക്കുമ്പോള്‍ പൊട്ടിച്ചിരികളാണ് ചിത്രം തീയേറ്ററില്‍ നിറയ്ക്കുന്നത്.

എബി മാത്യു എന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുന്നത്. എബിയുടെ അച്ഛനായി ലാലും സിബി എന്ന സഹോദരന്റെ വേഷത്തില്‍ വിനയ് ഫോര്‍ട്ടും എത്തുന്നു. അവിചാരിതമായ സാഹചര്യത്തില്‍ എബിയുമായി പ്രണയത്തിലാവുന്ന നിധി എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. കല്യാണദിവസത്തെ സംബന്ധിച്ച നിധിയുടെ സ്വപ്‌നം എബിയുടെ ജീവിതത്തില്‍ വലിയ ദുരന്തമായി മാറുന്നു. ഇതിനിടയില്‍ എബി സഞ്ചരിക്കുന്ന ദൂരങ്ങളും കണ്ടുമുട്ടുന്ന മനുഷ്യരുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. അടിമുടി പൊട്ടിച്ചിരിയില്‍ അവസാനിക്കുന്ന ആദ്യപകുതിയും ചിരിയുണര്‍ത്തുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യങ്ങളുമാണ് രണ്ടാം പകുതിയില്‍ പറയുന്നത്.

കഥാപാത്രങ്ങളെ നിര്‍ണയിക്കുന്നതില്‍ എന്നതുപോലെ കഥയ്ക്കും അതിന്റെ ഒഴുക്കിനും സ്വപ്‌നങ്ങളുടെ സ്പര്‍ശമുണ്ട്. അയഥാര്‍ഥമായ സംഭവങ്ങള്‍ യഥാര്‍ഥ ലോകത്ത് സംഭവിക്കുകയും യഥാര്‍ഥ പ്രശ്‌നങ്ങളെ സൃഷ്ടിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതായാണ് ചിത്രത്തില്‍ പറയുന്നത്. എബിയുടേയും നിധിയുടേയും ജീവിതത്തെ സങ്കീര്‍ണ്ണമാക്കുന്നത് അവരുടെ സ്വപ്‌നങ്ങളാണ്. എന്നാല്‍, അവര്‍ക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെ പ്രശ്‌നത്തിലാക്കുന്നത് യാഥാര്‍ഥ്യങ്ങളാണ്. വിനയ് ഫോര്‍ട്ടിന്റെ സിബിയും രേവതി പിള്ള അവതരിപ്പിച്ച രേവതി എന്ന കഥാപാത്രവും ഇതിന്റെ ഉദാഹരണങ്ങളാണ്.

പൂര്‍ണ്ണമായും സംവിധായകന്റെ സിനിമയാണ് 'ഓടും കുതിര ചാടും കുതിര'. പ്രേക്ഷകര്‍ ഏറ്റെടുത്ത 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിന് ശേഷം അല്‍ത്താഫിന്റെ രണ്ടാം ചിത്രമാണിത്. ഫാന്റസിയും യാഥാര്‍ഥ്യവും സമര്‍ഥമായി സമന്വയിപ്പിച്ച്‌ തീയേറ്ററില്‍ പ്രേക്ഷകര്‍ക്ക് മുഴുനീള എന്റര്‍ടെയ്ന്‍മെന്റ് അല്‍ത്താഫ് ഉറപ്പുനല്‍കുന്നു. ലാലിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പലയിടങ്ങളിലും ലാലിന്റെ സാന്നിധ്യം തന്നെ വലിയ പൊട്ടിച്ചിരി ഉയര്‍ത്തുന്നുണ്ട്. പതിവ് പോലെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് ഫഹദ് ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. കല്യാണിയുടെ പ്രകടനം പ്രേക്ഷകരെ എന്‍ഗേജിങ് ആക്കി നിലനിര്‍ത്തുന്നു. സുരേഷ് കൃഷ്ണയും വിനയ് ഫോര്‍ട്ടും ഇടവേള ബാബുവും സുധീര്‍ കരമനയുമടക്കം എല്ലാ താരങ്ങളും തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. രേവതി പിള്ളയുടെ പ്രകടനം പ്രേക്ഷകര്‍ക്ക് അപ്രതീക്ഷിത ബോണസാണ്. പുറമേ ചിത്രത്തില്‍ അതിഥിവേഷങ്ങളില്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളും എത്തുന്നുണ്ട്.

കളര്‍ഫുളാണ് ചിത്രം. അത് പകര്‍ത്തിവെക്കാന്‍ ഛായാഗ്രാഹകന്‍ ജിന്റോ ജോര്‍ജിന് സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ താളം തീരുമാനിക്കുന്നതില്‍ എഡിറ്റര്‍ നിധിന്‍ രാജ് അരോളിന്റെ പങ്കിനെക്കുറിച്ച് എടുത്ത് പറയാതിരിക്കാന്‍ വയ്യ. മഷര്‍ ഹംസയുടെ വസ്ത്രാലങ്കാരവും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്. കലാസംവിധായകന്‍ ഔസേപ്പ് ജോണിന്റെ പങ്കും പ്രത്യേകം പരാമര്‍ശിക്കണം. ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതം ചിത്രം ആവശ്യപ്പെടുന്ന മൂഡുകളെല്ലാം പ്രേക്ഷകന് അനുഭവിപ്പിക്കുന്നതില്‍ വിജയിക്കുന്നുണ്ട്. പതിവ് പരിചരണരീതികള്‍ക്കപ്പുറത്താണ് ചിത്രത്തിന്റെ സഞ്ചാരം. അതിനൊപ്പം സഞ്ചരിക്കുകയും പ്രേക്ഷകനെ കൂടെ കൂട്ടുകയുമെന്ന വെല്ലുവിളി അനായാസേനയെന്ന് തോന്നിപ്പിക്കുംവിധം ജസ്റ്റിന്‍ ഏറ്റെടുക്കുന്നത്.

153 മിനിറ്റാണ് ചിത്രം. ഒരിടത്തുപോലും പ്രേക്ഷകനെ മുഷിപ്പിക്കുകയോ വാച്ചില്‍ നോക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല. ചിത്രത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും തീയേറ്ററില്‍ പൊട്ടിച്ചിരിയാണ് ഉയര്‍ത്തുന്നത്. ജീവിതത്തിന്റെ കുത്തും കോമകളും ലോജിക്കോടെ തന്നെ പൊട്ടിച്ചിരിയുടെ മേമ്പൊടിയില്‍ കണ്‍വിന്‍സിങ് ആയി അവതരിപ്പിക്കാന്‍ 'ഓടും കുതിര ചാടും കുതിര' എന്ന അല്‍ത്താഫ് സലിം ചിത്രത്തിന് സാധിക്കുന്നുണ്ട്.

Content Highlights: A laughter riot! Fahadh Faasil Odum Kuthira Chadum Kuthira` is simply a must-watch Onam entertainer

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article