Published: September 19, 2025 11:12 AM IST
1 minute Read
ഒളിംപിക് ചരിത്രത്തില്‍ ഒരിന്ത്യൻ വനിത ആദ്യമായി മെഡൽ കഴുത്തിലണിഞ്ഞിട്ട് ഇന്ന് കാൽനൂറ്റാണ്ട്. 2000ലെ സിഡ്നി ഒളിംപിക്സിൽ കർണം മല്ലേശ്വരി ഭാരോദ്വഹനത്തിൽ (69 കിലോഗ്രാം വിഭാഗം) വെങ്കലം നേടിയതോടെയാണ് ചരിത്രം പിറന്നത്. ഒളിംപിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടത്തിനൊപ്പം ഒളിംപിക് ഭാരോദ്വഹനത്തിൽ മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതിയും കർണം മല്ലേശ്വരി സ്വന്തം പേരിൽ എഴുതി ചേർത്തു. 2000 സെപ്റ്റംബർ 19ന് സിഡ്നി കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലായിരുന്നു മൽസരം.
ഒളിംപിക്‌സിൽ ആദ്യമായി അരങ്ങേറിയ വനിതാ ഭാരോദ്വഹനത്തിലെ ആദ്യ വിജയികളുടെ കൂട്ടത്തിൽത്തന്നെ സ്‌ഥാനം നേടിയ ആന്ധ്രക്കാരി മല്ലേശ്വരി അക്ഷരാർഥത്തിൽ ഇന്ത്യയെത്തന്നെ ഉയർത്തുകയായിരുന്നു. 69 കിലോഗ്രാം വിഭാഗത്തിൽ 240 കിലോഗ്രാം ഉയർത്തിയാണ് മല്ലേശ്വരി വെങ്കലം കഴുത്തിലണിഞ്ഞത്. സ്‌നാച്ചിൽ 110 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 130 കിലോയും ഉയർത്തി. ആ മേളയിൽ ഇന്ത്യയുടെ ഏക മെഡൽ ജേതാവായിരുന്നു അവർ. 1994, 95 വർഷങ്ങളിലെ ലോക ഭാരോദ്വഹന ചാംപ്യൻഷിപ്പിൽ സ്വർണ ജേതാവായിരുന്നു.
ലോക റെക്കോർഡ് ഭേദിച്ചിട്ടുണ്ട്. 1993ലും 96ലും വെങ്കലം നേടി. രണ്ട് ഏഷ്യൻ ഗെയിംസുകളിൽ വെള്ളി മെഡൽ സ്വന്തമാക്കി (1994, 98) . 1994-95 ലെ രാജീവ് ഖേൽ രത്ന അവാർഡ് ജേത്രിയാണ്. അർജുന പുരസ്കാരം, പത്മശ്രീ എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.2021ൽ ഡൽഹി സർക്കാരിന്റെ കായിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിക്കപ്പെട്ടു.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എഫ്സിഐ) ചീഫ് ജനറൽ മാനേജരായ കർണം മല്ലേശ്വരി ‘കെ. മല്ലേശ്വരി ഫൗണ്ടേഷൻ’ എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തനങ്ങളിലും സജീവമാണ്. ആരോഗ്യ, കായിക മേഖലകളിലാണു ഫൗണ്ടേഷന്റെ പ്രവർത്തനം.
English Summary:









English (US) ·