Published: December 26, 2025 08:52 PM IST
1 minute Read
അഹമ്മദാബാദ്∙ വിജയ് ഹസാരെ ട്രോഫിയിൽ കരുത്തരായ കർണാടകയോടു തോറ്റ് കേരളം. എട്ട് വിക്കറ്റിനായിരുന്നു കർണാടകയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക 48.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സെഞ്ചറി നേടിയ കരുൺ നായരാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നേടിയ കർണാടക കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയയ്ക്കുകയായിരുന്നു. 12 റൺസെടുക്കുന്നതിനിടെ കേരളത്തിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 12 റൺസുമായി മടങ്ങിയപ്പോൾ അഹ്മദ് ഇമ്രാൻ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. അഭിലാഷ് ഷെട്ടിയാണ് ഇരുവരെയും പുറത്താക്കിയത്. ഏഴ് റൺസെടുത്ത അഭിഷേക് ജെ. നായരും അഭിലാഷിന്റെ പന്തിൽ മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 49 റൺസെന്ന നിലയിലായിരുന്നു കേരളം.
ബാബ അപരാജിത്തും അഖിൽ സ്കറിയയും ചേർന്ന 77 റൺസിന്റെ കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. എന്നാൽ തുടരെയുള്ള ഓവറുകളിൽ ഇരുവരുടെയും വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. ബാബ അപരാജിത് 71ഉം അഖിൽ സ്കറിയ 27ഉം റൺസ് നേടി. തുടർന്ന് വിഷ്ണു വിനോദിനും എം.ഡി. നിധീഷിനുമൊപ്പം മുഹമ്മദ് അസറുദ്ദീൻ ഉയർത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തിന്റെ സ്കോർ 284ൽ എത്തിച്ചത്. വിഷ്ണു വിനോദ് 35 റൺസെടുത്ത് പുറത്തായി. മുഹമ്മദ് അസറുദ്ദീൻ 84ഉം നിധീഷ് 34ഉം റൺസുമായി പുറത്താകാതെ നിന്നു. 58 പന്തുകളിൽ മൂന്ന് ബൗണ്ടറികളും നാല് സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിങ്സ്. കർണാടകയ്ക്കു വേണ്ടി അഭിലാഷ് ഷെട്ടി മൂന്നും ശ്രേയസ് ഗോപാൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കർണാടകയ്ക്ക് ക്യാപ്റ്റൻ മായങ്ക് അഗർവാളിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. ഒരു റണ്ണെടുത്ത മയങ്ക് അഗർവാൾ അഖിൽ സ്കറിയയുടെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. തുടർന്ന് മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കലും കരുൺ നായരും ചേർന്നുള്ള 224 റൺസിന്റെ കൂട്ടുകെട്ടാണ് കർണാടകയ്ക്ക് അനായാസ വിജയമൊരുക്കിയത്. ഇരുവരും സെഞ്ചറി നേടി. സ്കോർ 224ൽ നില്‍ക്കെ 124 റൺസെടുത്ത ദേവ്ദത്ത് പടിക്കൽ, നിധീഷിന്റെ പന്തിൽ പുറത്തായി. എന്നാൽ കരുൺ നായരും ആർ. സ്മരണും ചേർന്ന് 49ആം ഓവറിൽ കർണാടകയെ വിജയത്തിലെത്തിച്ചു. കരുൺ നായർ 130ഉം സ്മരൺ 25 റൺസും നേടി പുറത്താകാതെ നിന്നു.
English Summary:








English (US) ·