കർണാടകസംഗീതജ്ഞൻ പാലക്കാട് കെ.എസ്. നാരായണസ്വാമി അന്തരിച്ചു

8 months ago 10

Palakkad K.S. Narayanaswamy

പാലക്കാട് കെ.എസ്. നാരായണസ്വാമി | Photo : Facebook

പാലക്കാട്: കർണാടകസംഗീതജ്ഞനും സംഗീതാധ്യാപകനുമായിരുന്ന പാലക്കാട് താരേക്കാട് ‘അന്നപൂർണ’യിൽ പാലക്കാട് കെ.എസ്. നാരായണസ്വാമി (88) ബെംഗളൂരുവിൽ മകളുടെ വസതിയിൽ അന്തരിച്ചു. ആകാശവാണി തൃശ്ശൂർ നിലയത്തിൽ ടോപ്പ് ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. 70 വർഷത്തിലധികമായി പാലക്കാട്ടടക്കം സംഗീതസദസ്സുകളിൽ സജീവമായിരുന്നു.

കാവശ്ശേരി പരേതരായ കെ.കെ. ശിവരാമകൃഷ്ണ അയ്യരുടെയും അന്നപൂർണിയുടെയും മകനാണ്. 15-ാം വയസ്സുമുതൽ സംഗീതക്കച്ചേരികളിൽ പാടിത്തുടങ്ങി. കാവശ്ശേരി എഎസ്ആർവിയുപി സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽനിന്ന് ഗാനഭൂഷണം നേടി. 1958-ൽ സർക്കാർ സർവീസിൽ സംഗീതാധ്യാപകനായി. ആർവിപി പുതൂർ, ചിറ്റൂർ ഗവ. യുപി, ബിഗ്ബസാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. 1960 മുതൽ ആകാശവാണിയിൽ പരിപാടി അവതരിപ്പിച്ചു.

2016-ൽ സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു. 2016-ൽ കർണാടക സംഗീതരംഗത്തെ സമഗ്രസംഭാവനയ്ക്ക് പാലക്കാട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ പുരസ്കാരവും നേടി.

ഭാര്യ: പരേതയായ രമണി (റിട്ട. സംഗീതാധ്യാപിക, ചെമ്പൈ സംഗീതകോളേജ്). മകൾ: പ്രൊഫ. ഡോ. അന്നപൂർണി സുബ്രഹ്മണ്യൻ (ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്, ബെംഗളൂരു, വയലിനിസ്റ്റ്). മരുമകൻ: രമേഷ് സുബ്രഹ്മണ്യം. സംസ്കാരം വ്യാഴാഴ്ച ബെംഗളൂരുവിൽ.

സ്വരമാധുര്യംകൊണ്ട് പ്രായത്തെ തോല്പിച്ച സംഗീതജ്ഞൻ

പാലക്കാട്: 80-ാം വയസ്സിലും രണ്ടരമണിക്കൂറോളം കച്ചേരി അവതരിപ്പിച്ച സംഗീതപ്രതിഭ. കെ.എസ്. നാരായണസ്വാമിയെന്ന സംഗീതജ്ഞന്റെ അർപ്പണം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കാൻ മറ്റൊന്നും വേണ്ട. പ്രായത്തെ നിഷ്പ്രഭമാക്കുന്ന സ്വരമാധുര്യവും കറയില്ലാത്ത ജ്ഞാനവുംകൊണ്ട് എന്നും ആസ്വാദകരെ വിസ്മിപ്പിച്ചിട്ടുള്ള കർണാടക സംഗീതജ്ഞനായിരുന്നു കെ.എസ്. നാരായണസ്വാമി. ആലാപനമികവിലൂടെ എണ്ണമറ്റ ആസ്വദകരുടെ മനസ്സിൽ ഇടം കണ്ടെത്താനും അനേകം ശിഷ്യരെ വാർത്തെടുക്കാനും അദ്ദേഹത്തിനായി.

ആംഗ്യങ്ങളും ഗോഷ്ഠിയുമില്ലാത്ത ആലാപനരീതിയാണ് അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കിയിരുന്നത്. ജ്യേഷ്ഠൻ കെ.എസ്. കൃഷ്ണയ്യരുടെ പാത പിന്തുടർന്നാണ് കുട്ടിക്കാലത്ത് കെ.എസ്. നാരായണസ്വാമി സംഗീതലോകത്തെത്തുന്നത്. അമ്മാവൻ നാരായണസ്വാമിക്കൊപ്പം കൊടുവായൂർ കേരളപുരത്തെ വീട്ടിൽ പാട്ടിലും വയലിനിലും ഗുരുകുലരീതിയിൽ നടത്തിയ പഠനം അദ്ദേഹത്തിന്‍റെ വളർച്ചയ്ക്ക് വേണ്ട സാഹചര്യങ്ങളൊരുക്കി. ഗാനഭൂഷണം നേടാനായി തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിലെത്തിയ അദ്ദേഹത്തിന് ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, എൻ.ജി. സീതരാമ അയ്യർ, സി.എസ്. കൃഷ്ണയ്യർ, കെ.എസ്. ഹരിഹരയ്യർ പോലുള്ളവരുടെ ശിക്ഷണവും മുതൽക്കൂട്ടായി. കെ.എസ്. നാരായണസ്വാമിയുടെ കച്ചേരിയിൽ ഉച്ചാരണസ്ഫുടതയും സ്വരശുദ്ധിയും മികച്ചുനിന്നിരുന്നുവെന്ന് താരേക്കാട് ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി സുബ്ബരാമൻ പറഞ്ഞു. ഭാര്യയ്ക്കൊപ്പവും മകൾ അന്നപൂർണിക്കൊപ്പവും കെ.എസ്. നാരായണസ്വാമി കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. കോവിഡുകാലത്ത് സ്വാതി സംഗീതസഭ സംഘടിപ്പിച്ച ഓൺലൈൻ കച്ചേരിയിൽ പങ്കെടുക്കാൻ കെ.എസ്. നാരായണസ്വാമി എത്തിയിരുന്നുവെന്ന് പി. വിജയാംബിക പറഞ്ഞു. സ്വാതി സംഗീതസഭ നാരായണസ്വാമിയെയും ഭാര്യ രമണി നാരായണസ്വാമിയെയും നാദചന്ദ്രിക പുരസ്കാരം നൽകി ആദരിച്ചത് ഓർമയിലുണ്ടെന്നും പി. വിജയാംബിക പറഞ്ഞു.

Content Highlights: Renowned Carnatic instrumentalist and teacher K.S. Narayanaswamy (88) passed distant successful Bengaluru

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article