‘കർമ ഒന്നും മറക്കില്ല, അതിന്റേതായ സമയത്ത് തിരിച്ചടിച്ചിരിക്കും’: റാണയെ ടീമിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ ചർച്ചയായി മുകേഷിന്റെ പോസ്റ്റ്!

7 months ago 7

ഓൺലൈൻ ഡെ‌സ്‌ക്

Published: June 19 , 2025 02:13 PM IST

1 minute Read

മുകേഷ് കുമാർ, ഗൗതം ഗംഭീറും ഹർഷിത് റാണയും
മുകേഷ് കുമാർ, ഗൗതം ഗംഭീറും ഹർഷിത് റാണയും

ന്യൂഡൽഹി∙ പേസ് ബോളർ ഹർഷിത് റാണയെ അവസാന നിമിഷം ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയതിനു പിന്നാലെ, ടീമിൽ ഇടം ലഭിക്കാതെ പോയ പേസ് ബോളർ മുകേഷ് കുമാറിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് ചർച്ചയാകുന്നു. ‘കർമ’യുമായി ബന്ധപ്പെട്ട് മുകേഷ് കുമാർ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ആയി പങ്കുവച്ച വാചകങ്ങൾ, റാണയെ ഉൾപ്പെടുത്തിയതിൽ ടീം മാനേജ്മെന്റിനും ബിസിസിഐയ്‌ക്കും എതിരായ ‘കുത്താ’ണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യ എ ടീമിൽ റാണയ്‌ക്കൊപ്പം അംഗമായിരുന്നു മുകേഷ് കുമാറും.

‘‘കർമയ്‌ക്ക് അതിന്റേതായ സമയമുണ്ട്. അത് നാം എപ്പോഴും പ്രതീക്ഷിച്ചേ തീരൂ. കർമ ഒരിക്കലും ഒന്നും മറക്കില്ല. കൃത്യസമയത്ത് തിരിച്ചടിച്ചിരിക്കും’ – മുകേഷ് കുമാറിന്റെ പോസ്റ്റിന്റെ ഏതാണ്ട് തർജമ ഇങ്ങനെ.

ഹർഷിത് റാണയെ ഉൾപ്പെടുത്തിയതിനെതിരെ മുൻ ഇന്ത്യൻ താരം കൂടിയായ ദൊഡ്ഡ ഗണേഷ് രംഗത്തെത്തിയതിനു പിന്നാലെയാണ്, അതൃപ്തിയിലേക്കു വിരൽ ചൂണ്ടുന്ന വാചകങ്ങളെന്ന നിലയിൽ മുകേഷ് കുമാറിന്റെ പ്രതികരണവും ശ്രദ്ധ നേടുന്നു. ഇന്ത്യ എയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം അൻഷുൽ കംബോജിനെ തഴഞ്ഞ് റാണയെ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു ഗണേഷിന്റെ വിമർശനം.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നാളെ ലീഡ്സിലെ ഹെഡിങ്‌ലിയിൽ ആരംഭിക്കാനിരിക്കെയാണ് അവസാന നിമിഷം ഇന്ത്യയുടെ 18 അംഗ ടീമിലേക്ക് ഹർഷിത് റാണയെക്കൂടി ഉൾപ്പെടുത്തിയത്. ജസ്പ്രീത് ബുമ്ര നേതൃത്വം നൽകുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ് സിങ്, അർഷ്ദീപ് സിങ് എന്നിവർ നേരത്തെ തന്നെ ഇടംപിടിച്ചിരുന്നു. ഇവർക്കു പുറമേ ഓൾറൗണ്ടർമാരായി നിതീഷ് റെഡ്ഡി, ഷാർദൂൽ ഠാക്കൂർ എന്നിവരും ഉണ്ടായിരിക്കെയാണ് റാണ കൂടി ടീമിന്റെ ഭാഗമായത്.

പരിശീലന മത്സരത്തിൽ കാര്യമായി തിളങ്ങാനാകാതെ പോയിട്ടും, പരിശീലകൻ ഗൗതം ഗംഭീറുമായി അടുപ്പം പുലർത്തുന്ന ഹർഷിത് റാണ ടീമിൽ ഇടംപിടിച്ചത് ചർച്ചയായിരുന്നു. ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിൽ 27 ഓവർ ബോൾ ചെയ്ത റാണയ്ക്ക് 99 റൺസ് വഴങ്ങി വീഴ്ത്താനായത് ഒരു വിക്കറ്റ് മാത്രമാണ്.

അതേസമയം, കാന്റർബറിയിലെ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ കുറച്ചുകൂടി മികച്ച പ്രകടനമായിരുന്നു മുകേഷ് കുമാറിന്റേത്. 25 ഓവറിൽ 92 റൺസ് വഴങ്ങിയ മുകേഷ് കുമാർ മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ട് ലയൺസ് ക്യാപ്റ്റൻ ജയിംസ് റ്യൂ, മാക്സ് ഹോൾഡൻ തുടങ്ങിയവർ മുകേഷ് കുമാറിനു മുന്നിലാണ് വീണത്.

English Summary:

Mukesh Kumar shares cryptic station aft Harshit Rana gets India call-up

Read Entire Article