Published: January 07, 2026 07:37 AM IST
1 minute Read
മുംബൈ∙ സുരേഷ് കൽമാഡിയുടെ ‘കൈ’ രാഷ്ട്രീയത്തിൽ ആയിരുന്നെങ്കിൽ കാൽ കളിക്കളത്തിലായിരുന്നു. കോൺഗ്രസിന്റെ മുൻനിര നേതാവായിരുന്ന കാലത്തും ഗെയിംസും അത്‍ലറ്റിക്സുമായിരുന്നു പ്രിയം. ഏറ്റവും കൂടുതൽ കാലം (1996–2011) ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് പദവി വഹിച്ച കായിക സംഘാടകനായിരുന്നു, ഇന്നലെ അന്തരിച്ച സുരേഷ് കൽമാഡി.
2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയർന്ന അഴിമതിയുടെ ദുഷ്പേരിലാണ് അവസാനകാലത്ത് കൽമാഡി വാർത്തകളിൽ നിറഞ്ഞതെങ്കിലും അദ്ദേഹം ഇന്ത്യൻ കായികരംഗത്തിനു നൽകിയ സംഭാവനകൾ എക്കാലവും മായാതെ നിൽക്കും. 2014ൽ സിബിഐയും കഴിഞ്ഞ ഏപ്രിലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കൽമാഡിയെ കുറ്റവിമുക്തനാക്കിയിരുന്നു.
1989ലും 2013ലും ഏഷ്യൻ അത്‌ലിറ്റിക്സ് ചാംപ്യൻഷിപ്, 2003ൽ ആഫ്രോ–ഏഷ്യൻ ഗെയിംസ്, 2008ൽ യൂത്ത് കോമൺവെൽത്ത് ഗെയിംസ്, 2010ൽ കോമൺവെൽത്ത് ഗെയിംസ് എന്നിങ്ങനെ മുൻനിര കായികമേളകൾ കൽമാഡി ഇന്ത്യയിലെത്തിച്ചു. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ചെയർമാനായിരിക്കെ ദേശീയ ഗെയിംസ് പരിഷ്കരിക്കുന്നതിനു നേതൃത്വം നൽകി. പുണെ, ബെംഗളൂരു, ചണ്ഡീഗഡ്, ഹൈദരാബാദ്, മണിപ്പൂർ എന്നിവിടങ്ങളിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു.1987 മുതൽ 2006 വരെ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായിരുന്നു. 2001ൽ ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റായി.
2008ൽ ബെയ്ജിങ് ഒളിംപിക്സിൽ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യ ആദ്യ വ്യക്തിഗതസ്വർണം നേടിയത് കൽമാഡി ഐഒഎ പ്രസിഡന്റായിരിക്കെയാണ്. ഒളിംപിക് ഗെയിംസിന്റെ പ്രചാരണത്തിന് അസോസിയേഷൻ ഓഫ് നാഷനൽ ഒളിംപിക് കമ്മിറ്റീസ് ബെയ്ജിങ്ങിൽ കൽമാഡിയെ ആദരിച്ചിരുന്നു.
English Summary:









English (US) ·