മുജീബുര്‍റഹ്മാന്‍ കരിയാടന്‍
പഴകുന്തോറുമാണത്രെ വീഞ്ഞിനി വീര്യം കൂടുക. പുതിയ കുപ്പിയിലേക്ക് മാറ്റി പഴയ വീഞ്ഞ് വിളമ്പുമ്പോള്‍ തീര്‍ച്ചയായും പുതുമയും അതോടൊപ്പം കടുത്ത വീര്യവുമുണ്ടാകും. അതാണ് ഖലീഫയിലും സംവിധായകന്‍ വൈശാഖ് ചെയ്തിരിക്കുന്നത്.
മികച്ച ട്രീറ്റ്‌മെന്റിലൂടെ ഖലീഫയെ കാഴ്ചക്കാര്‍ക്ക് ആസ്വാദ്യകരമാക്കുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും. അധോലോക, സ്വര്‍ണ്ണക്കള്ളടത്ത് സിനിമകളുടെ പതിവ് ഫോര്‍മുലയാണ് അടിസ്ഥാനമായുള്ളതെങ്കിലും പല അടരുകളിലൂടെ കഥ പറച്ചില്‍ രീതി പ്രേക്ഷകനെ അടുത്ത രംഗമെന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുണ്ട്.
പരസ്യത്തിലും പ്രചരണത്തിലും പറഞ്ഞതുപോലെ പല ഭാഗത്തും ഹൈ വോള്‍ട്ടേജാണ് സിനിമ സമ്മാനിക്കുന്നത്, കൂടെ പഞ്ച് ഡയലോഗുകളും. അതേ സമയത്തു തന്നെ കുടുംബത്തേയും വൈകാരികതയുമെല്ലാം സിനിമ ചേര്‍ത്തുവെക്കുന്നു. ഒരേ സമയം പല തലങ്ങളിലുള്ള പ്രേക്ഷകരെ ആകര്‍ഷിക്കാനാവുന്ന വിധത്തില്‍ എല്ലാം ചിത്രത്തില്‍ ഒരുക്കിയും ഒതുക്കിയും വെച്ചിട്ടുണ്ട്.
ഖലീഫയെന്ന അറബി വാക്കിന് അര്‍ഥം പിന്‍ഗാമി, പ്രതിനിധി, ഭരണാധികാരി എന്നൊക്കെയാണ്. ഈ അര്‍ഥങ്ങളെല്ലാം ഒരുപക്ഷേ ഖലീഫയിലെ മാമ്പറയ്ക്കല്‍ ആമിര്‍ അലിക്ക് ചേരും. അയാള്‍ മാമ്പറയ്ക്ക് അഹമ്മദ് അലിയുടെ പൗത്രനാണല്ലോ. മാമ്പറയ്ക്ക് യൂനുസ് അലി ഇതിലൊന്നും പെടാത്ത പാവമൊരു മനുഷ്യനാണ്- അല്ല, സാഹചര്യമാണ് അയാളെ അങ്ങനെയാക്കിത്തീര്‍ത്തത്. ആമിര്‍ അലിയെ അങ്ങനെയാക്കുന്നതും ്അയാളുടെ സാഹചര്യം തന്നെ.
മുഴുവന്‍ സമയവും പൃഥ്വിരാജ് മുന്നില്‍ നിന്നു നയിക്കുന്ന സിനിമയെ പെട്ടൊന്നൊരു ജംപിലേക്കെത്തിക്കുന്നതാണ് അതിഥി വേഷത്തിലുള്ള മോഹന്‍ലാലിന്റെ വരവ്. മോഹന്‍ലാല്‍ മാത്രമല്ല വേറേയും രണ്ടു താരങ്ങള്‍ കൂടി അതിഥി വേഷത്തില്‍ സിനിമയില്‍ വരുന്നുണ്ട്. ഒരുപക്ഷേ, ഒരേ ത്രാസില്‍ തൂക്കുന്നവരായിട്ടും മറ്റൊരു നായകന്‍ വീശിയടിക്കുന്ന കഥയില്‍ രണ്ടോ മൂന്നോ മിനുട്ടു നേരം വന്ന് പ്രേക്ഷകരുടെ കയ്യടിയും വാങ്ങി പോകുന്ന മറ്റു നായകന്‍മാര്‍ മലയാള സിനിമയുടെ മാത്രം പ്രത്യേകതയായിരിക്കാം.
പൃഥ്വിരാജിന്റെ ആമിര്‍ അലിയോളം ആഴവും പരപ്പും ശക്തിയുമുള്ള കഥാപാത്രങ്ങളായാണ് ഹംസുപ്പയായി ഇന്ദ്രന്‍സും സമദെന്ന സമീയായി സഞ്ജു ശിവറാവും പ്രത്യക്ഷപ്പെടുന്നത്. ആക്ഷനും ത്രില്ലുമൊക്കെ പൃഥ്വിരാജിനും കൊളുത്തിവെക്കുന്ന സംഭാഷണങ്ങള്‍ ഇന്ദ്രന്‍സിനുമായാണ് വിഭജിച്ചു നല്‍കയിരിക്കുന്നത്. ഒരുപക്ഷേ, ഇന്ദ്രന്‍സിനെ പോലൊരാളെ മാത്രമേ ആ കഥാപാത്രത്തിലേക്ക് സങ്കല്‍പ്പിക്കാന്‍ തന്നെ സാധിക്കുകയുള്ളു.
മലയാളത്തില്‍ കണ്ടിട്ടില്ലാത്ത രീതിയില്‍ വ്യത്യസ്ത ആങ്കിളുകളില്‍ വിമാന ദൃശ്യങ്ങള്‍ വന്നിട്ടുള്ളത് ഖലീഫയുടെ കൗതുകമുള്ള കാഴ്ചയാണ്.
നായകന്‍മാര്‍ അരങ്ങുവാഴുന്ന ചിത്രങ്ങളില്‍ നായികമാര്‍ക്ക് പൊതുവെ കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. എങ്കിലും തെന്നിന്ത്യന്‍ താരങ്ങളായ മാളവിക ശര്‍മ്മയും മോഹിനിയും തങ്ങളുടേതായ സ്‌പേസുകള്‍ നിറച്ചിട്ടുണ്ട്. രഞ്ജി പണിക്കരാകട്ടെ പൊതുവെയുള്ള രീതിയില്‍ വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് അവരതരിപ്പിച്ചിരിക്കുന്നത്.
നീല്‍ നിതിന്‍ മുകേഷിന്റെയും ഷമ്മി തിലകന്റേയും വില്ലന്‍ വേഷങ്ങള്‍ ഇത്തരം ഴോണര്‍ ചിത്രങ്ങളില്‍ സാധാരണ കാണാറുള്ള കഥാപാത്രങ്ങളില്‍ നിന്ന് കാര്യമായ വ്യത്യസ്തതയൊന്നും അവകാശപ്പെടുന്നില്ല. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യന്‍ രാഷ്ട്രീയത്തിലേയും സമാനമായ ചില സംഭവങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ഖലീഫ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ജോമോന്‍ ടി ജോണിന്റെ ക്യാമറയും ജേക്‌സ് ബിജോയിയുടെ സംഗീതവും ചമന്‍ ചാക്കോയുടെ എഡിറ്റിംഗും കൂടി ചേരുന്നിടത്താണ് ജിനു എബ്രഹാമിന്റെ രചനയില്‍ വൈശാഖ് സംവിധാനം നിര്‍വഹിച്ച ഖലീഫ പലയിടത്തും സീറ്റില്‍ നിന്നും എഴുന്നേറ്റ് ചാടാന്‍ കാഴ്ചക്കാരെ പ്രേരിപ്പിക്കുന്നത്. ഇവരോടൊപ്പം യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, ചേതന്‍ ഡിസൂസ എന്നിവരുടെ ആക്ഷന്‍ കോറിയോഗ്രാഫി കൂടിയാകുന്നതോടെ പൃഥ്വിരാജ് ആരാധകരെ മാത്രമല്ല ആക്ഷനും ക്രൈമും ത്രില്ലറും ഉള്‍പ്പെടുന്ന ഴോണറുകള്‍ ഇഷ്ടപ്പെടുന്നവരെയെല്ലാം ചിത്രം കീഴ്‌പ്പെടുത്തിക്കളയും.
കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലുമൊക്കെ പല തവണ പല സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും അത്തരം രംഗങ്ങളിലെല്ലാം പുതുമ കൊണ്ടുവരാനുള്ള പരമാവധി ശ്രമം അണിയറ പ്രവര്‍ത്തകര്‍ നടത്തിയിട്ടുണ്ട്.
ആദ്യ ചിത്രമായ പോക്കിരിരാജയില്‍ തന്നെ തന്റെ വരവറിയിച്ച സംവിധായകന്‍ വൈശാഖ് ഖലീഫയിലും പ്രേക്ഷകരുടെ പ്രതീക്ഷ അസ്ഥാനത്താക്കുന്നില്ല. മല്ലൂസിംഗും പുലിമുരുകനും മധുരരാജയും ഉള്‍പ്പെടുന്ന സിനിമകളുടെ വ്യത്യസ്തത ഖലീഫയിലും ഇദ്ദേഹം ആവര്‍ത്തിക്കുന്നു.
പറയുന്ന കഥയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കേരളത്തിന് പുറമേ ദുബായ്, ലണ്ടന്‍, നേപ്പാള്‍ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അതിന്റെ 'റിച്ച്‌നസും' കാഴ്ചയില്‍ അനുഭവിക്കാനുണ്ട്.
രചയിതാവിന് പുറമേ നിര്‍മാതാവും കൂടിയാണ് ജിനു എബ്രഹാം. ജിനു ഇന്നൊവേഷന്‍സിന്റെ ബാനറില്‍ ജിനും എബ്രഹാമും സൂരജ് കുമാറുമാണ് ഖലീഫ നിര്‍മിച്ചിരിക്കുന്നത്.
രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ഖലീഫയുടെ ഒന്നാം ഭാഗമാണിത്. പ്രതികാരം സുവര്‍ണ ലിപികളാല്‍ എഴുതപ്പെടും എന്നതായിരുന്നു ഖലീഫയുടെ ടാഗ് ലൈന്‍.




English (US) ·