Published: December 05, 2025 03:36 AM IST
1 minute Read
ജയ്പുർ ∙ ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് അത്‍ലറ്റിക്സിന്റെ അവസാന ദിനം സ്വർണം നേടാനാവാതെ മലയാളി താരങ്ങൾ. മീറ്റിന്റെ അവസാന ദിവസമായ ഇന്നലെ പുരുഷൻമാരുടെ 800 മീറ്ററിൽ കാലിക്കറ്റ് സർവകലാശാലയുടെ ജെ.ബിജോയ് വെള്ളിയും പുരുഷൻമാരുടെ 4–100 മീറ്റർ റിലേയിൽ മഹാത്മാഗാന്ധി സർവകലാശാല വെള്ളിയും കാലിക്കറ്റ് സർവകലാശാല വെങ്കലവും നേടി. ഇതോടെ മീറ്റിലാകെ മലയാളി താരങ്ങൾ 10 മെഡലുകൾ നേടി.
4 ദിവസമായി നടന്ന അത്‍ലറ്റിക് മീറ്റിൽ മഹാത്മാഗാന്ധി സർവകലാശാല 2 സ്വർണവും ഓരോ വെള്ളിയും വെങ്കലവുമടക്കം 4 മെഡലുകൾ നേടി, 2 വെള്ളിയും 3 വെങ്കലവും അടക്കം കാലിക്കറ്റിന് 5 മെഡലുകളുണ്ട്. മീറ്റിനെത്തിയിട്ടും ജോലി ലഭിച്ചെന്ന കാരണത്താൽ 2 താരങ്ങൾക്ക് മത്സരിക്കാൻ പറ്റാത്തതിനാൽ ഒരു വെള്ളി മെഡൽ മാത്രമാണ് കേരള സർവകലാശാലയ്ക്ക് ആകെ ലഭിച്ചത്. പുരുഷൻമാരുടെ 4–400 മീറ്റർ റിലേ അടക്കം 3 ഇവന്റുകൾ കേരളയ്ക്ക് നഷ്ടമായിരുന്നു.
പുരുഷൻമാരുടെ 800 മീറ്ററിൽ വെള്ളി നേടിയ ബിജോയ് തൃശൂർ സെന്റ് തോമസ് കോളജിലെ ബിഎ ഇംഗ്ലിഷ് ആൻഡ് ഹിസ്റ്ററി രണ്ടാംവർഷ വിദ്യാർഥിയാണ്. പാലക്കാട് ചിറ്റൂർ സ്വദേശിയായ ബിജോയുടെ ഇരട്ട സഹോദരൻ റിജോയും 800 മീറ്ററിൽ യോഗ്യത നേടിയിരുന്നെങ്കിലും റെയിൽവേയിൽ ജോലി ലഭിച്ചതിനാൽ മത്സരിക്കാനായില്ല. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്‍ലറ്റിക് മീറ്റിൽ സ്വർണവും വെള്ളിയും നേടിയാണ് ഇരട്ട സഹോദരൻമാർ ഖേലോ ഇന്ത്യ മത്സരത്തിനെത്തിയത്. ബിജോയ് അംഗമായ റിലേ ടീം കഴിഞ്ഞ ദിവസം വെങ്കലം നേടിയിരുന്നു.
നവംബർ 24ന് ആരംഭിച്ച അഞ്ചാമത് ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് ഇന്ന് സമാപനമാകും. 41 സ്വർണം നേടി ചണ്ഡിഗഡ് സർവകലാശാലയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. വനിതകളുടെ ബാസ്കറ്റ് ബോൾ ഫൈനൽ മത്സരത്തിൽ എംജി ഇന്ന് ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയെ നേരിടും.
English Summary:








English (US) ·