ഗംഭീര ബുക്കിം​ഗ്, ഹൃദ്യമായ പ്രതികരണങ്ങൾ, വീണ്ടും മോഹൻലാൽ-സത്യൻ അന്തിക്കാട് മാജിക്

4 months ago 6

Mohanlal

ഹൃദയപൂർവം എന്ന ചിത്രത്തിൽ മോഹൻലാൽ | ഫോട്ടോ: facebook

ഈ ഓണത്തിന് കുടുംബ പ്രേക്ഷകരുടെ പൾസറിഞ്ഞൊരുക്കിയ സിനിമയായി ബോക്സോഫീസിൽ വൻ ബുക്കിംഗുമായി കുതിക്കുകയാണ് മോഹൻലാൽ - സത്യൻ അന്തിക്കാട് ടീമിൻറെ 'ഹൃദയപൂർവ്വം'. ഒരു പിരിമുറുക്കമോ, ചോരക്കളികളോ, ദ്വയാർത്ഥ പ്രയോഗങ്ങളോ ഒന്നുമില്ലാതെ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്ക് വരെ ഒരുപോലെ ചിരിച്ചാസ്വദിച്ച് മനസ്സ് നിറഞ്ഞ് തിയേറ്റർ വിട്ടിറങ്ങാനുള്ളതെല്ലാം 'ഹൃദയപൂർവ്വ'ത്തിലുണ്ട് എന്നതാണ് ഈ തനി അന്തിക്കാടൻ പടത്തിൻറെ വിജയ രഹസ്യം.

മനസ്സ് നിറഞ്ഞ് ചിരിക്കാൻ ഒരുപിടി മുഹൂർത്തങ്ങളുമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിന് മികച്ച ബുക്കിംഗാണ് മൂന്നാം ദിനവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ 9 റേറ്റിങ്ങുമായി മണിക്കൂറിൽ ആറായിരത്തിലേറെ ടിക്കറ്റ് ബുക്കിംഗുമായി റിലീസ് കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. ലാൽ - സത്യൻ കൂട്ടുകെട്ടിൽ പിറന്ന ഒട്ടേറെ സിനിമകൾ മലയാളികൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നുണ്ട്. 10 വർഷങ്ങൾക്ക് ശേഷം ഇവർ ഒരുമിച്ചെത്തിയിരിക്കുന്ന 'ഹൃദയപൂർവ്വം' ടോട്ടൽ ഫ്രഷ്നെസ്സ് ഫീൽ സമ്മാനിച്ചിരിക്കുകയാണ് എന്നാണ് പ്രേക്ഷകാഭിപ്രായം.

ടൗണിൽ ഒരു ക്ലൗഡ് കിച്ചൻ നടത്തുന്ന സന്ദീപ് ബാലകൃഷ്ണൻ ഒരു ഹൃദ്രോഗിയാണ്. സന്ദീപ് ഒരു ഹാർട്ട് ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്കു വിധേയനാവുന്നതും തുടർ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെ അനായാസമായാണ് ലാൽ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. മലയാളികൾ കണ്ടുകൊതിതീരാത്ത ലാൽ മാനറിസങ്ങൾ ചിത്രത്തിൽ കാണാം. അതോടൊപ്പം തന്നെ മോഹൻലാൽ - സംഗീത് പ്രതാപ് കോമ്പോയാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പ്രേക്ഷകരുടെ സാക്ഷ്യം. ഇരുവരുടേയും രസകരമായ ഒട്ടേറെ നിമിഷങ്ങൾ സിനിമയിലുണ്ട്. ഇവരുടെ സീനുകളിൽ നിർത്താതെയുള്ള ചിരിയാണ് തിയേറ്ററുകളിൽ മുഴങ്ങുന്നത്.

ഇവരോടൊപ്പം തന്നെ സിദ്ദീഖ്, ജനാർദ്ദനൻ, സംഗീത, മാളവിക, ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്സ്, നിഷാൻ, സൗമ്യ പിള്ള തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തിൽ ഓർത്തിരിക്കാനാവുന്ന ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്. കേരളവും പൂനെയുമാണ് സിനിമയുടെ ലൊക്കേഷനുകൾ. പുണെയുടെ മനോഹാരിത ചിത്രത്തിൽ ഒട്ടേറെ സീനുകളിൽ കാണിക്കുന്നുണ്ട്. സത്യൻ അന്തിക്കാടിൻറെ മകൻ അഖിൽ സത്യൻറെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സോനു ടിപിയാണ്.

അനൂപ് സത്യനാണ് ചിത്രത്തിൽ ക്രിയേറ്റീവ് ഡയറക്ടറായുള്ളത്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ആശിർവാദ് സിനിമാസിൻറെ ബാനറിൽ എത്തിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ആൻറണി പെരുമ്പാവൂരാണ്. ഈ ഓണക്കാലത്ത് മനം നിറഞ്ഞ് ചിരിക്കാനുള്ള ഒട്ടേറെ ഫൺ നിമിഷങ്ങളുമായി എത്തിയിരിക്കുന്ന ചിത്രം കുടുംബങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയിരിക്കുകയാണ് എന്നാണ് തിയേറ്ററുകളിൽ അനുഭവപ്പെടുന്ന വൻ ജനത്തിരക്ക് സൂചിപ്പിക്കുന്നത്. ഓണം റിലീസുകളിൽ കുടുംബങ്ങളുടെ പ്രിയപ്പെട്ട ചിത്രമായി മാറിയിരിക്കുകയാണ് ഹൃദയപൂർവ്വം എന്ന് ഉറപ്പിച്ച് പറയാം.

Content Highlights: Hridayapoorvam: A Heartwarming Onam Triumph for Mohanlal and Sathyan Anthikad

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article