01 April 2025, 09:42 PM IST

ദീപക് ദേവ്, ഗോപി സുന്ദർ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് | മാതൃഭൂമി, Facebook
എമ്പുരാൻ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ ദീപക് ദേവിനെതിരെ വിമർശിച്ചയാൾക്ക് മറുപടിയുമായി ഗോപി സുന്ദർ. ഗോപി സുന്ദർ പങ്കുവെച്ച ഒരു പോസ്റ്റിന് വന്ന കമന്റിനാണ് അദ്ദേഹം ചുട്ടമറുപടി നൽകിയത്. ദീപക് ദേവ് അതിഗംഭീര സംഗീതജ്ഞനാണെന്നും ഗോപി സുന്ദർ പറഞ്ഞു.
എമ്പുരാൻ എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ ഉയർന്ന വിമർശനങ്ങളിലൊന്ന് പശ്ചാത്തലസംഗീതം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്നതായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിച്ച് നിൽക്കവേ ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ മറ്റൊരു ചർച്ച നടക്കുകയായിരുന്നു. താൻ ഈണമിട്ട ചില പ്രശസ്ത സിനിമകളിലെ ശ്രദ്ധേയമായ പശ്ചാത്തലസംഗീതത്തിന്റെ യൂട്യൂബ് ലിങ്കുകൾ ഗോപിസുന്ദർ തുടർച്ചയായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് അതിന് കാരണം.

ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി, ചാർലി, എബ്രഹാമിന്റെ സന്തതികൾ, പുലിമുരുകൻ എന്നിവയുടെ പശ്ചാത്തലസംഗീതമായിരുന്നു ഗോപി സുന്ദർ ഷെയർ ചെയ്തത്. ഇതോടെ ദീപക് ദേവ് എമ്പുരാനിൽ ചെയ്തതും ഗോപി സുന്ദർ ചെയ്തതുമായ പശ്ചാത്തലസംഗീതങ്ങൾ താരതമ്യപ്പെടുത്തി ചർച്ചകളുയർന്നു. ഇതിൽ സാഗർ ഏലിയാസ് ജാക്കിയിലെ ബിജിഎമ്മിന് വന്ന കമന്റുകളിലൊന്ന് "ദേ ഇങ്ങനെ വേണം സാധനം ഇറക്കി വിടാൻ, അല്ലാതെ കുറേ അലറിച്ച മാത്രം പോരാ" എന്നായിരുന്നു.
ഈ കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. "സുഹൃത്തേ, എന്റെ സഹോദരൻ ദീപക് അതിഗംഭീര സംഗീതജ്ഞനാണ്. അദ്ദേഹത്തേപ്പോലൊരു പ്രതിഭയെ ഇങ്ങനെ വിലയിരുത്തരുത്." ഗോപി സുന്ദറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. എന്തായാലും ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലെ ചർച്ച വീണ്ടും കൊഴുത്തിരിക്കുകയാണ്.
Content Highlights: Gopi Sundar Defends Deepak Dev`s Empuraan BGM
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·