Published: April 18 , 2025 11:26 PM IST
1 minute Read
മുംബൈ∙ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരെ സ്ഥാനമേറ്റ് എട്ടു മാസങ്ങൾക്കു ശേഷം പുറത്താക്കാൻ കാരണം ടീമിന്റെ മോശം പ്രകടനം മാത്രമല്ലെന്നു വിവരം. കഴിഞ്ഞ ദിവസമാണ് അഭിഷേക് നായരുടെ കരാർ റദ്ദാക്കാൻ ബിസിസിഐ തീരുമാനിച്ചത്. അഭിഷേകിനൊപ്പം ഫീൽഡിങ് പരിശീലകൻ ടി.ദിലീപ്, ട്രെയിനർ സോഹം ദേശായി എന്നിവരും ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിൽനിന്ന് പുറത്താകും.
ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലകനായി സീതാൻഷു കോടകിനെ എത്തിച്ച് ടീമിനു മേലുള്ള അഭിഷേകിന്റെ സ്വാധീനം കുറയ്ക്കുകയാണ് ബിസിസിഐ ആദ്യം ചെയ്തതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിനു പിന്നാലെ ബിസിസിഐ ഒരു യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ അഭിഷേക് നായരുടെ സാന്നിധ്യം ഇന്ത്യൻ ടീം ക്യാംപിൽ ഉദ്ദേശിച്ച ഫലമല്ല കൊണ്ടുവരുന്നതെന്ന് ‘ശക്തനായ ഒരു പ്രതിനിധി’ വാദിച്ചിരുന്നു എന്നാണു റിപ്പോർട്ടുകൾ. ആരാണ് അഭിഷേകിനെതിരെ രംഗത്തെത്തിയതെന്നു വ്യക്തമല്ല.
സീതാൻഷു കോടക് ടീം ക്യാംപിലെത്തിയതോടെ ചാംപ്യൻസ് ലീഗിൽ അഭിഷേക് നായർക്കു കാര്യമായ റോളുണ്ടായിരുന്നില്ല. തീരുമാനങ്ങളെടുക്കുമ്പോൾ ഹെഡ് കോച്ച് ഗൗതം ഗംഭീർ കഴിഞ്ഞാൽ കൂടുതൽ പ്രധാന്യം അസിസ്റ്റന്റ് കോച്ചിനാണ്. ഇക്കാര്യത്തിലും അഭിഷേകിനെ തഴഞ്ഞതായാണു വിവരം. ഇന്ത്യൻ ടീമിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഗൗതം ഗംഭീറിനും ഒരുപോലെ താൽപര്യമുണ്ടായിരുന്ന ആളാണ് അഭിഷേക് നായർ. എന്നാൽ അഭിഷേകിനെ നീക്കിയപ്പോൾ ഗംഭീറും എതിർപ്പൊന്നും പറഞ്ഞില്ല.
അഭിഷേക് നായരും നെതർലൻഡ്സ് മുൻ ക്രിക്കറ്റർ റയാൻ ടെൻ ഡോഷെട്ടും ഗൗതം ഗംഭീറിന്റെ നിർബന്ധത്തിലാണ് ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത്. മൂവരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ്. കൊൽക്കത്തയുടെ പരിശീലക സംഘത്തെ അതേപോലെ ഇന്ത്യൻ ടീമിനായി പറിച്ചുനട്ടതിൽ ബിസിസിഐയിലെ ചിലർക്ക് അതൃപ്തിയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അഭിഷേകിന്റെ പുറത്താകലോടെ ഈ പരാതി അവസാനിക്കുമെന്നാണ് ബിസിസിഐ നേതൃനിരയുടെ പ്രതീക്ഷ.
English Summary:








English (US) ·