Published: December 01, 2025 03:13 PM IST
1 minute Read
റാഞ്ചി ∙ ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വിരാട് കോലിയും രോഹിത് ശർമയും ബാറ്റുകൊണ്ടാണ് മറുപടി നൽകിയത്. റാഞ്ചിയിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ കോലി സെഞ്ചറിയും രോഹിത് അർധസെഞ്ചറിയും നേടിയതോടെ വിമർശകരുടെ വായ് അടയുകയും ചെയ്തു. മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ വിജയിച്ചത്. എങ്കിലും 2027 ലോകകപ്പ് വരെ താരങ്ങൾ ടീമിൽ തുടരുമോ എന്നതു സംബന്ധിച്ച് ഇനിയും വ്യക്തതയില്ല. ഇതുൾപ്പെടെയുള്ള നിർണായക തീരുമാനമെടുക്കാൻ ബിസിസിഐ അടിയന്തര യോഗം ചേരുന്നതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ടീമിന്റെ മുഖ്യപരിശീലകനായ ഗൗതം ഗംഭീറുമായുള്ള ഇരുവരുടെയും ബന്ധം സംബന്ധിച്ചും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇരുതാരങ്ങളും ഗംഭീറുമായി അത്ര രസത്തിലല്ല എന്നാണ് ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് കോലിയും രോഹിതും അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ബന്ധത്തിൽ വിള്ളലുകൾ വീണതെന്നാണ് സൂചന. ഇരുവരും ടെസ്റ്റിൽ വിരമിച്ചത് ടീമിന്റെ ഘടനയെ തന്നെ ബാധിച്ചു. ഇതോടെ ടീമിന്റെ പതനവും ആരംഭിച്ചു.
ഓസ്ട്രേലിയൻ ഏകദിന മത്സരങ്ങൾക്കിടെ, രോഹിത്തും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും തമ്മിലും അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ടെസ്റ്റിൽനിന്നു വിരമിച്ച ശേഷം രോഹിത്തും കോലിയും ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത് ഓസ്ട്രേലിയൻ പര്യടനത്തിലാണ്. ദക്ഷിണാഫ്രിക്കൻ പരമ്പര തുടങ്ങിയ ശേഷവും കാര്യങ്ങൾ അത്ര പന്തിയല്ല. ഗംഭീറിനോട് വളരെക്കുറച്ച് മാത്രമാണ് കോലി സംസാരിക്കുന്നത്. ആദ്യ ഏകദിന മത്സരത്തിനു ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോൾ അവിടെയുണ്ടായിരുന്ന ഗംഭീറിനെ നോക്കാതെ കോലി കയറി പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മത്സരശേഷം ഗംഭീറും രോഹിത്തും തമ്മിലുള്ള ചൂടേറിയ ചർച്ചയുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവരും തമ്മിൽ എന്താകും സംസാരിച്ചതെന്നതിൽ ഒട്ടേറെ ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
എന്നാൽ സെഞ്ചറി നേടി ഔട്ടായ കോലി, തിരിച്ചു ഡ്രസിങ് റൂമിലെത്തിയപ്പോൾ ഗംഭീർ അഭിനന്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിനു മുൻപ്, രോഹിത് ശർമ അർധസെഞ്ചറി നേടിയപ്പോൾ ഗംഭീർ കയ്യടിക്കുന്ന ദൃശ്യങ്ങളുമുണ്ട്. എന്തുതന്നെയായാലും സീനിയർ താരങ്ങളും കോച്ചും തമ്മിൽ എന്തൊക്കെയോ നീറിപ്പുകയുന്നുണ്ടെന്നു തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരങ്ങളുടെ ആരാധകർ, സമൂഹമാധ്യമങ്ങളിൽ ഗംഭീറിനെ ആക്രമിക്കുന്ന രീതി ബിസിസിഐയെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഈ സംഭവവികാസങ്ങൾക്കിടെയാണ് ബിസിസിഐ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.
English Summary:








English (US) ·