Published: December 01, 2025 12:01 PM IST
1 minute Read
മുംബൈ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അടിയന്തര യോഗം വിളിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരുമായി ചർച്ച നടത്തുന്നതിനാണ് യോഗം. രണ്ടാം ഏകദിനത്തിനു മുന്നോടിയായി രാവിലെ യോഗം ചേരുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 3നു റായ്‌പുരിലാണ് രണ്ടാം ഏകദിനം.
മുൻ ക്യാപ്റ്റൻമാരായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ബിസിസിഐയുടെ നടപടി. ഗംഭീറിനെയും അഗാർക്കറിനെയും കൂടാതെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിന്റ് സെക്രട്ടറി പ്രഭ്തേജ് സിങ് ഭാട്ടിയ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പുതുതായി നിയമിതനായ ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മത്സരദിനത്തിലാണ് യോഗമെന്നതിനാൽ വിരാട് കോലിയെയും രോഹിത് ശർമയെയും യോഗത്തിലേക്ക് വിളിക്കാനുള്ള സാധ്യത കുറവാണ്.
ടീമിലെ ‘സെലക്ഷൻ സ്ഥിരത’, ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റങ്ങൾ, മൊത്തത്തിലുള്ള ടീമിന്റെ പ്രകടനം എന്നിവ ചർച്ച ചെയ്യുന്നതിനാണ് യോഗമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടീം സമ്പൂർണ തോൽവി ഏറ്റുവാങ്ങിയത് യോഗത്തിൽ ചർച്ചയാകും. ഗംഭീറും അഗാർക്കറും യോഗത്തിൽ പങ്കെടുക്കുന്നതിനാൽ, ഇതു സംബന്ധിച്ച് ഇവരിൽനിന്നു വിശദീകരണം തേടിയേക്കും. ഇവരുടെ അഭിപ്രായങ്ങൾ അനുസരിച്ച് ഭാവി നടപടികൾ ആസൂത്രണം ചെയ്യാനും ബിസിസിഐ ഉദ്ദേശിക്കുന്നു.
വിരാട് കോലി, രോഹിത് ശർമ എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാകുമെന്നാണ് വിവരം. മുതിർന്ന താരങ്ങളും മാനജ്മെന്റും തമ്മിൽ ശരിയായ രീതിയിൽ ആശയവിനിമയം നടക്കുന്നില്ലെന്നും ഇതു പരിഹരിക്കണമെന്നും ബോർഡ് കരുതുന്നു. 2027 ലോകകപ്പ് വരെ ഇരുവരും ടീമിലുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഫിറ്റ്നസിലും പ്രകടനത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇരുവർക്കും നൽകിയിരുന്ന നിർദേശം. ഓസ്ട്രേലിയൻ പര്യടനത്തിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലും ഇരുവരും ഫോം തെളിയിച്ചു കഴിഞ്ഞു.
ഇരുവരും ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്നും മാനേജ്മെന്റ് നിർദേശമുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ രോഹിത്തും കോലിയും സമ്മതം അറിയിച്ചതായാണ് സൂചന. കോലി തന്റെ ടെസ്റ്റ് വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിനു പിന്നാലെ കോലി തന്നെ ഇക്കാര്യം നിഷേധിച്ചു.
English Summary:








English (US) ·