28 April 2025, 10:35 AM IST

Photo: PTI
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനും മുന്‍ താരവുമായ ഗൗതം ഗംഭീറിനുനേരെ കഴിഞ്ഞദിവസം വധഭീഷണിയുണ്ടായിരുന്നു. ഇ മെയില്‍ വഴി 'നിന്നെ ഞാന്‍ കൊല്ലും' എന്ന് മൂന്ന് വാക്കുകള്‍ മാത്രമുള്ള സന്ദേശമാണ് ലഭിച്ചിരുന്നത്. ഇതോടെ ഗംഭീര്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച, ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഗൗതം ഗംഭീര്‍ എക്‌സില്‍ പോസ്റ്റിട്ടിരുന്നു. പിന്നാലെയാണ് ഗംഭീറിന് വധഭീഷണി ലഭിച്ചത്. ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന പേരിലാണ് വധഭീഷണി ലഭിച്ച്.
ഗംഭീറിന് വധഭീഷണി അയച്ചയാളെ തിരിച്ചറിഞ്ഞിരിക്കുകയാണ് അന്വേഷണസംഘം. 21 വയസ്സായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഗ്നേഷ്‌സിന്‍ഹ് പര്‍മാര്‍ ആണ് പിന്നില്‍. ഗുജറാത്ത് സ്വദേശിയാണ്. പാര്‍മറിനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിന് മുന്‍പ് പാര്‍മറിന് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് കുടുംബം അവകാശപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മുന്‍താരമാണ് ഗംഭീര്‍. കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഗംഭീറിനു കീഴില്‍ ഇന്ത്യ ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടി.
Content Highlights: Gautam Gambhir Receives Death Threat, Accused Arrested








English (US) ·