Published: December 15, 2025 07:43 PM IST
1 minute Read
ധരംശാല ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ബോളർമാർ നൽകിയ തുടക്കം ബാറ്റർമാർ ഏറ്റുപിടിച്ചതോടെയാണ് രണ്ടാം മത്സരത്തിലേറ്റ തോൽവിയിൽനിന്ന് ടീം ഉജ്വല തിരിച്ചുവരവ് നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 117 റൺസിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ, 15.5 ഓവറിൽ ലക്ഷ്യം കണ്ടു. സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117ന് പുറത്ത്. ഇന്ത്യ 15.5 ഓവറിൽ 3ന് 120. ജയത്തോടെ 5 മത്സര പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധരംശാല പിച്ചിലെ വേഗവും സ്വിങ്ങും മുതലെടുത്ത ഇന്ത്യൻ പേസർമാർ തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി. ആദ്യ ഓവറിൽ തന്നെ റീസ ഹെൻഡ്രിക്സിനെ (0) പുറത്താക്കിയ അർഷ്ദീപ് സിങ്ങാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ക്വിന്റൻ ഡികോക്കിനെയും (1) ഡിയേവാൾഡ് ബ്രെവിസിനെയും (2) വീഴ്ത്തിയ ഹർഷിത് റാണ സന്ദർശകരെ വിറപ്പിച്ചു.
പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 25 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നാലെ ഹാർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും എത്തിയതോടെ സന്ദർശകർക്ക് കാര്യങ്ങൾ കൂടുതൽ കടുപ്പമായി. അപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന എയ്ഡൻ മാർക്രമാണ് (61) ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് മുന്നോട്ടു നീക്കിയത്. 19–ാം ഓവറിൽ അർഷ്ദീപ് സിങ്ങാണ് മാർക്രത്തെ പുറത്താക്കിയത്. ഓവർ അവസാനിക്കുമ്പോൾ 8ന് 113 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അവസാന ഓവർ ഹാർദിക് പാണ്ഡ്യ എറിയുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ക്യാപ്റ്റൻ സൂര്യകുമാറും ഹാർദിക്കിനെ പന്തേൽപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു.
ഇതിനിടെ കോച്ച് ഗൗതം ഗംഭീറിന്റെ നിർണായക ഇടപെടലിനെ തുടർന്നാണ് കുൽദീപ് യാദവിനെ അവസാന ഓവർ പന്തേൽപ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന രണ്ടു വിക്കറ്റും വീഴ്ത്തിയ കുൽദീപ്, ദക്ഷിണാഫ്രിക്കയെ 117 റൺസിന് ഓൾഔട്ടാക്കുകയും ചെയ്തു. ജന്മദിനത്തിലാണ് കുൽദീപിന് പരമ്പരയിൽ ആദ്യമായി പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചത്. അവസാന ഓവർ, കുൽദീപിനെ ഏൽപ്പിക്കാൻ ഗൗതം ഗംഭീർ നിർദേശം നൽകുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഫീൽഡിങ് കോച്ച്, ടി.ദിലീപിന് അടുത്തെത്തി ഗംഭീര്‍ എന്തോ നിര്‍ദേശിക്കുന്നതും, ഉടന്‍ തന്നെ ദിലീപ് ഇക്കാര്യം ഡഗ്ഔട്ടിലിരുന്ന സബ്‌സ്റ്റിറ്റ്യൂട്ടായ സഞ്ജു സാംസണോടു ചെന്നു പറയുന്നതും വിഡിയോയിൽ കാണാം. ദിലീപിന്‍റെ നിര്‍ദേശം കേട്ട സഞ്ജു, ഗ്രൗണ്ടിലേക്കോടി സൂര്യകുമാര്‍ യാദവിനോട് ഹാർദിക്കിനെയല്ല കുല്‍ദീപ് യാദവിനെ അവസാന ഓവര്‍ ഏൽപ്പിക്കാൻ പറഞ്ഞു. അങ്ങനെ അവസാന ഓവറിൽ, രണ്ടു റൺസ് മാത്രം വിട്ടുകൊടുത്ത്, രണ്ടു വിക്കറ്റ് വീഴ്ത്തിയ ‘ബർത്തഡേ ബോയ്’ കോച്ചിന്റെ വിശ്വാസം കാക്കുകയും ചെയ്തു.
English Summary:








English (US) ·