ഗംഭീറിന്റെ ഡൽഹിയിലെ വീട്ടിലെത്തി ശുഭ്മൻ ഗിൽ, അഞ്ചു മണിക്കൂർ നീണ്ട ചർച്ച! ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രം

8 months ago 10

ഓൺലൈൻ ഡെസ്ക്

Published: May 17 , 2025 05:45 PM IST

1 minute Read

 X@BCCI
ഗൗതം ഗംഭീറും ശുഭ്മൻ ഗില്ലും. Photo: X@BCCI

മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും മുൻപ് പരിശീലകൻ ഗൗതം ഗംഭീറുമായി മണിക്കൂറുകളോളം ചർച്ച നടത്തി ശുഭ്മൻ ഗിൽ. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിനെ യുവതാരം ഗിൽ നയിക്കുമെന്നാണു കരുതുന്നത്. രോഹിത് ശർമ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ടെസ്റ്റ് ടീമിന് മികച്ചൊരു ക്യാപ്റ്റനെ കൂടി കണ്ടെത്താനുള്ള നീക്കത്തിലാണ് ബിസിസിഐ. ഗില്ലിനു പുറമേ ജസ്പ്രീത് ബുമ്ര, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരെയും ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്.

ഗംഭീറിന്റെ ‍ഡൽഹിയിലെ വീട്ടിലെത്തിയാണ് ഗിൽ കൂടിക്കാഴ്ച നടത്തിയത്. അഞ്ചു മണിക്കൂറോളം ഇരുവരും സംസാരിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് ടൈറ്റൻ‌സിലെ സഹതാരം സായ് സുദർശൻ ടെസ്റ്റ് ടീമിൽ വേണമെന്ന ആവശ്യം ഗിൽ ഗംഭീറിനു മുന്നിൽ വച്ചെന്നാണു വിവരം.പിന്നാലെ ഇന്ത്യൻ ടീം ചീഫ് സിലക്ടർ അജിത് അഗാർക്കർ മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽവച്ച് ഗില്ലിനെ കണ്ട് സംസാരിച്ചു. ഗില്ലിനെ കൊണ്ടുവരുന്നതിലൂടെ ടെസ്റ്റിൽ ഏറെക്കാലം ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ടുപോകാമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടൽ. 

ഇടയ്ക്കിടെ പരുക്കേൽക്കുന്നതാണു ജസ്പ്രീത് ബുമ്രയ്ക്കു തിരിച്ചടിയായത്. ബുമ്രയെ ക്യാപ്റ്റനാക്കിയാലും താരത്തിനു വീണ്ടും പരുക്കേറ്റാൽ പകരം ക്യാപ്റ്റനായി മറ്റൊരാളെ കൂടി ബിസിസിഐ കണ്ടെത്തണം. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനെ ഗിൽ നയിക്കുന്ന രീതിയിലും ഇന്ത്യൻ ടീം മാനേജ്മെന്റ് തൃപ്തരാണ്. പുതിയ ക്യാപ്റ്റന്റെ കൂടി നിലപാടുകള്‍ അനുസരിച്ചാകും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുക.

English Summary:

Shubman Gill Spoke To Gautam Gambhir For 5 Hours

Read Entire Article