Published: September 12, 2025 10:04 AM IST
2 minute Read
-
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കരുത്തായി ശിവം ദുബെയുടെ ബോളിങ് മികവ്
ദുബായ് ∙ ഏഷ്യാകപ്പ് ക്രിക്കറ്റിലെ അശ്വമേധത്തിനു മുൻപ് ആവനാഴിയിൽ ആയുധങ്ങൾ ഭദ്രമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഐസിസി ട്വന്റി20 റാങ്കിങ്ങിൽ 15–ാം സ്ഥാനത്തുള്ള യുഎഇയ്ക്കെതിരെ ബുധനാഴ്ച ആദ്യ മത്സരം കളിക്കുമ്പോഴും ആരാധകരുടെ മനസ്സിൽ ഞായറാഴ്ച നടക്കുന്ന പാക്കിസ്ഥാനെതിരെ ആവേശപ്പോരാട്ടമായിരുന്നു.
7 മാസത്തിനുശേഷം രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുന്ന ഇന്ത്യൻ താരങ്ങൾ ഈ ഫോർമാറ്റിൽ ഫോമിലാണോ? ബാറ്റിങ് ഓർഡറിലെ പൊളിച്ചെഴുത്തുകൾ ടീമിനെ ബാധിക്കുമോ? പേസ്– സ്പിൻ കോംബിനേഷൻ എങ്ങനെ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ഇന്ത്യൻ ടീമിന് ചുറ്റും കറങ്ങുന്നുണ്ടായിരുന്നു. ആശങ്കകളെയെല്ലാം ഒരൊറ്റ മത്സരത്തിലൂടെ ബൗണ്ടറി കടത്തിയ താരങ്ങൾ ആരാധകരോട് വിളിച്ചുപറഞ്ഞു; ഈ ടീം സെറ്റാണ്. ഞായറാഴ്ച ദുബായിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ആത്മവിശ്വാസത്തോടെ ഇറങ്ങാൻ യുഎഇയ്ക്കെതിരായ അനായാസ വിജയം ഇന്ത്യയ്ക്ക് കരുത്തുപകരും.
∙ ദുബെയെ കണ്ടെത്തൽ
ലോവർ ഓർഡർവരെ ബാറ്റിങ് നിര ശക്തമായിരിക്കണമെന്ന പരിശീലകൻ ഗൗതം ഗംഭീറിന്റെ നിർബന്ധ ബുദ്ധിയാണ് റിങ്കു സിങ്ങിനെ മറികടന്ന്, ബാറ്റിങ് ഓൾറൗണ്ടർ ശിവം ദുബെയെ യുഎഇയ്ക്കെതിരായ മത്സരത്തിൽ പ്ലേയിങ് ഇലവനിലെത്തിച്ചത്. ഇതുവരെ കളിച്ച 36 ട്വന്റി20 മത്സരങ്ങളിൽ 25 മത്സരങ്ങളിൽ മാത്രമാണ് ദുബെ പന്തെറിഞ്ഞത്. 4 ഓവർ പൂർത്തിയാക്കിയത് 2 മത്സരങ്ങളിൽ മാത്രവും. എന്നാൽ യുഎഇയ്ക്കെതിരെ വെറും 2 ഓവറിനിടെ 4 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ദുബെ ബോളിങ് മികവ് തെളിയിച്ചതോടെ ടീം സിലക്‌ഷൻ സംബന്ധിച്ച ഇന്ത്യയുടെ തലവേദനയും കുറഞ്ഞു.
ദുബെയടക്കം 8 ബാറ്റർമാരും 6 ബോളർമാരും അടങ്ങിയതായിരുന്നു കഴിഞ്ഞ മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവൻ. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഒരു സ്പെഷലിസ്റ്റ് പേസറുമായി മാത്രം കളത്തിലിറങ്ങാനും ഒരു സ്പിന്നറെ അധികമായി ഉൾപ്പെടുത്താനും ഇന്ത്യൻ ടീം മാനേജ്മെന്റിനു ധൈര്യം നൽകുന്നതാണ് ദുബെയുടെ ഫോം. മത്സരത്തിനുശേഷം ഇന്ത്യൻ ഡ‍്രസിങ് റൂമിലെ ഇംപാക്ട് പ്ലെയർ പുരസ്കാരം നേടിയതും മുപ്പത്തിരണ്ടുകാരൻ ദുബെയാണ്.
സഞ്ജുവിന്റെ സ്ഥാനം
ഓപ്പണറായില്ലെങ്കിലും എഷ്യാകപ്പ് ടീമിൽ തന്റെ സ്ഥാനമുറപ്പിക്കാൻ സഞ്ജു സാംസണിനായി. ജിതേഷ് ശർമയ്ക്കു പകരം വിക്കറ്റ് കീപ്പറായ സഞ്ജുവിന്റെ, ഡൈവിങ് ക്യാച്ചുകളും അതിവേഗ സ്റ്റംപിങ്ങും മത്സരത്തിൽ കയ്യടി നേടി. 9 പന്തിൽ പുറത്താകാതെ 20 റൺസ് നേടിയ ശുഭ്മൻ ഗിൽ തന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടി നൽകിയപ്പോൾ ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ സിക്സർ പറത്തിയ അഭിഷേക് ശർമ, ആക്രമണ ബാറ്റിങ്ങിന് മാറ്റൊട്ടും കുറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ബാറ്റിങ് ഓർഡറിൽ സൂര്യകുമാർ യാദവ് മൂന്നാംസ്ഥാനത്തേക്ക് കയറിയപ്പോൾ തിലക് വർമയ്ക്കും ശേഷം അഞ്ചാമനായാണ് സഞ്ജുവിന് ഇറങ്ങാനാകുക.
കുൽദീപിന്റെ തിരിച്ചുവരവ്
മാർച്ചിലെ ചാംപ്യൻസ് ട്രോഫി ഫൈനലിനുശേഷം ഇന്ത്യൻ ടീമിൽ അവസരങ്ങൾ നഷ്ടമായ കുൽദീപ് യാദവിന്റെ തിരിച്ചുവരവ് കൂടിയായി ആദ്യ മത്സരം. ടീം കോംബിനേഷന്റെ പേരിൽ പ്ലേയിങ് ഇലവനിൽനിന്ന് തുടർച്ചയായി സ്ഥാനം നഷ്ടമായ കുൽദീപിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മുഴുവൻ ബെഞ്ചിലിരിക്കേണ്ടിവന്നു. എന്നാൽ, ദുബായിലെ പിച്ചിന്റെ മർമം തിരിച്ചറിഞ്ഞ് പ്രഹരിച്ച കുൽദീപിന്റെ ഗൂഗ്ലികൾ യുഎഇ ബാറ്റർമാരെ വട്ടംകറക്കി. 13 പന്തുകൾക്കിടെ 7 റൺസ് മാത്രം വഴങ്ങിയാണ് കുൽദീപ് 4 വിക്കറ്റുകൾ നേടിയത്. സ്പിന്നിനെ തുണയ്ക്കുന്ന ദുബായിലെ പിച്ചിൽ വരും മത്സരങ്ങളിലും കുൽദീപ് എതിരാളികളുടെ പേടി സ്വപ്നമാകുമെന്ന് തീർച്ച.
English Summary:








English (US) ·