
Photo: instagram.com/shikhardofficial/
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഗേള്‍ ഫ്രണ്ടിനെ ഔദ്യോഗികമായി പരിചയപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. അയര്‍ലന്‍ഡുകാരിയായ സോഫി ഷൈനാണ് ധവാന്റെ ഗേള്‍ ഫ്രണ്ട്. ധവാനെ ടാഗ് ചെയ്താണ് താരത്തിനൊപ്പമുള്ള ചിത്രം സോഫി ഷൈന്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം പെട്ടെന്നു തന്നെ വൈറലായി. 'എന്റെ പ്രണയം' എന്നാല്‍ സോഫി ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
മാസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തിക്കൊണ്ട് ധവാനും സോഫിയും ഇതാദ്യമായാണ് തങ്ങളുടെ ബന്ധം പരസ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ധവാനൊപ്പം സോഫി ഷൈനിനെ ആദ്യമായി കാണുന്നത്. പിന്നാലെ താരത്തിനൊപ്പം കണ്ട അജ്ഞാത സുന്ദരി ആരെന്ന തിരച്ചില്‍ ആരാധകര്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് പലയിടത്തും ഇരുവരെയും ഒന്നിച്ച് ആരാധകര്‍ കണ്ടു. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ - ബംഗ്ലാദേശ് മത്സരം കാണാനും ഇരുവരും ഒന്നിച്ചെത്തിയിരുന്നു. തുടര്‍ന്ന് ഒരു മീഡിയ കോണ്‍ക്ലേവിലും ഇരുവരെയും ഒന്നിച്ചു കണ്ടിരുന്നു.
ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ അനുസരിച്ച് പ്രോഡക്ട് കണ്‍സള്‍ട്ടന്റായ സോഫി, ഇപ്പോള്‍ അമേരിക്കന്‍ ധനകാര്യ സേവന കമ്പനിയായ നോര്‍ത്തേണ്‍ ട്രസ്റ്റ് കോര്‍പ്പറേഷനില്‍ സെക്കന്‍ഡ് വൈസ് പ്രസിഡന്റ് - പ്രൊഡക്റ്റ് കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുകയാണ്. യുഎഇയിലാണ് സോഫിയുടെ താമസം. ഇവിടെവെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
മെല്‍ബണ്‍ സ്വദേശിയായിരുന്ന അയേഷ മുഖര്‍ജിയായിരുന്നു ധവാന്റെ ആദ്യ ഭാര്യ. ഫിറ്റ്‌നസ് ട്രെയ്‌നറും കിക്ക് ബോക്‌സറുമായ അയേഷയുമായി 2008-ല്‍ ധവാന്‍ പ്രണയത്തിലാവുകയും 2012-ല്‍ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. ധവാനേക്കാള്‍ 12 വയസ് കൂടുതലായിരുന്നു അയേഷയ്ക്ക്. ഇരുവര്‍ക്കും സൊരാവര്‍ ധവാന്‍ എന്ന ഒരു മകനുണ്ട്. ഒമ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചതായി 2021-ല്‍ അയേഷയാണ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. ധവാന്റെ പേര് ചേര്‍ത്തുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് അയേഷ മുഖര്‍ജി എന്ന പേരിലെ അക്കൗണ്ടില്‍ നിന്നാണ് അവര്‍ വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് 2023 ഒക്ടോബറില്‍ ഡല്‍ഹി കുടുംബ കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യ അയേഷ മുഖര്‍ജിയില്‍ നിന്ന് ക്രൂരതയും മാനസിക പീഡനങ്ങളും അനുഭവിച്ച ഹര്‍ജിക്കാരന് (ശിഖര്‍ ധവാന്‍) ഇവരില്‍ നിന്ന് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
അയേഷ വര്‍ഷങ്ങളോളം ഓസ്ട്രേലിയയില്‍ താമസിച്ച് ഏക മകനെ അകറ്റിനിര്‍ത്തി ധവാനെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്നും താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും കുടുംബ കോടതി ജഡ്ജി ഹരീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇതിന് കോടതി അയേഷയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
2025 ഫെബ്രുവരിയില്‍, വിവാഹമോചനത്തിനു ശേഷമുള്ള തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് ധവാന്‍ തുറന്നുപറഞ്ഞിരുന്നു. തന്റെ മകന്‍ സൊരാവറിനെ അവസാനമായി കണ്ടിട്ട് രണ്ട് വര്‍ഷമായെന്നും അവര്‍ അവസാനമായി സംസാരിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്നും ധവാന്‍ വെളിപ്പെടുത്തി.
Content Highlights: Indian cricketer Shikhar Dhawan introduces his caller girlfriend, Sophie Shine








English (US) ·