29 May 2025, 09:43 AM IST
ഇന്ത്യയിലെ ചിത്രീകരണത്തിനിടെ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതിനെയെല്ലാം അവഗണിച്ചായിരുന്നു അദ്ദേഹം 'ഗാന്ധി'യെ പകർത്തിയത്.

അന്തരിച്ച ഛായാഗ്രാഹകൻ ബില്ലി വില്യംസ് | ഫോട്ടോ: X, Imdb
ലണ്ടൻ: പ്രശസ്ത ഛായാഗ്രാഹകൻ ബില്ലി വില്യംസ് (96) അന്തരിച്ചു. ഗാന്ധി എന്ന ചിത്രത്തിലൂടെ ഓസ്കർ പുരസ്കാരം നേടിയ പ്രതിഭയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സിനിമാറ്റോഗ്രാഫർ മാഗസിൻ മരണം സ്ഥിരീകരിച്ചു. എന്നാൽ മരണകാരണം വ്യക്തമായിട്ടില്ല.
1929-ൽ ലണ്ടനിലെ വാൾത്താംസ്റ്റോയിലാണ് ബില്ലി വില്യംസ് ജനിച്ചത്. വില്യംസിനെ സിനിമാ നിർമ്മാണത്തിലേക്ക് കൊണ്ടുവന്നത് ഒരു യുദ്ധകാല ഡോക്യുമെന്റേറിയനായ പിതാവാണ്. 14 വയസ്സായപ്പോൾ ബില്ലി പിതാവിന്റെ ഛായാഗ്രഹണ സഹായിയായി മാറിക്കഴിഞ്ഞിരുന്നു. റോയൽ എയർ ഫോഴ്സിൽ ഫോട്ടോഗ്രാഫറായി സേവനമനുഷ്ഠിച്ചതിന് ശേഷം, വില്യംസ് ഗതാഗത മന്ത്രാലയത്തിന് വേണ്ടി ഡോക്യുമെന്ററികൾ തയ്യാറാക്കാൻ തുടങ്ങി. ഇതാണ് അദ്ദേഹത്തിന് ഫീച്ചർ സിനിമകളിലേക്കുള്ള വഴി തുറന്നത്.
1965-ലെ കോമഡി ചിത്രമായ സാൻ ഫെറി ആൻ ആയിരുന്നു ബില്ലി വില്യംസിന്റെ കരിയറിൽ വഴിത്തിരിവായത്. കെൻ റസ്സൽ സംവിധാനംചെയ്ത വുമൺ ഇൻ ലവ് (1969) എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായി. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ആദ്യ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചു.
റിച്ചാർഡ് ആറ്റൻബറോയുടെ ഇതിഹാസചിത്രമായ ഗാന്ധിയിലൂടെ ഛായാഗ്രഹണത്തിനുള്ള ഓസ്കർ പുരസ്കാരം ബില്ലി വില്യംസിനെ തേടിയെത്തി. ഇന്ത്യയിലെ ചിത്രീകരണത്തിനിടെ ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിട്ടെങ്കിലും അതിനെയെല്ലാം അവഗണിച്ചായിരുന്നു അദ്ദേഹം 'ഗാന്ധി'യെ പകർത്തിയത്. ദി എക്സോർസിസ്റ്റ്, വോയേജ് ഓഫ് ദി ഡാംഡ്, ദി വിൻഡ് ആൻഡ് ദി ലയൺ തുടങ്ങിയവയാണ് ഛായാഗ്രഹണം നിർവഹിച്ച മറ്റുപ്രധാന ചിത്രങ്ങൾ.
നിരവധി ബാഫ്റ്റ നാമനിർദേശങ്ങളും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരങ്ങളും ബില്ലി വില്യംസിനെ തേടിയെത്തി. 2009-ൽ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ ആയി നിയമിക്കപ്പെട്ടു. സങ്കൽപ്പിക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും സംതൃപ്തി നൽകുന്ന ജോലിയായിരുന്നു തൻ്റേത് എന്നാണ് ഒരിക്കൽ ബില്ലി വില്യംസ് പറഞ്ഞത്. ബില്ലി വില്യംസിന്റെ അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതം തലമുറകൾക്ക് പ്രചോദനമാണ്.
Content Highlights: Renowned cinematographer Billy Williams, known for `Gandhi` and galore different films, passed away
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·