22 September 2025, 12:10 PM IST

മത്സരത്തിനിടെ ഹാരിസ് റൗഫിന്റെ അംഗവിക്ഷേപങ്ങൾ | ഫോട്ടോ - x.com, എഎൻഐ
ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിനിടെ പാക് താരം ഹാരിസ് റൗഫിന് വിരാട് കോലിയുടെ പേരുവിളികള്‍ക്കൊണ്ട് പരിഹാസശരം. മുന്‍പ് കോലി ഹാരിസിനെ സിക്‌സര്‍ തൂക്കിയത് ഓര്‍മിപ്പിച്ചുകൊണ്ടാണ് കാണികള്‍ പരിഹസിച്ചത്. ബൗണ്ടറിക്കരികേ ഫീല്‍ഡ് ചെയ്ത ഹാരിസിനെ 'കോലി, കോലി' എന്ന വിളികളോടെ കാണികള്‍ പരിഹസിച്ചെങ്കിലും ആദ്യം ചെവികൊണ്ടില്ല. പ്രകോപനം വര്‍ധിച്ചതോടെ യുദ്ധവിമാന ആംഗ്യത്തിലൂടെ ഹാരിസ് മറുപടി നല്‍കി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ബൗണ്ടറി ലൈനില്‍ റൗഫ് ഫീല്‍ഡ് ചെയ്യുമ്പോഴെല്ലാം കാണികള്‍ 'കോലി-കോലി' എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. 2022-ലെ ടി20 ലോകകപ്പില്‍ മെല്‍ബണില്‍വെച്ച് കോലി ഹാരിസിനെ മിഡ് ഓഫിന് മുകളിലൂടെ ഒരു ബാക്-ഫൂട്ട് സിക്‌സ് പറത്തിയിരുന്നു. തൊട്ടടുത്ത പന്തിലും കോലി സിക്‌സ് നേടി. അന്ന് കോലിയുടെ ആ ഇന്നിങ്‌സാണ് മത്സരത്തിന്റെ ഗതിമാറ്റിയത്. ഇത് ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു കാണികളുടെ കോലി വിളി.
ആദ്യമാദ്യം ഇതൊക്കെ ആരു കേള്‍ക്കുന്നു എന്ന മട്ടില്‍ റൗഫ് ചെവിതടവി. വിളി വീണ്ടും തുടര്‍ന്നതോടെ ഒരു യുദ്ധവിമാനത്തെ അനുകരിച്ച് ആംഗ്യം കാണിച്ചു. കൈക്കൊണ്ട് യുദ്ധവിമാനം പറക്കുന്നതും താഴെവീഴുന്നതുമായ ആംഗ്യം കാണിക്കുകയായിരുന്നു. സൂപ്പര്‍ ഫോര്‍ മത്സരത്തിന്റെ തലേദിവസം പരിശീലനത്തിനിടെ റൗഫ് 6-0 എന്ന് വിളിച്ചുപറയുന്നത് കേട്ടിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂറിനിടെ ആറ് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. മത്സരത്തലേന്നും കോലി വിളികളോടുള്ള മറുപടിയായും റൗഫ് ഇക്കാര്യമാണ് പ്രതികരിച്ചതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
അതിനിടെ, സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ റൗഫും ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയും തമ്മില്‍ വാക്കേറ്റമുണ്ടായി. അഞ്ചാം ഓവറിലാണ് സംഭവം. തുടര്‍ന്ന് ഓണ്‍-ഫീല്‍ഡ് അമ്പയര്‍ ഗാസി സോഹല്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. എങ്കിലും ബൗളര്‍ക്കെതിരേ ആക്രമണം വര്‍ധിപ്പിക്കാന്‍ ഇത് അഭിഷേകിനെ പ്രേരിപ്പിച്ചു.
Content Highlights: Fireworks connected and disconnected the Field: India Overpowers Pakistan successful Asia Cup Thriller








English (US) ·