Published: September 06, 2025 05:23 PM IST Updated: September 06, 2025 05:46 PM IST
1 minute Read
മയാമി∙ അമേരിക്കൻ പ്രൊഫഷനൽ ബേസ് ബോൾ മത്സരത്തിനിടെ സ്റ്റാൻഡിൽനിന്നു ലഭിച്ച പന്ത് മകന് സമ്മാനിച്ച പിതാവിനോട് കലഹിച്ച് കളി കാണാനെത്തിയ യുവതി. ഫിലഡൽഫിയ ഫിലീസും മയാമി മാർലിൻസും തമ്മിലുള്ള മത്സരത്തിനിടെയാണ് പന്തിനു വേണ്ടി രണ്ട് ആരാധകർ തമ്മിൽ വാക്കുതർക്കമുണ്ടായത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഹാരിസൻ ബാഡറാണ് പന്ത് സ്റ്റാൻഡിലേക്ക് അടിച്ചുകയറ്റിയത്. തൊട്ടുപിന്നാലെ ആരാധകരിലൊരാൾ അതെടുത്ത് മകന് സമ്മാനിച്ചു. പിതാവ് മകനെ കെട്ടിപ്പിടിച്ചു നിൽക്കുന്നതിനിടെ മറ്റൊരു യുവതിയെത്തി പന്തിനു വേണ്ടി തർക്കിക്കുകയായിരുന്നു.
കുറച്ചുനേരം സംസാരിച്ചുനിന്നെങ്കിലും ഫിലഡൽഫിയ ജഴ്സി ധരിച്ചയാൾ പന്ത് മകന്റെ കയ്യിൽനിന്നു വാങ്ങി യുവതിക്കു നൽകി. ഇതു വാങ്ങിയ യുവതി യാതൊരു കൂസലുമില്ലാതെ നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ യുവതിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. എന്നാൽ സംഭവത്തിനു പിന്നാലെ മാർലിൻസ് ടീമിന്റെ പ്രതിനിധികൾ ഗാലറിയിലെത്തി കുട്ടിക്ക് സമ്മാനങ്ങളടങ്ങിയ കിറ്റ് കൈമാറി.
മത്സരശേഷം കുട്ടിയെ കണ്ട ഫിലഡൽഫിയ ഫില്ലിസ് താരം ഹാരിസൻ ബാഡർ ബാറ്റിൽ ഒപ്പിട്ടുനൽകുകയും ചെയ്തു. കുട്ടിക്കു ലഭിച്ച ഒരു പന്തിനു വേണ്ടി ഗാലറിയിൽനിന്ന് കലഹിച്ച യുവതി ആരെന്ന അന്വേഷണത്തിലാണ് ബേസ് ബോൾ ആരാധകർ. യുഎസ് ഓപ്പൺ ടെന്നിസ് മത്സരത്തിനിടെയും കഴിഞ്ഞ ദിവസം സമാനമായ സംഭവം അരങ്ങേറിയിരുന്നു. ടെന്നിസ് താരം കമിൽ മജ്ഷ്രാക് കുട്ടിക്ക് ഒപ്പിട്ടുനൽകിയ തൊപ്പി, പോളിഷ് കമ്പനിയായ ദ്രോക്‌ബ്രുകിന്റെ സിഇഒ പ്യോറ്റ് ഷെറെക് തട്ടിപ്പറിച്ചതാണു വിവാദമായത്. ദൃശ്യങ്ങൾ വൈറലായതോടെ മാപ്പു പറഞ്ഞാണ് പോളിഷ് സിഇഒ തടിയൂരിയത്.
English Summary:








English (US) ·