മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ചര്‍ച്ചയായി മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനം. ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീമിലേക്ക് പരിഗണിച്ചതോടെയാണ് സഞ്ജുവിന്റെ കാര്യത്തില്‍ സംശയം ഉടലെടുക്കുന്നത്. സഞ്ജുവിനെ ഓപ്പണറായാണ് ടീമിലേക്ക് പരിഗണിക്കുന്നതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത്ത് അഗാര്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞെങ്കിലും ഗില്ലിനെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കുകയാണെങ്കില്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടമായേക്കുമെന്നാണ് വിലയിരുത്തല്‍.
ഏഷ്യാ കപ്പിനുള്ള ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ഗില്‍ ടി20 ടീമിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അജിത്ത് അഗാര്‍ക്കറിനും പരിശീലകന്‍ ഗൗതം ഗംഭീറിനും ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ താത്പര്യവുമുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതായിരുന്നു ടീം തിരഞ്ഞെടുപ്പ്. നിലവില്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റനാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് താരത്തിന്റെ ടി20 ടീമിലേക്കുള്ള തിരിച്ചുവരവെന്നത് വ്യക്തം. ഗില്ലിനെ മുന്നില്‍നിര്‍ത്തി മൂന്നുഫോര്‍മാറ്റിലും ഒരു ക്യാപ്റ്റന്‍ എന്ന ആശയം ഗംഭീറിനുണ്ട്. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ സെറ്റായ ടി20 ടീമിനെ പൊളിക്കരുതെന്ന് പലരും പറഞ്ഞിരുന്നെങ്കിലും സെലക്ഷന്‍ കമ്മിറ്റിയോ പരിശീലകനോ അത് ചെവിക്കൊണ്ട മട്ടില്ല.
അഭിഷേക് ശര്‍മയും സഞ്ജുവുമാണ് നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാം സ്ഥാനത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ബാറ്റിങ്ങിനെത്താറ്. ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിങ്ങനെയായിരുന്നു പിന്നീടുള്ള ബാറ്റിങ് ക്രമം. ടോപ്പ് ഓര്‍ഡര്‍ ബാറ്ററായ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ ഓപ്പണിങ്ങിലോ വണ്‍ഡൗണോ ആയി ഇറക്കേണ്ടിവരും. ഓപ്പണിങ്ങില്‍ അഭിഷേക് - സഞ്ജു കൂട്ടുകെട്ട് തുടരുമെന്ന് സൂര്യയും ഗംഭീറും നേരത്തേ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ പൊളിക്കേണ്ടി വരുന്നത് ഓപ്പണിങ് സഖ്യം തന്നെയായിരിക്കും. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയിലടക്കം മൂന്നാം നമ്പറില്‍ തിളങ്ങിയ തിലക് വര്‍മയെ ആ സ്ഥാനത്തു നിന്ന് മാറ്റാന്‍ സാധ്യതയില്ല. അതിനാല്‍ മുമ്പ് ടി20 ടീമില്‍ അഞ്ചാം നമ്പറില്‍ കളിച്ചിട്ടുള്ള സഞ്ജുവിനെ ആ സ്ഥാനത്തേക്ക് മാറ്റാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഓപ്പണിങ്ങില്‍ ഇടംകൈ - വലംകൈ കോമ്പിനേഷന്‍ ഒഴിവാക്കാന്‍ യാതൊരു സാധ്യതയുമില്ല. അവസാനം കളിച്ച ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ചുകളികളില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 279 റണ്‍സടിച്ച അഭിഷേക് ശര്‍മയെ ഒഴിവാക്കാന്‍ ഒരുതരത്തിലും കഴിയില്ല. അതിനാല്‍ ഗില്ലിനെ ഓപ്പണറാക്കുകയാണെങ്കില്‍ സഞ്ജുവിന് സ്ഥാനം നഷ്ടമാകും.
എന്നാല്‍ അതുമാത്രമല്ല, വിക്കറ്റ് കീപ്പറായി മുന്‍ഗണന ലഭിക്കേണ്ടത് സഞ്ജുവിനാണ്. എന്നാല്‍ ബിസിസിഐ ചൊവ്വാഴ്ച പുറത്തുവിട്ട ടീം ലിസ്റ്റില്‍ ജിതേഷ് ശര്‍മയുടെ പേര് എട്ടാമതും സഞ്ജുവിന്റെ പേര് 13-ാം സ്ഥാനത്തുമാണ്. ഇതും ഒരു സൂചനയായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. സഞ്ജുവിന് പകരം ജിതേഷ് ടീമിന്റെ വിക്കറ്റ് കീപ്പറായാല്‍ അതില്‍ അദ്ഭുതപ്പെടാനില്ലെന്ന് സാരം. സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കുമോ അതോ ജിതേഷിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
Content Highlights: Will Sanju Samson suffer his spot successful the Indian T20 squad with Shubman Gill`s arrival?








English (US) ·