Published: December 18, 2025 03:05 PM IST
1 minute Read
അഹമ്മദാബാദ് ∙ കാൽവിരലിനു പരുക്കേറ്റ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരവും നഷ്ടമായേക്കും. നാലാം ട്വന്റി20ക്ക് മുൻപ് ലക്നൗവിൽ നെറ്റ്സ് പരിശീലനം നടത്തുമ്പോഴാണ് ഗില്ലിന്റെ കാൽവിരലിന് പരുക്കേറ്റത്. ഗില്ലിനെ ടീമിൽനിന്ന് ഔദ്യോഗികമായി ഒഴിവാക്കിയിട്ടില്ലെങ്കിലും അവസാന മത്സരത്തിൽ താരം കളിക്കില്ലെന്നു തന്നെയാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ചയാണ് അഞ്ചാം ട്വന്റി20 മത്സരം.
ലക്നൗവിലെ മത്സരം തുടങ്ങുന്നതിനു മുന്നോടിയായി ഗിൽ, പ്ലേയിങ് ഇലവനിലുണ്ടാകില്ലെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിരുന്നു. എന്നാൽ കടുത്ത മൂടൽമഞ്ഞിനെ തുടർന്നു മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഗില്ലിനു പകരം ഓപ്പണറാകാൻ സാധ്യതയുണ്ടായിരുന്നു സഞ്ജു സാംസണ് കളിക്കാനുള്ള അവസരവും നഷ്ടമായി. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20യിലാണ് സഞ്ജു അവസാനമായി പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചത്. അതിനു ശേഷം നടന്ന ആറു മത്സരങ്ങളിലും സഞ്ജു ബെഞ്ചിലാണ്.
ശുഭ്മൻ ഗില്ലിന് കൂടുതൽ അവസരങ്ങളൊരുക്കുന്നതിനു വേണ്ടിയാണ് ഓപ്പണിങ്ങിൽ മികച്ച റെക്കോർഡുള്ള സഞ്ജു സാംസണെ റിസർവ് ബെഞ്ചിലിരിത്തുന്നത്. ധരംശാലയിൽ നടന്ന മൂന്നാം ട്വന്റി20യിൽ 28 പന്തിൽ 28 റൺസ് നേടിയെങ്കിലും ട്വന്റി20യിലെ തന്റെ ബാറ്റിങ് ശൈലിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി നൽകാൻ ശുഭ്മൻ ഗില്ലിനു കഴിഞ്ഞിട്ടില്ല. ഗില്ലിനു വിശ്രമം അനുവദിച്ച്, സഞ്ജുവിന് അവസരം നൽകണമെന്ന മുറവിളി പലകോണുകളിൽനിന്ന് ഉയരുന്നതിനിടെയാണ് ഗിൽ പരുക്കേറ്റ് പുറത്താകുന്നത്. കൊൽക്കത്തയിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ കഴുത്തിനു പരുക്കേറ്റതിനെ തുടർന്ന് ബാക്കി ടെസ്റ്റ് മത്സരങ്ങളും ഏകദിന പരമ്പരയും ഗില്ലിനു നഷ്ടമായിരുന്നു. ഗില്ലിന്റെ അഭാവത്തിൽ കെ.എൽ.രാഹുലാണ് ഏകദിനത്തിൽ ഇന്ത്യയെ നയിച്ചത്.
അവസാന ട്വന്റി20യിൽ വീണ്ടും ഓപ്പണറായി തിളങ്ങാൻ സാധിച്ചാൽ അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജു സാംസണ് സ്ഥാനം ഉറപ്പിക്കാനാകും. ജനുവരിയിൽ നടക്കുന്ന ന്യൂസീലൻഡ് പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ഇന്ത്യൻ ട്വന്റി20 ടീമിനെ ബിസിസിഐ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നാണ് വിവരം.
English Summary:








English (US) ·