ഗില്ലിനെ ഏഷ്യാകപ്പ് കളിപ്പിച്ച് സ്വയം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, നോട്ടം മാർക്കറ്റിങ് മാത്രം: വിമർശനവുമായി മുൻ ഇന്ത്യൻ താരം

4 months ago 5

മനോരമ ലേഖകൻ

Published: September 04, 2025 12:40 AM IST

1 minute Read

shubman-gill-abhishek-sharma-sanju-samson
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസൺ

മുംബൈ∙ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ശുഭ്മൻ ഗില്ലിനെ ഉൾപ്പെടുത്തി സിലക്ടർമാർ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തിയെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഇന്ത്യയുടെ വിശ്വസ്തനായ ശുഭ്മൻ ഗില്ലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനം നൽകിയാണ് ട്വന്റി20 ടീമിലെടുത്തത്. വൈസ് ക്യാപ്റ്റനായതിനാൽ ഗില്ലിന് പ്ലേയിങ് ഇലവനിലും സ്ഥാനമുറപ്പാണ്. ഗില്ലിനെ സൂപ്പർ താരമായി വളർത്തിക്കൊണ്ടുവരികയെന്നതാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ ലക്ഷ്യമെന്ന് റോബിൻ ഉത്തപ്പ വ്യക്തമാക്കി.

‘‘ഇന്ത്യൻ ടീമിലേക്ക് ഗില്ലിനെ എടുത്തതുവഴി ബിസിസിഐ പ്രശ്നങ്ങൾ സ്വയം വരുത്തിവയ്ക്കുകയാണ്. ഓരോ കാലത്തും ബിസിസിഐ സൂപ്പർ താരങ്ങളെ വളർത്തുകയും അവരെ മാത്രം വളരെയധികം പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. അതിന് അവരെ കുറ്റം പറയാൻ സാധിക്കില്ല. മാർക്കറ്റിങ് സാധ്യതകൾ കൂടി പരിഗണിച്ചാണു ഗില്ലിനെ കളിപ്പിക്കുന്നതെന്നാണ് എന്റെ അഭിപ്രായം. മത്സരം മുന്നോട്ടുകൊണ്ടുപോകാൻ അവർക്കു സൂപ്പർ താരങ്ങളെ ആവശ്യമാണ്. അതിൽ ഒരാളാണു ശുഭ്മൻ ഗിൽ.’’– റോബിൻ ഉത്തപ്പ യുട്യൂബ് ചാനലിൽ വ്യക്തമാക്കി.

ഏഷ്യാകപ്പിൽ ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ഇന്ത്യൻ ടീമിന്റെ ഓപ്പണർമാരാകുമെന്നാണു പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ ഇന്ത്യൻ ട്വന്റി20 ടീമിലെ നിലവിലെ ഓപ്പണറായ സഞ്ജു സാംസണ് ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങേണ്ടിവരും. ഏഷ്യാകപ്പ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറാണു സഞ്ജു സാംസൺ. ഓപ്പണറായി മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ ഗില്ലിനു വേണ്ടി മധ്യനിരയിലേക്കു മാറ്റുന്നത് താരത്തിന്റെ ഫോമിനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകർ.

English Summary:

Gill's Asia Cup Selection Due to Marketing, Not Merit: Uthappa

Read Entire Article