Published: July 15 , 2025 03:43 PM IST Updated: July 15, 2025 04:00 PM IST
1 minute Read
ലണ്ടൻ∙ ലോഡ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരായ വിവാദ തീരുമാനങ്ങളെടുത്ത അംപയർ പോൾ റെയ്ഫെലിനെതിരെ രൂക്ഷവിമർശനവുമായി മുന്‍ ഇന്ത്യൻ താരം ആർ. അശ്വിൻ. റെയ്ഫൽ ഇംഗ്ലണ്ടിന് അനുകൂലമായി മാത്രം തീരുമാനങ്ങളെടുക്കുന്നുവെന്നാണ് അശ്വിന്റെ പരാതി. ലോഡ്സ് ടെസ്റ്റിലെ വിവാദ നീക്കങ്ങളുടെ പേരിൽ അംപയർക്കെതിരെ ഐസിസി നടപടി വേണമെന്നും അശ്വിൻ ആവശ്യപ്പെട്ടു. ‘‘ഇന്ത്യ പന്തെറിയുമ്പോഴെല്ലാം അദ്ദേഹം നോട്ടൗട്ടായിരിക്കും വിധിക്കുന്നത്. ഇന്ത്യ ബാറ്റു ചെയ്യുമ്പോൾ ഔട്ട് വിളിക്കും. ഇന്ത്യയ്ക്കെതിരെയല്ലാതെ മറ്റു ടീമുകളോടും ഇങ്ങനെയാണെങ്കിൽ ഐസിസി ഇക്കാര്യം പരിശോധിച്ചു നടപടിയെടുക്കണം.’’- അശ്വിൻ യുട്യൂബ് ചാനലിലെ വിഡിയോയിൽ പ്രതികരിച്ചു.
ലോഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ അംപയറുടെ വിവാദ തീരുമാനത്തിൽനിന്ന് ഡിആര്‍എസ് എടുത്താണു ഗിൽ രക്ഷപെട്ടത്. നാലാം ദിവസം 193 റൺസ് ചേസ് ചെയ്യുന്നതിനിടെ ഇംഗ്ലണ്ട് പേസർ ബ്രൈഡൻ കാഴ്സിന്റെ പന്തിലായിരുന്നു വിവാദമായ നീക്കം. പന്ത് നേരെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയതോടെ ഇംഗ്ലണ്ട് താരങ്ങൾ അപ്പീൽ ചെയ്തു. രണ്ടാമതൊന്ന് ആലോചിക്കാതെ പോൾ റെയ്ഫൽ ഔട്ട് അനുവദിക്കുകയായിരുന്നു. അസ്വസ്ഥനായ ഗിൽ ഉടൻ ഡിആർഎസിനു പോയി.
ഡിആർഎസ് റീപ്ലേകളിൽ പന്ത് ഗില്ലിന്റെ ബാറ്റിൽ തട്ടിയിട്ടില്ലെന്നു വ്യക്തമായതോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രക്ഷപെട്ടത്. ഗില്ലിന്റെ ബാറ്റും പന്തും തമ്മിലുള്ള അകലത്തിൽ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം ഉണ്ടെന്നും അശ്വിന്‍ വിഡിയോയില്‍ പരിഹസിച്ചു. ‘‘എനിക്കൊരു കാറുണ്ട്. ബാറ്റും പന്തും തമ്മിലുള്ള വിടവിൽ ആ കാർ പാര്‍ക്ക് ചെയ്യാൻ സാധിക്കും. അത് ഔട്ടല്ലെന്ന് അത്രയും വ്യക്തമാണ്. അംപയറുടെ ഇത്തരം പ്രതികരണങ്ങൾ ആദ്യമായല്ല. പോൾ റെയ്ഫെലാണ് അംപയറെങ്കിൽ ഇന്ത്യ ജയിക്കില്ലെന്നാണ് എന്റെ അച്ഛൻ പറയുന്നത്. ഇംഗ്ലണ്ട് താരങ്ങളടക്കം അംപയറുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു.’’- അശ്വിൻ വ്യക്തമാക്കി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Criclover എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്
English Summary:








English (US) ·