ഗില്ലിനെ ടീമിലെടുത്തതു മനസിലാക്കാം, വൈസ് ക്യാപ്റ്റനാക്കിയതാണ് കൂടുതൽ ദുഃഖകരം; സഞ്ജുവിന്റെ വഴിയടഞ്ഞില്ലേ: തുറന്നടിച്ച് അശ്വിൻ

5 months ago 5

മനോരമ ലേഖകൻ

Published: August 20, 2025 02:51 PM IST

1 minute Read

ശുഭ്മൻ ഗിൽ (X/@BCCI), സഞ്ജു സാംസണും ആർ.അശ്വിനും (X/@ashwinravi99)
ശുഭ്മൻ ഗിൽ (X/@BCCI), സഞ്ജു സാംസണും ആർ.അശ്വിനും (X/@ashwinravi99)

ചെന്നൈ∙ ശുഭ്മൻ ഗില്ലിനെ ഏഷ്യാ കപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതിനു പുറമേ വൈസ് ക്യാപ്റ്റനും ആക്കിയതോടെ, മലയാളി താരം സഞ്ജു സാംസൺ ഇത്തവണ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായതായി മുൻ താരം രവിചന്ദ്രൻ അശ്വിൻ. ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെങ്കിലും, എല്ലാ ഫോർമാറ്റിലേക്കും ഒരാളെ തന്നെ ക്യാപ്റ്റനാക്കണമെന്ന് എന്തിനാണ് ഇത്ര നിർബന്ധമെന്ന് അശ്വിൻ ചോദിച്ചു. ശ്രേയസ് അയ്യർ, യശസ്വി ജയ്‌സ്വാൾ എന്നിവരെ പരിഗണിക്കാതെ പോയത് ദുഃഖകരമാണെന്നും അശ്വിൻ പറഞ്ഞു.

‘‘നോക്കൂ, ടീം സിലക്ഷൻ എന്നത് നന്ദിയില്ലാത്ത ജോലിയാണെന്ന് എനിക്കറിയാം. ഒരാളെ പുറത്തിരുത്തുക, ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന് അവരെ അറിയിക്കുക... ഇതെല്ലാം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. ഇക്കാര്യങ്ങൾ നമ്മൾ കളിക്കാരോടു പറഞ്ഞേ തീരൂ. മാത്രമല്ല, അവരുടെ വിഷമം കാണുകയും വേണം. ടീമിൽ ഇടം ലഭിക്കാതെ പോയ ശ്രേയസ് അയ്യരെയും യശസ്വി ജയ്‌സ്വാളിനെയും നേരിട്ട് വിളിച്ച് ഉൾപ്പെടുത്താനാകാതെ പോയ സാഹചര്യം വിശദീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ’ – അശ്വിൻ പറഞ്ഞു.

‘‘ശുഭ്മൻ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയ സാഹചര്യം മനസിലാക്കാവുന്നതേയുള്ളൂ. അദ്ദേഹം ടീമിന്റെ ഉപനായകൻ കൂടിയാണ്. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനായി അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ട്വന്റി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മികവും അദ്ദേഹത്തിനുണ്ട്. ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയതിൽ സന്തോഷിക്കുമ്പോഴും, ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും തഴഞ്ഞതിൽ ദുഃഖവുമുണ്ട്. അവരോട് ചെയ്തത് വ്യക്തമായ നീതികേടു തന്നെയാണ്’ – അശ്വിൻ പറഞ്ഞു.

‘‘യശസ്വി ജയ്‌സ്വാളും ഇത്തവണ തകർപ്പൻ ഫോമിലായിരുന്നു. ഒരുപക്ഷേ, ഭാവി ക്യാപ്റ്റനെന്ന പരിഗണനയിലാകാം ഗില്ലിനെ ഉൾപ്പെടുത്തിയത്. മൂന്നു ഫോർമാറ്റിലും ഒരു ക്യാപ്റ്റനെന്ന ചിന്തയും ഇതിനു പിന്നിലുണ്ടാകും. പക്ഷേ, എല്ലാ ഫോർമാറ്റിലും ഒരു ക്യാപ്റ്റൻ തന്നെ വേണമെന്ന് എന്തിനാണ് നിർബന്ധം?’ – അശ്വിൻ ചോദിച്ചു.

ശുഭ്മൻ ഗില്ലിനെ ഉപനായകനായി പ്രഖ്യാപിച്ചതോടെ, താരം പ്ലേയിങ് ഇലവനിൽ ഇടം ഉറപ്പിച്ചതായി അശ്വിൻ വിലയിരുത്തി. ഫലത്തിൽ ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമയ്‌ക്കൊപ്പം ഗിൽ ഓപ്പണറായി എത്തുമെന്നും, ഇതോടെ മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനം സംശയത്തിലാകുമെന്നും അശ്വിൻ അഭിപ്രായപ്പെട്ടു.

‘‘ശുഭ്മ‍ൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചതും ദുഃഖകരമാണ്. ഇതോടെ സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനത്തിനും ഭീഷണി ഉയർന്നിരിക്കുന്നു. സഞ്ജു ഏഷ്യാ കപ്പിൽ കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഗിൽ കളിക്കുകയും ചെയ്യും ഇന്നിങ്സ് ഓപ്പൺ ചെയ്യുകയും ചെയ്യും’ – അശ്വിൻ പറഞ്ഞു.

English Summary:

Ashwin connected Asia Cup: Gill's Vice-Captaincy Signals Sanju Samson's Exclusion

Read Entire Article