Published: September 08, 2025 02:23 PM IST
1 minute Read
മുംബൈ∙ ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനാകുകയും ട്വന്റി20 ടീമിന്റെ വൈസ് ക്യാപ്റ്റനാകുകയും ചെയ്തതോടെ ശുഭ്മാൽ ഗില്ലിനെക്കുറിച്ച് ആരാധകർ ചോദിക്കുന്നത് ഒന്നു മാത്രം. ഏകദിനത്തിൽ എന്നാകും ഇന്ത്യൻ ടീമിന്റെ പുതിയ ‘പോസ്റ്റർ ബോയ്’ നേതൃത്വം ഏറ്റെടുക്കുക. ഇപ്പോഴിതാ, അതു സംബന്ധിച്ച് ചില സൂചനകൾ നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അതും താരത്തിന്റെ 26–ാം ജന്മദിനത്തിൽ തന്നെ. 1999 സെപ്റ്റംബർ 8ന് പഞ്ചാബിലെ ഫിറോസ്‌പുരിലാണ് ഗിൽ ജനിച്ചത്.
2027 ലോകകപ്പിനു മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളുമായി ഭാഗമായി ശുഭ്മാൻ ഗിൽ, ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വൈകാതെ ഏറ്റെടുക്കുമെന്നാണ് വിവരം. അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയൻ പര്യടനം ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയുടെ അവസാന പരമ്പരയാകുമെന്നാണ് റിപ്പോർട്ട്. സ്പോർട്സ് മാധ്യമമായ, റെവ്‌സ്പോർട്‌സിലെ റിപ്പോർട്ടു പ്രകാരം, ഗില്ലിന്റെ ഏകദിന ക്യാപ്റ്റനായി ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഔദ്യോഗിക പ്രഖ്യാപനമെന്ന കടമ്പ മാത്രമാണ് ബാക്കി.
രോഹിത് ശർമയ്ക്ക്, ഏകദിന ഫോർമാറ്റിൽ തുടർന്നും കളിക്കണമെന്നാണ് ആഗ്രഹം. ലോകകപ്പ് നേട്ടത്തോടെ കരിയർ അവസാനിപ്പിക്കാനും താരം ആഗ്രഹിക്കുന്നു. എന്നാൽ അതു പൂർണമായും രോഹിത്തിന്റെ കൈകളിലല്ല. ക്യാപ്റ്റനല്ലാതെ ടീമിൽ തുടരുന്ന കാര്യവും പ്രയാസമായിരിക്കും. ഓസ്ട്രേലിയൻ പര്യടനത്തിലെ രോഹിത്തിന്റെ പ്രകടനം താരത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും. എങ്കിലും ലോകകപ്പ് വരെ ഇന്ത്യയ്ക്ക് ഏകദിന പരമ്പരകൾ പരിമിതമായതിനാൽ രോഹിത്തിന്റെ കാര്യത്തിൽ ഒരു പരീക്ഷണത്തിന് സെലക്ടർമാർ മുതിർന്നേക്കുമില്ല. 2027ലെ ലോകകപ്പ് ആകുമ്പോഴേയ്ക്കു രോഹിതിന് 40 വയസ്സ് തികയും. ഒരു ഫോർമാറ്റിൽ മാത്രം സജീവമായതിനാൽ, മികച്ച ഫോമും ഫിറ്റ്നസും നിലനിർത്തുക എന്നത് താരത്തിന് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
എല്ലാ ഫോർമാറ്റിലും ഒരു ക്യാപ്റ്റൻ എന്നതാണ് നേരത്തെ മുതൽ ബിസിസിഐയുടെ നയം. ചുരുക്കം സമയങ്ങളിൽ മാത്രമാണ് ഇതിനു മാറ്റം വന്നിട്ടുള്ളത്. നിലവിൽ ടെസ്റ്റ് ടീം ക്യാപ്റ്റനായ ഗില്ലിനെ, ഏഷ്യ കപ്പിനുള്ള ടീം പ്രഖ്യാപനത്തോടെ ട്വന്റി20യിൽ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു. മുൻപുള്ള ട്വന്റി20 പരമ്പരകളിൽ ഉപനായകനായ അക്ഷർ പട്ടേലിനു പകരമാണ് ഗില്ലിനെ അവരോധിച്ചത്. ഇതോടെ സൂര്യകുമാർ യാദവിനു ശേഷം ഗിൽ തന്നെ ട്വന്റി20 ക്യാപ്റ്റനാകുമെന്ന് ഉറപ്പായി. ഇപ്പോൾ 34 വയസ്സുള്ള സൂര്യകുമാർ യാദവിന് 2026 ട്വന്റി20 ലോകകപ്പ് വരെയാകും മിക്കവാറും ക്യാപ്റ്റൻ സ്ഥാനം ഉണ്ടാകുക.
English Summary:








English (US) ·