ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയിലെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപയോഗിച്ച ഇന്ത്യന്‍ ജേഴ്‌സിക്ക് ലേലത്തില്‍ ലഭിച്ചത് 4600 പൗണ്ട് അതായത് ഏകദേശം 5.41 ലക്ഷം രൂപ. ലോര്‍ഡ്‌സില്‍ വര്‍ഷാവര്‍ഷം നടക്കാറുള്ള റൂത്ത് സ്‌ട്രോസ് ഫൗണ്ടേഷന്റെ 'റെഡ് ഫോര്‍ റൂത്ത്' എന്ന ധനസമാഹരണ കാമ്പെയ്‌നിന്റെ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു ലേലം. ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങള്‍ ഇത്തവണത്തെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഉപയോഗിച്ച, അലക്കാത്ത ജേഴ്‌സികള്‍, തൊപ്പികള്‍, ചിത്രങ്ങള്‍, ബാറ്റുകള്‍, ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളാണ് ലേലത്തില്‍ വെച്ചത്. ഇവയിലെല്ലാം താരങ്ങളുടെ ഒപ്പ് പതിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ അരങ്ങേറ്റം കുറിച്ച ഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് പരമ്പരയില്‍ പുറത്തെടുത്തത്. അഞ്ചു ടെസ്റ്റിലെ 10 ഇന്നിങ്‌സുകളില്‍ നിന്നായി നാല് സെഞ്ചുറികളടക്കം 75.40 ശരാശരിയില്‍ 754 റണ്‍സടിച്ച ഗില്ലായിരുന്നു പരമ്പരയിലെ ഇന്ത്യയുടെ താരം.
രവീന്ദ്ര ജഡേജയുടെയും ജസ്പ്രീത് ബുംറയുടെയും ജേഴ്‌സികള്‍ക്ക് 4200 പൗണ്ട് (4.94 ലക്ഷം രൂപ) ലഭിച്ചു. ഋഷഭ് പന്തിന്റെ ജേഴ്സി 3400 പൗണ്ട് (4 ലക്ഷം രൂപ), കെ.എല്‍. രാഹുലിന്റെ ജേഴ്സി 4000 പൗണ്ട് (4.70 ലക്ഷം രൂപ) എന്നിങ്ങനെയും ലേലത്തില്‍ പോയി.
ഇംഗ്ലണ്ട് നിരയില്‍ ജോ റൂട്ടിന്റെ ജേഴ്‌സിക്കാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. 3800 പൗണ്ട് (4.47 ലക്ഷം രൂപ). ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ ജേഴ്‌സി 3400 പൗണ്ടിന് (4 ലക്ഷം രൂപ) ലേലം ചെയ്യപ്പെട്ടു. ജോ റൂട്ട് ഒപ്പിട്ട തൊപ്പി 3,000 പൗണ്ടിനാണ് (ഏകദേശം 3.52 ലക്ഷം രൂപ) ലേലത്തില്‍ പോയത്. ഋഷഭ് പന്തിന്റെ തൊപ്പിക്ക് 1,500 പൗണ്ട് (ഏകദേശം 1.76 ലക്ഷം രൂപ) ലഭിച്ചു.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസ്, കാന്‍സര്‍ ബാധിച്ച് മരിച്ച ഭാര്യ റൂത്ത് സ്‌ട്രോസിന്റെ സ്മരണയ്ക്കായി ആരംഭിച്ചതാണ് റൂത്ത് സ്‌ട്രോസ് ഫൗണ്ടേഷന്‍. എല്ലാ വര്‍ഷവും ലോര്‍ഡ്‌സില്‍ നടക്കുന്ന ടെസ്റ്റിന്റെ ഒരു ദിവസം ഫൗണ്ടേഷനു വേണ്ടി 'റെഡ് ഫോർ റൂത്ത്' എന്ന പേരില്‍ സമര്‍പ്പിക്കാറുണ്ട്. ഇംഗ്ലണ്ട് താരങ്ങളും ആരാധകരും പൊതുജനങ്ങളും അന്ന് ചുവപ്പ് വസ്ത്രം ധരിച്ചാണ് സ്റ്റേഡിയത്തി എത്തുക. കാന്‍സര്‍ ബാധിതരെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ ഫൗണ്ടേഷന് രൂപം കൊടുത്തത്.
Content Highlights: Shubman Gill`s match-worn jersey sold for ₹5.41 lakh astatine the Lord`s `Red for Ruth` foundation auction








English (US) ·