Published: December 20, 2025 03:27 PM IST Updated: December 20, 2025 03:35 PM IST
1 minute Read
മുംബൈ∙ വൈസ് ക്യാപ്റ്റനായിട്ടും ശുഭ്മൻ ഗിൽ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്നു പുറത്താക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് ചീഫ് സിലക്ടർ അജിത് അഗാർക്കർ. ‘‘നിലവിൽ ട്വന്റി20 ഫോർമാറ്റിൽ സ്കോർ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഗിൽ ടീമിൽനിന്നു പുറത്തായതെന്ന് അജിത് അഗാർക്കർ സമ്മതിച്ചു. ഇന്ത്യൻ ടീമിൽ അവസരങ്ങൾക്കായി ഒരുപാടു പേർ കാത്തുനില്‍ക്കുമ്പോൾ ആരെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നും അഗാർക്കർ വ്യക്തമാക്കി.
‘‘ശുഭ്മൻ ഗില്ലിന് ആവശ്യത്തിനു റൺസ് കണ്ടെത്താൻ സാധിക്കുന്നില്ല. കഴിഞ്ഞ ലോകകപ്പും അദ്ദേഹത്തിനു നഷ്ടമായിരുന്നു. നിങ്ങളുടെ അഭിപ്രായം എന്റേതിൽനിന്നു വ്യത്യസ്തം ആയിരിക്കാം. ചിലപ്പോഴൊക്കെ താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകും. ഇപ്പോഴും ഗിൽ ഒരു മികച്ച താരമാണെന്നാണു ഞങ്ങൾ കരുതുന്നത്. കളിക്കാർക്ക് ഫോമിന്റെ കാര്യത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. ടീം കോംബിനേഷനുകളും താരങ്ങളെ തിരഞ്ഞെടുക്കുന്നതിൽ പ്രധാനമാണ്. വിക്കറ്റ് കീപ്പർ ബാറ്ററെ ടോപ് ഓർഡറിൽ ബാറ്റു ചെയ്യിക്കാനാണു ടീമിനു താൽപര്യം. ആരെയെങ്കിലും ഒക്കെ പുറത്തിരുത്തേണ്ടിവരുന്നത് അദ്ദേഹം മോശം താരമായതുകൊണ്ടല്ല. ഇന്ത്യന്‍ ടീമിൽ അത്രയും ഓപ്ഷനുകൾ ലഭ്യമായതിനാലാണ്.’’– അഗാർക്കര്‍ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മൂന്ന് ട്വന്റി20 മത്സരങ്ങൾ കളിച്ച ശുഭ്മൻ ഗില്ലിന് ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയ ഗിൽ 32 റണ്‍സാണ് ആകെ നേടിയത്. പരുക്കേറ്റതോടെ അഞ്ചാം മത്സരത്തില്‍ ശുഭ്മൻ ഗിൽ കളിച്ചിരുന്നില്ല. പകരമെത്തിയ സഞ്ജു സാംസൺ തിളങ്ങുകയും ചെയ്തു.
അഹമ്മദാബാദിൽ ഓപ്പണറായി കളിച്ച സഞ്ജു 22 പന്തിൽ 37 റൺസാണു നേടിയത്. രണ്ടു സിക്സും നാലു ഫോറുകളും താരം ബൗണ്ടറി കടത്തി. അഭിഷേക് ശർമയ്ക്കൊപ്പം ഓപ്പണിങ് ഇറങ്ങി 63 റൺസ് കൂട്ടിച്ചേർക്കാനും സഞ്ജുവിനു സാധിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പ്രധാന വിക്കറ്റ് കീപ്പറായി കളിച്ച ജിതേഷ് ശർമയും ലോകകപ്പിനില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയ ഇഷാൻ കിഷനാണ് ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ.
English Summary:








English (US) ·