Published: October 28, 2025 08:21 PM IST
1 minute Read
കാൻബറ∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി വീണ്ടും ചർച്ചയായി ടീം ഇന്ത്യയുടെ ബാറ്റിങ് ഓർഡറും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്റെയും ബാറ്റിങ് പൊസിഷനുകളും. ഏഷ്യാകപ്പ് ടൂർണമെന്റിലാണ് വൈസ് ക്യാപ്റ്റനായി നിയമിതനായ ശുഭ്മാൻ ഗിൽ ഓപ്പണർ റോളിലേക്കു തിരിച്ചെത്തിയത്. ഇതോടെ ഓപ്പണറായിരുന്ന സഞ്ജു സാംസൺ മധ്യനിരയിലേക്കു മാറുകയും ചെയ്തു. എന്നാൽ ഏഷ്യാ കപ്പ് ടൂർണമെന്റിൽ തിളങ്ങാൻ ഗില്ലിനായില്ല. സഹഓപ്പണർ, അഭിഷേക് ശർമ തകർത്തടിച്ചപ്പോഴും ഗില്ലിനു ഫോമിലേക്ക് എത്താനായില്ല. സഞ്ജു സാംസണാകട്ടെ, ഒരു അർധസെഞ്ചറിയടക്കം നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഏഷ്യാ കപ്പ് ഫൈനലിലും സഞ്ജു നിർണായക ഇന്നിങ്സ് കളിച്ചു
മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് ഗില്ലിന്റെയും സഞ്ജുവിന്റെയും ബാറ്റിങ് പൊസിഷനുകൾ വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്. ഓസീസിനെതിരായ പരമ്പരയിലും ഗില്ലിന് തിളങ്ങാൻ സാധിച്ചില്ലെങ്കിൽ സഞ്ജുവിനോട് ബിസിസിഐ ചെയ്തത് ‘അനീതി’ ആകുമെന്ന് ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു. ‘‘ഈ ടി20 പരമ്പര ശുഭ്മാൻ ഗില്ലിന് വളരെ നിർണായകമായിരിക്കും. ഏകദിന ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോഴും റൺസ് നേടാൻ സാധിച്ചില്ലെന്നതിനാൽ ഇതു പ്രധാനമാണ്. ഒരു പരമ്പര കൊണ്ടു മാത്രം വിലയിരുത്താൻ സാധിക്കില്ല അതു ഞാൻ മനസ്സിലാക്കുന്നു. അതിനാൽ ഇപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനത്തിനു വെല്ലുവിളിയില്ല. ”– അദ്ദേഹം പറഞ്ഞു.
“എന്നാൽ ആളുകൾ ശ്വാസം മുട്ടി നിൽക്കുകയാണ്. ഒരാൾ ടീമിൽ തന്നെയുണ്ട്. സഞ്ജു സാംസൺ ഓപ്പണർ ആയിരുന്നു, അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തു. ഇപ്പോൾ അദ്ദേഹത്തെ ടീമിനൊപ്പം നിലനിർത്തുകയും പൊസിഷൻ മാറി ബാറ്റു ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും സഞ്ജു സാംസണിനോട് അനീതി കാണിക്കുന്നതായി തോന്നുന്നു. ഓപ്പണർ ആക്കിയില്ലെങ്കിൽ അദ്ദേഹത്തിനു ബാറ്റു ചെയ്യാൻ സമ്മർദമുണ്ട്,”– ആകാശ് ചോപ്ര പറഞ്ഞു. യശസ്വി ജയ്‌സ്വാളും ടീമിൽ ഇടം നേടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കഴിവ് കണക്കിലെടുക്കുമ്പോൾ, അദ്ദേഹം നന്നായി കളിച്ചാൽ അദ്ദേഹത്തെ ടീമിൽ നിന്ന് മാറ്റി നിർത്തുന്നതും പ്രശ്നമായി മാറുമെന്ന് ചോപ്ര കൂട്ടിച്ചേർത്തു.
English Summary:








English (US) ·