
ബെൻ സ്റ്റോക്ക്സും ശുഭ്മാൻ ഗില്ലും | AP
ലോർഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച ലോർഡ്‌സിൽ തുടങ്ങാനിരിക്കെ ആശയക്കുഴപ്പം ആതിഥേയരായ ഇംഗ്ലണ്ട് ക്യാമ്പിലാണ്. ഫ്‌ളാറ്റ് പിച്ചുകളുണ്ടാക്കി വേഗമേറിയ ബാറ്റിങ്ങിലൂടെ ഇന്ത്യയെ തകർക്കാമെന്ന ഇംഗ്ലീഷ് തന്ത്രം എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ പൊട്ടിപ്പാളീസായതാണ് ഇംഗ്ലീഷ് ടീം പരിശീലകൻ ബ്രെണ്ടൻ മക്കെല്ലത്തിനെയും നായകൻ ബെൻ സ്റ്റോക്‌സിനെയും കുഴക്കുന്നത്. സൂചനകൾ പ്രകാരം ലോർഡ്‌സിൽ പേസും ബൗൺസുമുള്ള പിച്ചാകും ഇന്ത്യയെ കാത്തിരിക്കുന്നത്. അങ്ങനെയെങ്കിൽ മൂന്നാം ടെസ്റ്റിൽ പേസ് വാർ ആകും നടക്കാൻപോകുന്നത്. ഇരുടീമുകളും അതിനായി കോപ്പുകൂട്ടുന്നുണ്ട്.
പാളിപ്പോയ തന്ത്രം
ലീഡ്‌സിലും എഡ്ജ്ബാസ്റ്റണിലും ബാറ്റർമാർക്ക് മൂൻതൂക്കം ലഭിക്കുന്ന പിച്ചാണ് ഒരുക്കിയത്. ആദ്യടെസ്റ്റിൽ ഇംഗ്ലണ്ട് തങ്ങളുടെ ബാസ്‌ബോൾ പ്ലാൻ പുറത്തെടുത്ത് അനായാസം വിജയംനേടി. രണ്ടാം ടെസ്റ്റിലും അത് തുടരാമെന്ന മോഹത്തിനുമുന്നിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ നെഞ്ചുംവിരിച്ചു നിന്നതോടെ പണിപാളി. രണ്ട് ഇന്നിങ്‌സുകളിലുമായി ഗിൽ 430 റൺസ് അടിച്ചുകൂട്ടിയതോടെ രണ്ടാമിന്നിങ്‌സിൽ ബാസ്‌ബോൾ പുറത്തെടുക്കാൻ കഴിയാതെ ടീം പ്രതിരോധത്തിലായി. 336 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങിയതോടെ ഗെയിംപ്ലാൻ മാറ്റിയില്ലെങ്കിൽ ലോർഡ്‌സിലും തിരിച്ചടിയേൽക്കുമെന്ന ഭയം ഇംഗ്ലണ്ട് മാനേജ്‌മെന്റിനുണ്ട്. ഇതോടെയാണ് തന്ത്രം മാറ്റാൻ ഇംഗ്ലണ്ട് തയ്യാറെടുക്കുന്നത്.
ചാർജാക്കി പേസ് ബാറ്ററി
ലോർഡ്‌സിൽ പേസർമാരുടെ കളിയാകുമെന്നാണ് വിലയിരുത്തൽ. ഇംഗ്ലണ്ട് ജോഫ്ര ആർച്ചറെയും ഗസ് അറ്റ്കിൻസനെയും ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. പേസും ബൗൺസുമുള്ള പിച്ച് വേണമെന്ന് ബ്രെണ്ടൻ മക്കെല്ലം ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാം ടെസ്റ്റിലെ തോൽവിക്കുശേഷം മക്കെല്ലവും സ്‌റ്റോക്‌സും പിച്ചിനെ പഴിച്ച് രംഗത്തെത്തിയിരുന്നു. അതിനൊപ്പമാണ് ലോർഡ്‌സിൽ ബൗൺസും പേസുമുള്ള പിച്ചാകാമെന്ന് മക്കെല്ലം അഭിപ്രായപ്പെട്ടത്. ബൗൺസുള്ള പിച്ചിൽ ആർച്ചർ അപകടകാരിയാണ്. വോക്‌സ്-ആർച്ചർ-അറ്റ്കിൻസൻ ത്രയത്തിനൊപ്പം ബെൻ സ്റ്റോക്‌സ് കൂടി ചേരുമ്പോൾ പേസ് വിഭാഗത്തിന് മൂർച്ചകൂടുമെന്നാണ് കണക്കുകൂട്ടൽ.
ഇന്ത്യൻ തന്ത്രം
എഡ്ജ്ബാസ്റ്റണിൽ ഫ്ളാറ്റ് വിക്കറ്റാകുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറയെ പുറത്തിരുത്തിയത്. ബൗളിങ് ഭാരം കുറയ്ക്കാനായിരുന്നു ഇത്. ലോർഡ്‌സിൽ ബുംറ തിരിച്ചെത്തുമെന്നുറപ്പാണ്. രണ്ടാം ടെസ്റ്റിൽ പത്തുവിക്കറ്റ് വീഴ്ത്തിയ ആകാശ്ദീപും ഏഴുവിക്കറ്റെടുത്ത മുഹമ്മദ് സിറാജും ബുംറയ്ക്കൊപ്പം ചേരുമ്പോൾ ഇന്ത്യൻ പേസ് വിഭാഗത്തിന് മൂർച്ചയും വൈവിധ്യവും വരും.
ഇതിനൊപ്പം ശാർദൂൽ ഠാക്കൂറിനെക്കൂടി പരിഗണിക്കാൻ സാധ്യതയുണ്ട്. ബാറ്റിങ്ങിൽ മൂന്നാം നമ്പറിൽ കരുൺനായർക്ക് ഒരവസരംകൂടി ലഭിക്കാൻ സാധ്യതയുണ്ട്. പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചിൽ കരുണിന്റെ സാങ്കേതികത്തികവ് ഗുണംചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ലോർഡ്‌സിൽ സെഞ്ചുറി നേടിയതിന്റെ ചരിത്രമുള്ള കെ.എൽ. രാഹുലിൽ ടീം ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
Content Highlights: india england lords test








English (US) ·