Published: December 20, 2025 04:54 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിൽനിന്നു വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പുറത്തായപ്പോഴും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ അടുപ്പിക്കാതെ ബിസിസിഐ. മികച്ച ഫോമിലുള്ള പാണ്ഡ്യ ലോകകപ്പ് ടീമിലുള്ളപ്പോഴും അക്ഷർ പട്ടേലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചത്. രണ്ടു ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ജസ്പ്രീത് ബുമ്രയെയും ബിസിസിഐ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിച്ചില്ല.
ശുഭ്മൻ ഗിൽ ട്വന്റി20 ടീമിലേക്കു വരുന്നതിനു മുൻപ് അക്ഷര്‍ പട്ടേലായിരുന്നു വൈസ് ക്യാപ്റ്റനെന്നാണ് ചീഫ് സിലക്ടർ അജിത് അഗാർക്കർ പറഞ്ഞ ന്യായീകരണം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ടീമില്‍ ഗില്ലിനു വിശ്രമം അനുവദിച്ച സമയത്തും അക്ഷറായിരുന്നു വൈസ് ക്യാപ്റ്റൻ. അതേസമയം മോശം ഫോമിൽ കളിക്കുന്ന സൂര്യകുമാർ യാദവ് പിന്നീട് ടീമിനു പുറത്തുപോയാൽ അക്ഷറിനെ ക്യാപ്റ്റൻ സ്ഥാനത്തേക്കു കൊണ്ടുവരുമോയെന്നു വ്യക്തമല്ല.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റനാണ് അക്ഷര്‍. മൂന്നു ഫോർമാറ്റിലും ഒരു ക്യാപ്റ്റൻ മതിയെന്ന ലക്ഷ്യം വച്ചാണ് ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ ഗില്ലിനെ ട്വന്റി20 ടീമിലും വൈസ് ക്യാപ്റ്റനായി ഉൾപ്പെടുത്തിയത്. ഗില്ലിനെ കൊണ്ടുവരുന്നതിനായി ഓപ്പണറായിരുന്ന സഞ്ജു സാംസണെ മധ്യനിരയിലേക്കും മാറ്റി. എന്നാൽ ബാറ്റിങ്ങിൽ ഗിൽ നിരാശപ്പെടുത്തിയതോടെ ലോകകപ്പ് ടീമിൽനിന്ന് പുറത്താകുകയായിരുന്നു.
ഇതോടെയാണ് വൈസ് ക്യാപ്റ്റൻ സ്ഥാനം അക്ഷറിനു നൽകിയത്. 2024 ൽ ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നേടുമ്പോൾ പാണ്ഡ്യയായിരുന്നു വൈസ് ക്യാപ്റ്റൻ. ആറ് ട്വന്റി20 പരമ്പരകളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള പാണ്ഡ്യ അഞ്ചിലും ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ശുഭ്മൻ ഗില്ലിനെ ഭാവി ക്യാപ്റ്റനായി വളർത്തിക്കൊണ്ടുവരാൻ ബിസിസിഐ തീരുമാനിച്ചതോടെയാണ് പാണ്ഡ്യയ്ക്കു ടീമിലെ പ്രധാന ചുമതലകൾ നഷ്ടമാകുന്നത്.
English Summary:








English (US) ·