തിരുവനന്തപുരം: ഏഷ്യാകപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ? ആരാധകര്‍ ഉറ്റുനോക്കുകയാണ്. ആദ്യ ഇലവനില്‍ താരം ഇടംപിടിച്ചാല്‍ തന്നെ ഏത് പൊസിഷനിലായിരിക്കും ബാറ്റിങ്ങിനിറങ്ങുക? ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമോ അതോ മധ്യനിരയില്‍ തന്നെ താരം കളിക്കുമോ എന്നതില്‍ വ്യക്തതയില്ല. കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്യാതിരുന്നത് ഇതുസംബന്ധിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് സെഞ്ചുറി എല്ലാത്തിനും ഉത്തരം നൽകി.
ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ഓപ്പണിങ് റോളില്‍ കളിച്ചിരുന്നില്ല. ആദ്യ മത്സരത്തിലാകട്ടെ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. രണ്ടാം മത്സരത്തില്‍ ആറാമനായാണ് താരം ബാറ്റ് ചെയ്യാനിറങ്ങിയത്. ഏഷ്യാകപ്പില്‍ മധ്യനിരയില്‍ ബാറ്റ്‌ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജുവെന്നാണ് പലരും വിലയിരുത്തിയത്. അല്ലെങ്കില്‍ താരം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമായിരുന്നുവെന്നും നിരീക്ഷണങ്ങളുയര്‍ന്നു. അതേസമയം മധ്യനിരയില്‍ കളത്തിലിറങ്ങിയ താരത്തിന് ശോഭിക്കാനായതുമില്ല. 22 പന്ത് നേരിട്ട താരം ആകെ നേടിയതാകട്ടെ 13 റണ്‍സാണ്.
എന്നാല്‍ മൂന്നാം മത്സരത്തില്‍ മധ്യനിര ഉപേക്ഷിച്ച് ഓപ്പണിങ് റോളില്‍ തന്നെ സഞ്ജു തിരിച്ചെത്തി. ടി20 ക്രിക്കറ്റിലെ തന്റെ സ്ഥാനം ഓപ്പണിങ് തന്നെയാണെന്ന് ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനം. കൊല്ലം സെയ്‌ലേഴ്‌സിനെതിരേ തുടക്കം മുതല്‍ തന്നെ സഞ്ജു അടിച്ചുതകര്‍ത്തു. 16 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു പിന്നാലെ അതിവേഗ സെഞ്ചുറിയും കുറിച്ചു. കൊല്ലം ഉയർത്തിയ 237 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സിനായാണ് ഇന്ത്യൻ താരത്തിന്റെ വെടിക്കെട്ട് പ്രകടനം.
ആദ്യ മത്സരങ്ങളിൽ തിളങ്ങാനാവാതിരുന്ന സഞ്ജു ഇക്കുറി ഓപ്പണറായി ഇറങ്ങി വെടിക്കെട്ടിന് തിരികൊളുത്തി. ആദ്യ ഓവർ മുതൽ കൊല്ലം ബൗളർമാരെ സഞ്ജു തകർത്തടിച്ചു. പിന്നീട് പന്തെറിഞ്ഞവരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഗ്രീൻഫീൽഡിൽ പിന്നീട് ബൗണ്ടറുകൾ പറപറന്നു. 16 പന്തിൽ സഞ്ജു അർധസെഞ്ചുറി തികച്ചതോടെ ടീം നാലോവറിൽ 64 റൺസെടുത്തു.
അതിന് ശേഷവും സഞ്ജു ഷോ തുടർന്നു. വിനൂപ് മനോഹരൻ പുറത്തായെങ്കിലും പിന്നീടിറങ്ങിയ മുഹമ്മദ് ഷാനുവുമൊത്ത് സഞ്ജു സ്കോറുയർത്തി. ഗ്രീൻഫീൽഡിൽ പിന്നെ അടിമുടി സഞ്ജു ഷോ ആണ് കണ്ടത്. 10 ഓവർ അവസാനിക്കുമ്പോൾ 139 റൺസാണ് കൊച്ചി അടിച്ചെടുത്തത്. ബൗണ്ടറികൾ കൊണ്ട് ഗാലറിയിൽ ആരവം തീർത്ത സഞ്ജു പിന്നാലെ മൂന്നക്കം തൊട്ടു. 42 പന്തിലാണ് സെഞ്ചുറിനേട്ടം. 13 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഒടുക്കം 51 പന്തിൽ 121 റൺസെടുത്താണ് സഞ്ജു മടങ്ങിയത്.
ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകനും യുവതാരവുമായ ശുഭ്മാന്‍ ഗില്‍ ടീമിലേക്ക് തിരിച്ചെത്തിയതാണ് സഞ്ജുവിന്റെ സ്ഥാനം അപകടത്തിലാക്കിയത്. ഗില്ലിനെ ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനമെടുത്താല്‍ സഞ്ജു അഞ്ചാം നമ്പറില്‍ കളിക്കേണ്ടിവരുമെന്നാണ് വിലയിരുത്തലുകള്‍. കാരണം ഓപ്പണിങ്ങില്‍ ഇടംകൈയ്യന്‍ ബാറ്ററായ അഭിഷേകിനെ മാറ്റില്ലെന്നുറപ്പാണ്. വണ്‍ഡൗണായി തിലക് വര്‍മയും പിന്നാലെ സൂര്യകുമാര്‍ യാദവും കളിക്കും. അതിന് ശേഷം മാത്രമേ സഞ്ജു ബാറ്റ് ചെയ്യാനിറങ്ങുകയുള്ളൂ എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനം സഞ്ജുവിന് ഗുണകരമായേക്കും. ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി സഞ്ജു ശോഭിക്കുമ്പോള്‍ മലയാളി താരത്തെ മാറ്റിയുള്ള പരീക്ഷണത്തിന് ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല.
Content Highlights: sanju samson kcl show asia cupful cricket selection








English (US) ·