15 August 2025, 02:44 PM IST

Photo: AP, ANI
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ ശുഭ്മാന്‍ ഗില്ലിന്റെ ടീമിലെ സ്ഥാനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം. സമീപകാലത്ത് ടെസ്റ്റിലും ഏകദിനത്തിലും പുറത്തെടുത്ത മികവ് കാരണം ഗില്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളില്‍ യാതൊരു സത്യവുമില്ലെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം ഓഗസ്റ്റ് 19-ന് മുംബൈയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കും. ബിസിസിഐയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതോടെ ഗില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്.
ഇനി ഗില്ലിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് എല്ലാവരും അടുത്തതായി ഉറ്റുനോക്കുന്നത്. എന്നാല്‍ ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ടീം മാനേജ്‌മെന്റിനും താത്പര്യമില്ലെന്നാണ് വിവരം.
ഇംഗ്ലണ്ട് പരമ്പരയില്‍ ഗില്‍ മികച്ച ഫോമിലായിരുന്നെങ്കിലും അടുത്ത കാലത്തൊന്നും ഇന്ത്യയ്ക്കായി താരം ടി20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് നിലവില്‍ ടി20 ഓപ്പണര്‍മാര്‍. ഗില്ലിനെ കൊണ്ടുവരേണ്ടിവന്നാല്‍ ഇവരില്‍ ആര്‍ക്കെങ്കിലും സ്ഥാനം നഷ്ടമാകും. മൂന്നാം നമ്പറില്‍ തിലക് വര്‍മയുമുണ്ട്. നിലവില്‍ നന്നായി സെറ്റായ ഒരു ടീമില്‍ മാറ്റം വരുത്തേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ നിലപാട്. സഞ്ജു - അഭിഷേക് സഖ്യത്തെ മാറ്റാന്‍ സെലക്ടര്‍മാര്‍ക്കും താത്പര്യമില്ലെന്നാണ് വിവരം. 2024 ജൂലായിലാണ് ശുഭ്മാന്‍ ഗില്‍ അവസാനമായി ഇന്ത്യയ്ക്കായി ടി20 കളിച്ചത്.
അതേസമയം യശസ്വി ജയ്‌സ്വാളിനോട് റെഡ് ബോള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ തന്നെ ഏഷ്യാ കപ്പ് ടീമില്‍ താരത്തിന് ഇടമുണ്ടായേക്കില്ല. കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരും ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ല.
Content Highlights: Will Gill marque it to the Asia Cup squad? Suryakumar Yadav to stay captain








English (US) ·