ഗുകേഷ് ദുര്‍ബലനെന്ന് കാള്‍സന്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കാള്‍സനെ മുട്ടുകുത്തിച്ച് ഗുകേഷിന്റെ മറുപടി

6 months ago 6

04 July 2025, 09:08 AM IST

gukesh-defeats-carlsen

Photo: x.com/FIDE_chess

സാഗ്രെബ് (ക്രൊയേഷ്യ): തന്നെ ദുര്‍ബലനായ കളിക്കാരനെന്നു വിളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന് ചെസ് ബോര്‍ഡില്‍ തന്നെ മറുപടി നല്‍കി ലോക ചെസ് ചാമ്പ്യന്‍ ഡി. ഗുകേഷ്.

ക്രൊയേഷ്യയില്‍ ഗ്രാന്‍ഡ് ചെസ് ടൂറിന്റെ ഭാഗമായി നടക്കുന്ന സൂപ്പര്‍ യുണൈറ്റഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിലെ ആറാം റൗണ്ടിലാണ് ഗുകേഷ് വീണ്ടും കാള്‍സനെ പരാജയപ്പെടുത്തിയത്. നോര്‍വെയുടെ ലോക ഒന്നാം നമ്പര്‍ താരത്തെ കറുത്ത കരുക്കളുമായി കളിച്ചാണ് 18-കാരന്‍ ഗുകേഷ് പരാജയപ്പെടുത്തിയത്. 49 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സന്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു. കാള്‍സനെതിരേ ഗുകേഷിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇതോടെ ആറു കളികളില്‍ നിന്ന് 10 പോയന്റുമായി ഗുകേഷ് ഒന്നാമതെത്തി.

കഴിഞ്ഞ മാസം നോര്‍വെയില്‍ നടന്ന ചെസ് മത്സരത്തിലും ഗുകേഷ്, കാള്‍സനെ തോല്‍പ്പിച്ചിരുന്നു. അന്ന് തോല്‍വിയുടെ ആഘാതത്തില്‍ മേശയില്‍ ശക്തമായി ഇടിച്ച് ചെസ് കരുക്കള്‍ തെറിപ്പിച്ച കാള്‍സന്റെ പ്രവൃത്തി വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

സൂപ്പര്‍ യുണൈറ്റഡ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് ഗുകേഷ് ദുര്‍ബലനായ കളിക്കാരില്‍ ഒരാളാണെന്നും ഇനിയും മികച്ച കളിക്കാരനാണെന്ന് ഗുകേഷ് തെളിയിക്കേണ്ടതുണ്ടെന്നും കാള്‍സന്‍ പറഞ്ഞത്. കാള്‍സന്റെ അഭിപ്രായപ്രകടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചെസ് ബോര്‍ഡില്‍ ഗുകേഷിന്റെ മറുപടിയെത്തി.

മത്സരത്തിനു പിന്നാലെ ''ഇനി നമുക്ക് കാള്‍സന്റെ ആധിപത്യത്തെ ചോദ്യം ചെയ്യാം'' എന്നായിരുന്നു മുന്‍ ലോക ചാമ്പ്യന്‍ ഗാരി കാസ്പറോവ് കമന്ററിയില്‍ പറഞ്ഞത്.

Content Highlights: satellite champion Gukesh defeats Magnus Carlsen for the 2nd time

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article