അഹമ്മദാബാദ് ∙ ഉയരത്തിൽ നിൽക്കുമ്പോഴൊരു ഷോക്ക് ട്രീറ്റ്മെന്റ് നല്ലതാണെന്ന് ശുഭ്മൻ ഗില്ലിനും സംഘത്തിനും ആശ്വസിക്കാം! പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെന്ന തലയെടുപ്പോടെ ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിട്ട ഗുജറാത്തിനു പക്ഷേ സ്വന്തം ഗ്രൗണ്ടിൽ പതിവു ഫോമിലേക്ക് ഉയരാനായില്ല. മിച്ചൽ മാർഷിന്റെ കന്നി ഐപിഎൽ സെഞ്ചറിയുടെ (64 പന്തിൽ 117) മികവിൽ വലിയ സ്കോർ ഉയർത്തിയ ലക്നൗവിന് 33 റൺസ് വിജയം. സ്കോർ: ലക്നൗ– 20 ഓവറിൽ 2ന് 235; ഗുജറാത്ത്– 20 ഓവറിൽ 9ന് 202.
പ്ലേഓഫിനു മുൻപ് ആത്മവിശ്വാസം വർധിപ്പിക്കാനിറങ്ങിയ ഗുജറാത്ത് ബോളർമാർക്കു ലക്നൗ നൽകിയ ഷോക്ക് ട്രീറ്റ്മെന്റായി ഈ മത്സരം. 236 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റു ചെയ്യാനെത്തിയ ഓപ്പണർമാരായ സായ് സുദർശനും ശുഭ്മൻ ഗില്ലിനും മുൻ മത്സരങ്ങളിലേതു പോലെ ക്രീസിൽ അജയ്യരായി തുടരാൻ സാധിക്കാതെ പോയതാണു ഗുജറാത്തിനു തിരിച്ചടിയായത്.
സായ് സുദർശൻ (21), ശുഭ്മൻ ഗിൽ (35), ജോസ് ബട്‌ലർ (33), ഷെർഫെയ്ൻ റുഥർഫോഡ് (38) എന്നിവരൊക്കെ കൂറ്റനടിക്കു ശ്രമിച്ചെങ്കിലും ലക്നൗ ബോളർമാർ എല്ലാവരെയും വേഗം പുറത്താക്കി കളി നിയന്ത്രിച്ചുകൊണ്ടിരുന്നു. 29 പന്തിൽ 57 റൺസ് നേടിയ ഷാറൂഖ് ഖാനാണു ഗുജറാത്തിന്റെ ടോപ്സ്കോറർ. രാഹുൽ തെവാത്തിയ (2), അർഷാദ് ഖാൻ (1), കഗീസോ റബാദ (2), സായ് കിഷോർ (1) എന്നിവരെ വേഗം പുറത്താക്കിയ ലക്നൗ ബോളർമാർ അവസാന ഓവറുകളിൽ ഗുജറാത്തിനെ പൊരുതാൻ അനുവദിക്കാതെ വരിഞ്ഞുകെട്ടി. ലക്നൗ ബോളർമാരിൽ 3 വിക്കറ്റ് വീഴ്ത്തിയ വില്യം ഒ‘റൂർക്ക് തിളങ്ങി.
നേരത്തേ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിനായി മിച്ചൽ മാർഷിനു പുറമേ നിക്കോളാസ് പുരാൻ (27 പന്തിൽ 56 നോട്ടൗട്ട്) എയ്ഡൻ മാർക്രം (24 പന്തിൽ 36) എന്നിവരും തിളങ്ങി. ആദ്യ 20 പന്തിൽ 22 റൺസുമായി പതിയെത്തുടങ്ങിയ മാർഷ് പവർപ്ലേയ്ക്കുശേഷം ശൈലി മാറ്റി. അടുത്ത 13 പന്തുകൾക്കുള്ളിൽ അർധ സെഞ്ചറി കുറിച്ച ഓസ്ട്രേലിയൻ താരം 56 പന്തുകളിൽ മൂന്നക്കം തികച്ചു. ഈ സീസണിൽ ഒരു വിദേശ താരത്തിന്റെ ആദ്യ സെഞ്ചറി കൂടിയാണിത്.
എയ്ഡൻ മാർക്രത്തിനൊപ്പം (36) ഒന്നാം വിക്കറ്റിൽ 59 പന്തിൽ 91 റൺസ് നേടിയ മിച്ചൽ മാർഷ് ലക്നൗ ബാറ്റിങ്ങിന് അടിത്തറയിട്ടു. എന്നാൽ 10–ാം ഓവറിൽ മാർഷിനു കൂട്ടായി നിക്കോളാസ് പുരാൻ എത്തിയതോടെ ടീം സ്കോർ റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്നു. ഇരുവരും മത്സരിച്ച് തകർത്തടിച്ച രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 52 പന്തിൽ 121 റൺസാണ് പിറന്നത്.
ഗുജറാത്തിനായി പന്തെറിഞ്ഞ 6 ബോളർമാരും ലക്നൗ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാന്റെ ആദ്യ ഓവറിൽ 25 റൺസാണ് മിച്ചൽ മാർഷ് നേടിയത്. 4 ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയ മുഹമ്മദ് സിറാജിന്റേതായിരുന്നു ഗുജറാത്ത് ബോളർമാരിലെ ഭേദപ്പെട്ട പ്രകടനം.
മാർഷ് – പുരാൻ വിജയസഖ്യം
കന്നിസെഞ്ചറി നേടിയ മിച്ചൽ മാർഷും സീസണിലെ 5–ാം അർധസെഞ്ചറി നേടിയ നിക്കോളാസ് പുരാനും രണ്ടാം വിക്കറ്റിൽ നേടിയ 121 റൺസ് കൂട്ടുകെട്ടാണ് ലക്നൗവിന്റെ വിജയത്തിൽ നിർണായകമായത്. 10 ഫോറും 8 സിക്സും സഹിതം തകർത്തടിച്ച മാർഷും വെറും 27 പന്തിൽ 56 റൺസ് നേടിയ പുരാനും ചേർന്നു ഗുജറാത്തിന് അപ്രാപ്യമായ വിജയ ലക്ഷ്യത്തിലേക്കു ലക്നൗവിന്റെ ടോട്ടൽ എത്തിച്ചു.
English Summary:








English (US) ·