ഓള്‍ഡ് ട്രഫോര്‍ഡിലെ ബൗളിങ് എന്‍ഡുകളിലൊന്നിന്റെ പേര് ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്‍ഡ് എന്നാണ്. ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസറായിമാറിയ ജിമ്മിയുടെ ഹോം ഗ്രൗണ്ടാണ് മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട്. ഇന്ത്യയുടെ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പതിനേഴാം വയസ്സില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറിനേടി ലോകത്തെ വരവറിയിച്ചതും ഇതേ 'ഓള്‍ഡ്' പിച്ചിലാണ്. ആന്‍ഡേഴ്‌സണ്‍-തെണ്ടുല്‍ക്കര്‍ ട്രോഫിയിലെ നിര്‍ണായകമായ നാലാം ടെസ്റ്റ് ഇവിടെത്തന്നെയായത് ദൈവനിശ്ചയമായിരിക്കാം. ലോകകപ്പിനരികെ ഇന്ത്യന്‍ സ്വപ്നങ്ങളെ കുഴിച്ചുമൂടിയ ശവപറമ്പുകൂടിയാണീ മൈതാനം. 2019 ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റത് ഈ പിച്ചിലാണ്. റണ്ണൗട്ടായി കരഞ്ഞുകൊണ്ട് ധോനി മടങ്ങിയത് ഈ മണ്ണിലാണ്... മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഏറ് സ്റ്റമ്പില്‍ക്കൊള്ളുമ്പോള്‍ ധോനിയും ക്രീസും തമ്മില്‍ 15 സെന്റീമീറ്ററേ വ്യത്യാസമുണ്ടായിരുന്നുള്ളു...! ഈ മൈതാനത്താണ് ബുധനാഴ്ച ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ്.
സമനിലകളുടെ ഇന്ത്യ
ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇതുവരെ 88 ടെസ്റ്റുകള്‍ കഴിഞ്ഞു. വിജയികളുടെ പട്ടികയില്‍ പക്ഷേ, 'ഇന്ത്യ' എന്ന പേരില്ല. വിസ്സി എന്നറിയപ്പെട്ടിരുന്ന വിജയാനന്ദ അഥവാ വിജയനഗരത്തിലെ മഹാരാജാവിന്റെ ക്യാപ്റ്റന്‍സിയില്‍മുതല്‍ മഹേന്ദ്രസിങ് ധോനിയുടെ ക്യാപ്റ്റന്‍സിയില്‍വരെ ഒന്‍പത് ടെസ്റ്റുകള്‍ ഇന്ത്യ ഇവിടെ കളിച്ചിട്ടുണ്ട്. ഓള്‍ഡ് ട്രഫോര്‍ഡിലെ 36 സമനിലകളില്‍ അഞ്ചെണ്ണം ഇന്ത്യയുടെ പേരിലാണ്. പക്ഷേ, 1990-ല്‍ സച്ചിന്‍ സെഞ്ചുറി നേടിയശേഷം ഒരൊറ്റ ഇന്ത്യന്‍ ബാറ്ററും ഇവിടെ സെഞ്ചുറിയടിച്ചിട്ടില്ല. പറഞ്ഞിട്ടുകാര്യമില്ല പതിനേഴാം വയസ്സില്‍ കളിച്ചതല്ലാതെ, വിരമിക്കുന്നതുവരെ സച്ചിന്‍ ഈ പിച്ചില്‍ കളിച്ചിട്ടില്ല. സച്ചിന്‍ വിരമിച്ചതിന്റെ തൊട്ടടുത്തവര്‍ഷമാണ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇവിടെ കളിക്കാനെത്തിയത്. അതായത് 24 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം.
ഒരേയൊരു ജഡ്ഡു
ധോനിയുടെ ടീമിന്റെ അന്നത്തെ അവസ്ഥ ദയനീയമായിരുന്നു. ഇന്നിങ്‌സിനും 54 റണ്‍സിനുമാണ് അന്ന് പരാജയപ്പെട്ടത്. ആദ്യ ഇന്നിങ്‌സില്‍ 152-ഉം രണ്ടാമിന്നിങ്‌സില്‍ 161-ഉം ആയിരുന്നു ഇന്ത്യന്‍ സ്‌കോറുകള്‍. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 367-ന് അടുത്തെത്താന്‍ ഇന്ത്യക്കായില്ല. അന്നത്തെ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ആണ് ഇന്നത്തെ ഇന്ത്യയുടെ കോച്ച്. അന്ന് ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ രവീന്ദ്ര ജഡേജയാണ് ഈ പിച്ചില്‍ ഒരിക്കലെങ്കിലും കളിച്ചുപരിചയമുള്ള ഇന്നത്തെ ഇന്ത്യന്‍ ടീമിലെ ഏക കളിക്കാരന്‍.
നൂറ്റാണ്ടിന്റെ പന്ത്
ഓള്‍ഡ് ട്രഫോര്‍ഡില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് മൂന്ന് പേസര്‍മാരാണ്. അലെക് ബെഡ്‌സര്‍ (51 വിക്കറ്റുകള്‍), സ്റ്റ്യുവര്‍ട്ട് ബ്രോഡ് (46), പിന്നെ ഹോം ബോയ് ജെയിംസ് ആന്‍ഡേഴ്‌സണ്‍ (38). ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഫാസ്റ്റ് ബൗളര്‍ ബോബ് വില്ലിസും ലെഗ് സ്പിന്നര്‍ ആദില്‍ റഷീദുമാണ് ഈ ഗ്രൗണ്ടിലെ വിക്കറ്റ് വേട്ടക്കാര്‍. ഇരുവരും 15 വിക്കറ്റുകള്‍ വീതംനേടി. ഇതേ ഗ്രൗണ്ടിലാണ് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ 'നൂറ്റാണ്ടിന്റെ പന്ത്' എറിഞ്ഞത്. 1993-ല്‍ ഇംഗ്ലണ്ട് ബാറ്റര്‍ മൈക്ക് ഗാറ്റിങ്ങിന്റെ ഇടതുവശത്തിനും അപ്പുറമായി കുത്തിയ പന്ത് നല്ലൊരു ടേണെടുത്ത് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. ആ എന്‍ഡില്‍നിന്ന് ഇന്നാര്‍ക്കും പന്തെറിയാനാകില്ല, കാരണം പത്തുവര്‍ഷംമുന്നേ പിച്ച് 90 ഡിഗ്രി മാറ്റിക്കളഞ്ഞു. അന്ന് കിഴക്ക്-പടിഞ്ഞാറായിരുന്ന പിച്ച്, ഇന്ന് തെക്ക്-വടക്കാണ്.
റിസ്‌ക്കി ഓള്‍ഡ് പേസ്
സ്പിന്നിനപ്പുറം ഓള്‍ഡ് ട്രഫോര്‍ഡ് പിച്ച് എന്നും പേസര്‍മാരോടാണ് കൂട്ടുകൂടിയിരിക്കുന്നത്. സ്വിങ്ങും ബൗണ്‍സും ഉറപ്പുള്ള പിച്ചുകളായിരുന്നു ഇതുവരെ. ബാസ് ബോള്‍ ക്രിക്കറ്റിനായി ഇന്ത്യക്കുമുന്നില്‍ ഇതുവരെ 'ഫ്‌ളാറ്റ്' പിച്ചുകള്‍ ഒരുക്കിയ ഇംഗ്ലണ്ട്, ഓള്‍ഡ് ട്രഫോര്‍ഡില്‍ എന്തായിരിക്കും കാത്തുവെച്ചിട്ടുണ്ടാവുക എന്നത് വലിയൊരു സര്‍പ്രൈസാണ്. ജോഫ്രാ ആര്‍ച്ചര്‍ തിരിച്ചുവന്നതോടെ ഇംഗ്ലണ്ട് പേസിന് മൂര്‍ച്ചകൂടിയിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആര്‍ച്ചറിനുമുന്നില്‍ വിറയ്ക്കുകയും ചെയ്തു. ആ 'മൂര്‍ച്ച' പിച്ചില്‍ കുറയ്ക്കാന്‍ അവര്‍ ഒരുപക്ഷേ, തയ്യാറായേക്കില്ല. ഓള്‍ഡ് ട്രഫോര്‍ഡിന്റെ പിച്ചിന് 'ഓള്‍ഡ്' കാലത്തെ പേസില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്ക് അതേര്‍ട്ടണ്‍ പറയുന്നത്. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരും രണ്ടുപേസര്‍മാരുമായി ഇറങ്ങണമെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, മൂന്നാം പേസറെ ഒഴിവാക്കുന്നത് ഓള്‍ഡ് ട്രഫോര്‍ഡില്‍ വലിയൊരു 'റിസ്‌ക്ക്' ആണ്.
Content Highlights: India faces England astatine Old Trafford, a crushed etched with Sachin`s century








English (US) ·