ഗുവാഹത്തിയിൽനിന്ന് ബെംഗളൂരുവിലേക്ക് ‘പറന്ന്’ സഞ്ജു സാംസൺ; ലക്ഷ്യം വിക്കറ്റ് കീപ്പിങ്ങിന് അനുമതി, ക്യാപ്റ്റൻ സ്ഥാനം!

9 months ago 8

ഓൺലൈൻ ഡെസ്‌ക്

Published: March 31 , 2025 05:42 PM IST

1 minute Read

സഞ്ജു സാംസണും ഭാര്യ ചാരുലതയും (ഫയൽ ചിത്രം)
സഞ്ജു സാംസണും ഭാര്യ ചാരുലതയും (ഫയൽ ചിത്രം)

ബെംഗളൂരു∙ കൈവിരലിനു പരുക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ മലയാളി താരം സ‍ഞ്ജു സാംസൺ, വിക്കറ്റ് കീപ്പിങ്ങിന് അനുമതി തേടി ബെംഗളൂരുവിലേക്ക് പോയി. ഗുവാഹത്തിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനു പിന്നാലെയാണ്, ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് പോയത്. ഐപിഎലിന്റെ ആദ്യ ഘട്ടത്തിൽ ബാറ്റിങ്ങിന് അനുമതി ലഭിച്ചിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ജോലിയിൽനിന്ന് താരത്തെ വിലക്കിയിരുന്നു. ഇതോടെ ആദ്യ മൂന്നു മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ സഞ്ജു, രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം റിയാൻ പരാഗിന് കൈമാറുകയും ചെയ്തു.

ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനാകുന്ന സഞ്ജു, സമ്പൂർണ ഫിറ്റ്നസ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സഞ്ജുവിന്റെ അഭാവത്തിൽ ആദ്യ മൂന്നു മത്സരങ്ങളിൽ യുവതാരം ധ്രുവ് ജുറേലാണ് രാജസ്ഥാനായി വിക്കറ്റ് കീപ്പറായത്. ആദ്യ മൂന്നു മത്സരങ്ങളിൽനിന്ന് ഒരേയൊരു ജയം സഹിതം 2 പോയിന്റുമായി പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ. മൂന്നു മത്സരങ്ങളിലും രാജസ്ഥാനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു, ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല.

ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അർധസെഞ്ചറിയുമായി (66) സീസണിന് തുടക്കമിട്ട സഞ്ജു, അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 13 റൺസെടുത്ത് പുറത്തായി. ചെന്നൈ സൂപ്പർ കിങ്സിനെതിരെ രാജസ്ഥാൻ ജയിച്ച മത്സരത്തിൽ 20 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇനി ഏപ്രിൽ അഞ്ചിന് ചണ്ഡിഗഡിൽ പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.

മുംബൈയി‍ൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 മത്സരത്തിനിടെ ജോഫ്ര ആർച്ചറുടെ പന്തുകൊണ്ടാണ് സഞ്ജു സാംസന്റെ കൈവിരലിനു പരുക്കേറ്റത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ മൈനർ ശസ്ത്രക്രിയയ്ക്കു വിധേയനായ സഞ്ജുവിന്റെ റിക്കവറി നടപടികൾ പൂർണമാകാത്ത സാഹചര്യത്തിലാണ് ഐപിഎലിനു മുന്നോടിയായി വിക്കറ്റ് കീപ്പർ ജോലി ചെയ്യുന്നത് വിലക്കിയത്. ബാറ്റിങ്ങിന് അനുമതി നൽകിയെങ്കിലും വിക്കറ്റ് കീപ്പിങ്ങിനും ഫീൽഡിങ്ങിനും ഇറങ്ങുന്നതിനു മു‍ൻപു വിരലുകൾക്കു കുറച്ചു വിശ്രമംകൂടി വേണമെന്ന നിലപാടിലായിരുന്നു ബിസിസിഐ.

English Summary:

Sanju Samson travels to Centre of Excellence to question clearance to support wickets

Read Entire Article