ഗുസ്തി ചാംപ്യൻ സോംവീർ പഹൽവാൻ വാങ്ങിയ തോക്ക്, ഇന്ത്യയ്ക്ക് സമ്മാനിച്ചത് ചരിത്ര സ്വർണം

1 month ago 5

മനോരമ ലേഖകൻ

Published: September 30, 2026 02:52 PM IST

1 minute Read

WhatsAppImage2026-09-30at11-25-59AM-jpeg

പ്രഫഷനൽ ഗുസ്തിയിൽനിന്നു വിരമിച്ച ശേഷമാണ്, മുൻ ദേശീയ ചാംപ്യൻ സോംവീർ പഹൽവാന് കൃഷിയിൽ കമ്പം കയറുന്നത്. ഹരിയാനയിലെ ജിന്ദയിലുള്ള തന്റെ കുടുംബവീടിനു സമീപം കൃഷി തുടങ്ങി. വിളയിറക്കിയതിനു പിന്നാലെ വന്യജീവിശല്യം രൂക്ഷമായത് സോംവീറിനെ പ്രതിസന്ധിയിലാക്കി. ഇതോടെ, വിള തിന്നാനെത്തുന്ന മൃഗങ്ങളെ തുരത്താൻ അദ്ദേഹം ഒരു ഡബിൾ ബാരൽ തോക്ക് വാങ്ങി. പക്ഷേ അന്നു താൻ വാങ്ങിയ തോക്ക്, വർഷങ്ങൾക്കിപ്പുറം ഏഷ്യൻ ഗെയിംസ് ട്രാപ് ഷൂട്ടിങ്ങിൽ രാജ്യത്തിന് ഒരു സ്വർണ മെഡൽ സമ്മാനിക്കുമെന്ന് സോംവീർ ചിന്തിച്ചിരിക്കില്ല! ഇന്നലെ, ഏഷ്യൻ ഗെയിംസ് ട്രാപ് ഷൂട്ടിങ്ങിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടത്തിന്റെ നെറുകയിലെത്തിയ നീരു ദണ്ഡ, സോംവീറിന്റെ സഹോദരപുത്രിയാണ്! ഷൂട്ടിങ്ങിൽ നീരു തന്റെ ബാലപാഠങ്ങൾ അഭ്യസിച്ചതാവട്ടെ, മൃഗങ്ങളെ ഓടിക്കാൻ സോംവീർ വാങ്ങിയ ഡബിൾ ബാരൽ ഗൺ ഉപയോഗിച്ചും!

ലക്ഷ്യ നൽകിയ ലക്ഷ്യം

സോംവീറിന്റെ മകനും 2018 ഏഷ്യൻ ഗെയിംസ് ട്രാപ് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ ജേതാവുമായ ലക്ഷ്യ ഷിയോറനെ കണ്ടാണു നീരുവും തോക്കെടുക്കുന്നത്. സോംവീറിന്റെ തോക്കുപയോഗിച്ചാണു ലക്ഷ്യ ആദ്യ കാലത്തു പരിശീലനം നടത്തിയത്. ഇതേവഴിയിലൂടെയാണു നീരുവും ഷൂട്ടിങ്ങിലേക്കു കടന്നുവരുന്നത്. ലക്ഷ്യ പ്രഫഷനലായി ഷൂട്ടിങ് പരിശീലനം ആരംഭിച്ചതോടെ സോംവീറിന്റെ തോക്ക് നീരുവിന് ലഭിച്ചു. തുടക്കത്തിൽ, വീട്ടുമതിലിൽ നിരത്തിവച്ച നെയ് ടിന്നുകളിലായിരുന്നു നീരു ഉന്നം പരീക്ഷിച്ചിരുന്നത്. ഷൂട്ടിങ്ങിൽ നീരുവിന്റെ വൈഭവം കണ്ട സോംവീറാണ്, ലക്ഷ്യയ്ക്കു പിന്നാലെ നീരുവിനെയും വിദഗ്ധ പരിശീലനത്തിനായി മധ്യപ്രദേശിലേക്കയച്ചത്. പിന്നാലെ കരസേനയിൽ ജോലിയും ലഭിച്ചതോടെ ലക്ഷ്യയുടെ വഴിയേ നീരുവും പ്രഫഷനൽ ഷൂട്ടിങ്ങിൽ സജീവമായി.

പനി പടിക്കുപുറത്ത്

ഗെയിംസിനു 10 ദിവസം മുൻപ്, കലശലായ പനിമൂലം ഭോപാലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നീരു. 5 ദിവസത്തോളം കാര്യമായ ഭക്ഷണംപോലും കഴിക്കാനായില്ല. ഇതോടെ, ഗെയിംസിൽനിന്നു പിൻമാറുന്ന കാര്യംപോലും ആലോചിച്ചിരുന്നു. പരിശീലകൻ മൻശേർ സിങ്ങിന്റെ നിർബന്ധപ്രകാരമാണ്, ഗെയിംസിൽ പങ്കെടുക്കാൻ നീരു തീരുമാനിക്കുന്നത്. ‘നടന്നതും നടക്കുന്നതുമായ കാര്യങ്ങൾ മറന്നേക്കൂ, ലക്ഷ്യത്തെക്കുറിച്ചു മാത്രം ആലോചിക്കൂ എന്നായിരുന്നു ആശുപത്രിയിൽവച്ച് മൻശേർ സാർ എന്നോടു പറഞ്ഞത്. ആ വാക്കുകളാണ് എന്നെ ഇവിടെവരെ എത്തിച്ചത്’– സ്വർണനേട്ടത്തിനു പിന്നാലെ നീരു പറഞ്ഞു.

English Summary:

Neeru Dhanda, a descendant of erstwhile wrestler Somveer Pahalwan, made past by becoming the archetypal Indian pistillate to triumph an idiosyncratic golden medal successful trap shooting astatine the Asian Games. Her travel to this accomplishment began unexpectedly with her uncle's repurposed double-barrel gun, initially utilized for deterring wildlife from his farm.

Read Entire Article