'ഗെയിം ചെയ്ഞ്ചർ നിർമിക്കരുതായിരുന്നു, തെറ്റുപറ്റി, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'

6 months ago 6

Dil Raju

നിർമാതാവ് ദിൽ രാജു, ​ഗെയിം ചെയ്ഞ്ചർ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram, x

തെന്നിന്ത്യയിലെ ബി​ഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഷങ്കറും തെലുങ്ക് സൂപ്പർതാരവുമായ രാംചരൺ തേജയും ഒരുമിച്ച ചിത്രമായിരുന്നു ​ഗെയിം ചെയ്ഞ്ചർ. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രം വൻപരാജയമാണ് ബോക്സോഫീസിൽ നേരിട്ടത്. റിലീസ് ചെയ്ത് ആറുമാസത്തിനുശേഷം ചിത്രത്തിന്റെ നിർമാതാവ് ദിൽ രാജു ക്ഷമാപണം പോലെ പറഞ്ഞ വാക്കുകൾ ചലച്ചിത്രലോകത്ത് ചർച്ചയാവുകയാണ്. ​ഗെയിം ചെയ്ഞ്ചർ എന്ന ചിത്രത്തിന്റെ പരാജയം തന്നെ പല പാഠങ്ങളും പഠിപ്പിച്ചെന്ന് ദിൽ രാജു പറഞ്ഞു. രാംചരണ് ഒരു ഹിറ്റ് നൽകാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ വരാനിരിക്കുന്ന ചിത്രം 'തമ്മുടു'വിന്റെ പ്രചാരണത്തിന്റെ ഭാഗമായി എം9 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദിൽ രാജു ഇക്കാര്യം പറഞ്ഞത്. വലിയ സിനിമകൾ ചെയ്യുമ്പോഴും വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോഴും ഈ പ്രശ്നം എപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമയുടെ കാര്യത്തിലോ ദിൽ രാജു എന്ന നിർമാതാവിന്റെ കാര്യത്തിലോ മാത്രമല്ല. ഇത് മിക്ക വലിയ സിനിമകളിലും സംഭവിക്കുന്നു. ഗെയിം ചെയ്ഞ്ചർ സിനിമയുടെ ദൈർഘ്യം നാലര മണിക്കൂറായിരുന്നു എന്ന് എഡിറ്റർ നൽകിയ പ്രസ്താവന സത്യമാണ്. എന്നാൽ സിനിമ സംവിധാനം ചെയ്യുന്നത് ഒരു വലിയ സംവിധായകനായതുകൊണ്ട്, നമുക്ക് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

“പ്രശ്നം എന്തെന്നാൽ, നമ്മൾ ഇടപെട്ടാൽ കാര്യങ്ങൾ കുഴപ്പത്തിലാകും. ഒരു തെറ്റ് സംഭവിക്കുകയാണെങ്കിൽ, അത് തടയേണ്ടത് നിർമ്മാതാവിന്റെ ഉത്തരവാദിത്തമാണ്, അത് ഞാൻ ചെയ്തില്ല. അതിനാൽ ഞാൻ ഇതിനെ എന്റെ പരാജയമായി കണക്കാക്കുന്നു. ഞാൻ ഇത് അംഗീകരിക്കേണ്ടിയിരിക്കുന്നു. വലിയ സംവിധായകർക്കൊപ്പം അത്തരം പ്രോജക്റ്റുകൾ ഞാനേറ്റെടുക്കാൻ പാടില്ലായിരുന്നു. ഞാൻ വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കുകയാണെങ്കിൽ, ചുരുങ്ങിയത് എന്റെ കാര്യങ്ങൾ കരാറിൽ വ്യക്തമായി സൂചിപ്പിക്കണം, അത് എനിക്ക് കഴിഞ്ഞില്ല.” ദിൽ രാജു പറഞ്ഞു.

ആർആർആർ എന്ന ചിത്രത്തിലൂടെ ആ​ഗോളശ്രദ്ധ നേടിയ രാംചരണിന് തന്റെ ചിത്രത്തിലൂടെ ഒരു ഹിറ്റ് നൽകാനായില്ലെന്ന വിഷമവും അദ്ദേഹം പങ്കുവെച്ചു. “100% എനിക്ക് ഖേദമുണ്ട്. എനിക്ക് മാനസികമായി വിഷമം തോന്നി, പക്ഷേ അത് എന്റെ കൈകളിലായിരുന്നില്ല. ഇത്തവണ കാര്യങ്ങൾ എന്റെ കൈവിട്ടുപോയി, എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി.” ദിൽ രാജുവിന്റെ വാക്കുകൾ.

കിയാര അദ്വാനി, അഞ്ജലി, എസ്.ജെ. സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം, സമുദ്രക്കനി എന്നിവരായിരുന്നു ​ഗെയിം ചെയ്ഞ്ചറിലെ മറ്റുപ്രധാനവേഷങ്ങളിൽ. തമൻ ആയിരുന്നു സം​ഗീത സംവിധാനം.

Content Highlights: Dil Raju reveals `Game Changer`s` archetypal runtime was 4.5 hours

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article