Published: November 02, 2025 03:56 PM IST
1 minute Read
ബെംഗളൂരു ∙ വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ വനിതകൾ ഇന്നു ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുമ്പോൾ കിലോമീറ്ററുകൾക്ക് ഇപ്പുറത്തുനിന്ന് ഇതാ ഇന്ത്യയ്‌ക്കൊരു ശുഭസൂചന. ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്ക എ ടീമിനെ വീഴ്ത്തിയാണ് ഗേൾസിന്, ബോയ്‌സിന്റെ വക ഒരു ‘സാംപിൾ’ നൽകിയിരിക്കുന്നത്. ചതുർദിന ടെസ്റ്റിൽ മൂന്നു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ വീഴ്ത്തിയത്. രണ്ടാം ഇന്നിങ്സിൽ 275 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, നാലാം ദിനം രണ്ടാം സെഷനിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. സ്കോർ: ദക്ഷിണാഫ്രിക്ക് എ– 309 &199, ഇന്ത്യ എ– 234 & 277/7
സെഞ്ചറിക്ക് പത്തു റൺസ് അകലെ വീണ ക്യാപ്റ്റൻ ഋഷഭ് പന്ത് (113 പന്തിൽ 90), ആയുഷ് ബദോനി(34), വാലറ്റത്ത് പൊരുതിയ തനുഷ് കോട്ടിയാൻ (23), മാനവ് സുഥാർ (20*), അൻഷുൽ കംബോജ് (37*) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ ജയിച്ചത്. രണ്ട് ഇന്നിങ്സുകളിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ തനുഷ് കോട്ടിയാനാണ് മത്സരത്തിലെ താരം.
4ന് 119 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ഇന്നിങ്സിനെ ഋഷഭ് പന്തും ആയുഷ് ബദോനിയും ചേർന്നു കരുതലോടെ മുന്നോട്ടു കൊണ്ടുപോയി. ആദ്യ സെഷനിൽ വിക്കറ്റു വീഴാതെ ഇരുവരും കാത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തു. സെഞ്ചറിക്കു പത്തു റൺസ് അകലെ പന്തിനെ വീഴ്ത്തി ടിയാൻ വാൻ വുറനാണ് കൂട്ടുകെട്ട് പൊളിച്ചത്.
നാലു ഫോറും 11 സിക്സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. അധികം വൈകാതെ ബദോനിയും വീണു. പിന്നീടെത്തി തനുഷ് കോട്ടിയാൻ 20 റൺസെടുത്ത് മടങ്ങിയെങ്കിലും എട്ടാം വിക്കറ്റിൽ ഒന്നിച്ച, മാനവ് സുഥാർ– അൻഷുൽ കംബോജ് സഖ്യം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അൻഷുൽ, 2 സിക്സും നാലു ഫോറും അടിച്ചപ്പോൾ, മാനവിന്റെ ബാറ്റിൽനിന്നു പിറന്നത് മൂന്നു ഫോർ.
സായ് സുദർശൻ (12), ദേവ്‌ദത്ത് പടിക്കൽ (12), രജത് പാട്ടീദാർ (28) എന്നിവർക്കാർക്കും രണ്ടാം ഇന്നിങ്സിലും തിളങ്ങാനായില്ല. ആദ്യ ഇന്നിങ്സിൽ അർധസെഞ്ചറി നേടിയ ആയുഷ് മാത്രെ 6 റൺസെടുത്തു പുറത്തായി. നേരത്തെ, രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക എ, 199 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തി തനുഷ് കോട്ടിയാൻ, മൂന്നു വിക്കറ്റെടുത്ത അൻഷുൽ കാംബോജ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഗൂർനൂർ ബ്രാർ എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
37 റൺസ് വീതം എടുത്ത ലെസേഗോ സെനൊക്വാനെ, സുബൈര്‍ ഹംസ എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്കോറർമാർ. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ ലീഡ് വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്ക എയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 309 റൺസ് പിന്തുടർന്ന ഇന്ത്യ എ 234ന് ഓൾഔട്ടായി. 65 റൺസ് നേടിയ ഓപ്പണർ ആയുഷ് മാത്രെ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.
English Summary:








English (US) ·