ഗോകുലം കേരള കിരീടപ്രതീക്ഷയുമായി അവസാന മത്സരത്തിന്: പരിശീലകൻ ടി.എ. രഞ്ജിത് സംസാരിക്കുന്നു

9 months ago 8

വി.മിത്രൻ

വി.മിത്രൻ

Published: April 04 , 2025 08:16 AM IST

1 minute Read

ഗോകുലം കേരള പരിശീലകൻ ടി.എ.രഞ്ജിത്
ഗോകുലം കേരള പരിശീലകൻ ടി.എ.രഞ്ജിത്

കോഴിക്കോട്∙ ഗോകുലം കേരളയ്ക്ക് ഇതു പുനർജന്മമാണ്. വലിയ പ്രതീക്ഷകളോടെ തുടങ്ങിയ സീസണിന്റെ തുടക്കത്തിൽ വൻപരാജയങ്ങളിൽ വീണുപോയ ടീം വീണ്ടുമൊരിക്കൽക്കൂടി കിരീടപ്രതീക്ഷയിലാണിപ്പോൾ. വൻതോൽവികളുടെ തുടർച്ചയായി സ്പാനിഷ് കോച്ച് അന്റോണിയോ റുവേദയെ പുറത്താക്കിയ ഗോകുലം ടീമിന്റെ സഹപരിശീലകനായിരുന്ന എറണാകുളം സ്വദേശി ടി.എ. രഞ്ജിത്തിനെ പകരം ചുമതയേൽപിച്ചത് ആകസ്കമികമായിരുന്നു.

രഞ്ജിത്തിനു കീഴിൽ ഫെബ്രുവരി 16ന് ഡൽഹി എഫ്സിയെ 6–3ന് തോൽപിച്ചു ഗോകുലം തുടങ്ങിവച്ച ഗംഭീര തിരിച്ചുവരവാണിപ്പോൾ കിരീടനേട്ടത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കുന്നത്. ഇന്ത്യൻ അണ്ടർ 16 ടീമിന്റെ സഹപരിശീലകനായിരുന്ന രഞ്ജിത്ത് കെപിഎൽ കിരീടം നേടിയ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ പരിശീലകനുമായിരുന്നു.  ഗോകുലത്തിന്റെ ഐ ലീഗ്, ഐഎസ്എൽ പ്രതീക്ഷകളെക്കുറിച്ച് രഞ്ജിത്ത് സംസാരിക്കുന്നു:

ഐ ലീഗിൽ കിരീടപ്പോരാട്ടം കനക്കുകയാണ്. എന്താണ് മുഖ്യപരിശീലകന്റെ പ്രതീക്ഷ?ഐ ലീഗിൽ ഗോകുലത്തിന് ഒരു മത്സരം കൂടിയേ ബാക്കിയുള്ളൂ. അതിൽ ജയിക്കുകയെന്നതാണ് പ്രധാനലക്ഷ്യം. ഇതിനായി വിദേശ താരങ്ങളും ഇന്ത്യൻതാരങ്ങളും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പരിശീലിക്കുകയാണ്.

പാതിവഴിയി‍ൽ വച്ചു ലഭിച്ച പരിശീലനച്ചുമതല വെല്ലുവിളിയായിരുന്നോ?ഐ ലീഗിൽ എട്ടു മത്സരങ്ങൾ ബാക്കിനിൽക്കുമ്പോഴാണ് പരിശീലകനായത്. അവിടെനിന്ന് 2–ാം സ്ഥാനം വരെ ഗോകുലം എത്തി. ടീമിന്റെ ഒറ്റക്കെട്ടായ പരിശ്രമമാണ് ഇതിനു പിന്നിൽ. ടീം മഞ്ചേരി സ്റ്റേഡിയത്തിൽ കഠിനപരിശ്രമത്തിലാണ്.

ഐ ലീഗ് ജേതാക്കളായി ഐഎസ്എലിൽ കളിക്കുകയെന്നതു ഞങ്ങളുടെ സ്വപ്നമാണ്. ബ്ലാസ്റ്റേഴ്സിനൊപ്പം രണ്ടാമത്തെ കേരള ടീമായി ഗോകുലം കൂടി ഐഎസ്എലിൽ വന്നാൽ കേരള ഫുട്ബോളിൽ വലിയ മാറ്റങ്ങൾ സംഭവിക്കും.

ആരാധക പിന്തുണ എങ്ങനെ?

ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. ഗോകുലത്തിന്റെ ആരാധകർ ആർപ്പുവിളിയും പിന്തുണയുമായി ഗാലറിയിൽ എത്തണം. അവരുടെ പിന്തുണ വളരെ പ്രധാനമാണ്. ഗോകുലത്തിനു മികച്ചൊരു ആരാധകക്കൂട്ടായ്മയുണ്ട്. 

English Summary:

Gokulam Kerala's Stunning Comeback: A last propulsion for victory

Read Entire Article